അങ്കാറ: പാക്കിസ്ഥാനും സൗദി അറേബ്യയും തുർക്കിയും ചേർന്ന് രൂപപ്പെടുത്തിയ മക്ക സംയുക്ത പ്രതിരോധ കരാറിൽ (Mecca Joint Defence Agreement) ഈജിപ്റ്റും പങ്കാളിയായേക്കുമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാൻ. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ ദീർഘവീക്ഷണപ്രകാരം ഈ സഖ്യം മൂന്ന് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങേണ്ടതല്ലെന്നും, മേഖലയിലെ സമാധാനത്തിന് വേണ്ടി ഈജിപ്റ്റ് ഉൾപ്പെടെയുള്ള കൂടുതൽ രാജ്യങ്ങളെ ഇതിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ചില സാങ്കേതിക തടസങ്ങൾ നീങ്ങുന്നതോടെ ഈജിപ്റ്റും ഈ പ്രതിരോധ സഖ്യത്തിൻ്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉടമ്പടിയെക്കുറിച്ച് ഈജിപ്റ്റ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഈജിപ്ഷ്യൻ ഭരണഘടനയനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് സൈന്യത്തെ അയക്കുന്നതിന് പാർലമെന്റിന്റെ പ്രത്യേക അനുമതി ഉൾപ്പെടെയുള്ള കർശനമായ വ്യവസ്ഥകൾ നിലവിലുണ്ട്. ‘മക്ക സംയുക്ത പ്രതിരോധ കരാർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉടമ്പടിയിൽ വെള്ളിയാഴ്‌ചയാണ് പാക്കിസ്ഥാനും സൗദിയും തുർക്കിയും ഒപ്പു വെച്ചത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾക്കിടയിലാണ് ഈ പുതിയ പ്രതിരോധ കൂട്ടായ്മ രൂപം കൊണ്ടിരിക്കുന്നത്.
ഈ സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം സഖ്യത്തിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ഹകൻ ഫിദാൻ വ്യക്തമാക്കി. നാറ്റോയുടെ ആർട്ടിക്കിൾ അഞ്ചിന് സമാനമായ പരസ്‌പര പ്രതിരോധ വ്യവസ്ഥയാണിതെന്നും ഈ പുതിയ പ്രതിരോധ സഖ്യം ഇറാനെയോ മറ്റ് ഏതെങ്കിലും പ്രത്യേക രാജ്യത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും ഫിദാൻ പറഞ്ഞു. അംഗ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പൊതുവായ പ്രതിബദ്ധതയാണിത്. ഏതെങ്കിലും അംഗരാജ്യം ആക്രമിക്കപ്പെടാത്ത പക്ഷം മറ്റൊരു രാജ്യത്തെയും ഭീഷണിയായി കണക്കാക്കില്ല. ഏതെങ്കിലും അംഗം ആക്രമിക്കപ്പെട്ടാൽ നൽകേണ്ട സഹായത്തിൻ്റെ രീതിയെക്കുറിച്ചും അളവിനെക്കുറിച്ചും രാജ്യങ്ങൾ തമ്മിൽ കൂടിയാലോചനകൾ നടത്തും. നിലവിലുള്ള മറ്റ് സുരക്ഷാ ക്രമീകരണങ്ങൾക്ക് പകരമല്ല ഈ സഖ്യമെന്നും തുർക്കി വ്യക്തമാക്കി.
രണ്ട് വർഷവും എട്ട് മാസവുമായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഈ കരാർ യാഥാർത്ഥ്യമായത്. സഖ്യത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സൗദി അറേബ്യ ആസ്ഥാനമായി ഒരു ജനറൽ സെക്രട്ടേറിയറ്റും നാറ്റോ മാതൃകയിലുള്ള ഒരു മന്ത്രിതല സമിതിയും രൂപീകരിക്കുമെന്നാണ് പുറത്തു വരുന്ന സൂചന.
മക്ക സംയുക്ത പ്രതിരോധ കരാറിനോട് ലോകരാജ്യങ്ങളും പ്രാദേശിക ശക്തികളും മിശ്ര പ്രതികരണങ്ങളാണ് രേഖപ്പെടുത്തുന്നത്. മേഖലയിൽ ഭീകരതയ്‌ക്കെതിരെയും സമാധാനത്തിനായും രൂപീകരിച്ച ഈ പ്രതിരോധ സഖ്യത്തെ ചില രാജ്യങ്ങൾ സ്വാഗതം ചെയ്തപ്പോൾ, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. തുർക്കിയും പാക്കിസ്ഥാനും തങ്ങളുടെ ഭീഷണിയിൽ നിന്ന് സൗദിക്ക് സുരക്ഷ ഉറപ്പാക്കില്ലെന്നും, ഇതൊരു കടലാസ് ഉടമ്പടി മാത്രമാണെന്നും ഇറാന്റെ പാർലമെന്ററി സുരക്ഷാ കമ്മീഷൻ അംഗങ്ങൾ പരിഹസിച്ചു. വിദേശ ശക്തികളെ ആശ്രയിക്കാതെ മുസ്ലിം രാജ്യങ്ങൾ സ്വന്തം സുരക്ഷ സ്വയം ഉറപ്പാക്കണമെന്നും “യഥാർത്ഥ സാഹോദര്യം” വളർത്തണമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ചി ആവശ്യപ്പെട്ടു.
ഇന്ത്യ ഈ പുതിയ സൈനിക കൂട്ടായ്മയെ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ആണവായുധ ശേഷിയുള്ള പാക്കിസ്ഥാൻ പശ്ചിമേഷ്യൻ സുരക്ഷാ സഖ്യത്തിന്റെ ഭാഗമാകുന്നത് ഇന്ത്യയുടെ തന്ത്രപ്രധാന താൽപ്പര്യങ്ങളെയും കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ അന്താരാഷ്ട്ര നിലപാടുകളെയും എങ്ങനെ ബാധിക്കുമെന്നത് ന്യൂഡൽഹി വിലയിരുത്തുന്നുണ്ട്. ദശാബ്ദങ്ങളായി പശ്ചിമേഷ്യയിൽ യു.എസ് നൽകിവരുന്ന സുരക്ഷാ ഗ്യാരണ്ടികളിലുള്ള വിശ്വാസം കുറയുന്നതിന്റെ തെളിവാണ് ഈ പുതിയ സഖ്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമേഷ്യയിൽ ഇസ്രായേലിനെയും അറബ് രാജ്യങ്ങളെയും ഒന്നിപ്പിച്ചു നിർത്താനുള്ള അമേരിക്കൻ താല്പര്യങ്ങൾക്ക് ഈ കരാർ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
മക്ക പ്രതിരോധ ഉടമ്പടിയെ ചരിത്രപരമായ ചുവടുവെപ്പെന്ന് സൊമാലിയ വിശേഷിപ്പിച്ചു. മലേഷ്യ, അസർബൈജാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും ഈ സഖ്യത്തോട് അനുകൂലമായ നിലപാടാണ് പുലർത്തുന്നത്.
കരിങ്കടലിൽ വാണിജ്യക്കപ്പലുകളെ തുർക്കി തടയുന്നു; സമുദ്ര മേഖലയിലെ വെടിനിർത്തലിന് ആഹ്വാനം

