Saturday, September 26, 2026
Home » ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം യുഎസ് തള്ളി; യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാൻ.
ഇറാൻ അമേരിക്ക

ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം യുഎസ് തള്ളി; യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാൻ.

by Editor

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാന് മേലുള്ള ബോംബാക്രമണം പുനരാരംഭിക്കാൻ ട്രംപ് തന്റെ സഹായികൾക്ക് നിർദേശം നൽകിയതായി ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഖത്തർ വഴി യുഎസിന് കൈമാറിയ സമാധാന പദ്ധതിയാണ് ട്രംപ് നിരസിച്ചത്. പേർഷ്യൻ ഗൾഫിലെയും ഇറാന്റെ തുറമുഖങ്ങളിലെയും യുഎസ് നാവിക ഉപരോധം നീക്കുക. അമേരിക്ക മരവിപ്പിച്ചു വച്ചിരിക്കുന്ന ഇറാന്റെ 12 ബില്യൺ ഡോളറിന്റെ ആസ്തികൾ ഉടനടി വിട്ടുനൽകുക. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ 7 ദിവസത്തേക്ക് ശത്രുത പൂർണ്ണമായി അവസാനിപ്പിക്കുക. ഈ വ്യവസ്ഥകൾ പാലിച്ചാൽ ഏഴാം ദിവസം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ആണവ ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്യാം എന്നായിരുന്നു ഇറാൻ മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ.

എന്നാൽ ഉപരോധം നീക്കാൻ യുഎസ് പ്രസിഡന്റിന് യാതൊരു ഉദ്ദേശവുമില്ലെന്ന് ട്രംപ് ഭരണകൂടം ഇറാനെയും ഖത്തറിനെയും അറിയിച്ചു. തുടർച്ചയായ സാമ്പത്തിക സമ്മർദ്ദത്തിലൂടെ ഇറാന് മേൽ മേൽക്കോയ്മ നേടാനാകുമെന്നാണ് അമേരിക്ക കരുതുന്നത്. അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യം ഇറാന്റെ കാര്യത്തിലുള്ള തൻ്റെ നിലപാടിനെ സ്വാധീനിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കുന്നതിനിടെ ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ആണവായുധം കൈവശം വെക്കില്ലെന്നത് മാത്രമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ നിലവിൽ യുദ്ധത്തിൽ മേൽക്കൈ നേടിയിട്ടുണ്ടെന്നും, ഇറാന് വീണ്ടും സംഘടിക്കാനുള്ള അവസരം നൽകില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.

അതേസമയം അമേരിക്കയോ ഇസ്രായേലോ വീണ്ടും ആക്രമണം നടത്തിയാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ സൈനിക ഉപദേശകൻ യഹ്യ റഹീം സഫാവി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മഹാസമുദ്രത്തിലുള്ള യുഎസ് യുദ്ധക്കപ്പലുകളെ ലക്ഷ്യമിടാൻ തക്ക ശേഷിയുള്ള മിസൈലുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. അതിനിടെ യുദ്ധത്തിൽ തകർന്ന ആയുധശേഖരം പുനഃസ്ഥാപിക്കാൻ റഷ്യ ഇറാനെ വൻതോതിൽ സഹായിക്കുന്നതായി യൂറോപ്യൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യൻ കപ്പലുകൾ കാസ്പിയൻ കടൽ വഴി ഡ്രോൺ ഘടകങ്ങളും സ്ഫോടകവസ്തുക്കളും ഇറാനിലെ അമിറാബാദ് തുറമുഖത്ത് എത്തിക്കുന്നുണ്ട്. ഇതിനുപുറമെ, ചൈനയിൽ നിന്നും വൻതോതിൽ ഡ്രോണുകളും മിസൈലുകളും ഇറാന് ലഭിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഐക്യരാഷ്ട്രസഭയിൽ നടക്കുന്നുണ്ടെങ്കിലും, ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്. യുഎസ് ഏർപ്പെടുത്തിയ സാമ്പത്തിക-വ്യോമയാന ഉപരോധങ്ങളെത്തുടർന്ന് ഇറാൻ കൂടുതൽ ഒറ്റപ്പെടുകയാണ്. യുഎഇ, ഒമാൻ, ഇറാഖ്, അസർബൈജാൻ, ജോർജിയ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ വിമാനത്താവളങ്ങളിൽ ഇറാന്റെ എയർലൈനുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

യു.എൻ പൊതുസഭയിൽ ഇറാൻ പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ യു. എസ് പ്രതിനിധി സംഘം ഇറങ്ങിപ്പോയി.

Send your news and Advertisements

You may also like

error: Content is protected !!