Sunday, August 9, 2026
Home » ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല
രമേശ്.

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

by Editor

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ നാടല്ല, സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് അർജുൻ ആയങ്കിയുടെ അനുഭവമാവും ഉണ്ടാവുകയെന്നും പറഞ്ഞു.

ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ സർക്കാർ പ്രതിജ്ഞബദ്ധമാണ്. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലുമുള്ള ഗുണ്ടകൾ, സാമൂഹിക വിരുദ്ധർ, കാപ്പാ (KAAPA) കേസ് പ്രതികൾ എന്നിവരുടെ കൃത്യമായ ലിസ്റ്റ് തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓണക്കാലം കൂടി മുൻിർത്തി നടപടികൾ ഊർജിതമാക്കും. ഏത് സംരക്ഷണം കിട്ടിയാലും ഇത്തരം ആളുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

കേരളം ഗുണ്ടകളുടെ പറുദീസയല്ല, മനപൂർവം പ്രശ്‌നമുണ്ടാക്കുന്നവർ ആരായാലും ശരി, കർശന നടപടി ഉണ്ടാകും. മുൻ മുഖ്യമന്ത്രി തന്നെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞു. പിന്നീട് ജയരാജൻ തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളം അത്തരമൊരു നാട് അല്ല, ഗുണ്ടകൾ മാത്രമല്ല ഗുണ്ടകളെ പോറ്റി വളർത്തുന്ന ആളുകൾക്കെതിരെയും നടപടിയെടുക്കും. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ സംഘങ്ങൾക്ക് എതിരെയും നടപടിയുണ്ടാകും. നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

അർജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടൊന്നുമില്ലെന്നും അവൻ തന്നെയാണ് കറങ്ങിയതെന്നും എഡിജിപി പി.വിജയൻ പറഞ്ഞു. കേരള പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെയും ലോക്കൽ പൊലീസിന്റെയും അടക്കം കൂട്ടായ വിജയമാണ് അറസ്റ്റിനു പിന്നിൽ. പൊലീസിനെ വെല്ലുവിളിക്കുക എന്നാൽ സമൂഹത്തെ വെല്ലുവിളിക്കുക എന്നാണ്. ആ പോസ്‌റ്റുകൾക്ക് ലൈക്ക് അടിച്ചവർക്കും കമന്റിട്ടവർക്കെതിരെയും പിന്നാലെ വരും. സമൂഹത്തെ വെല്ലുവിളിച്ച് ഇനി ഒരു ആയങ്കിമാരും ഉണ്ടാകരുത്. ജാമ്യം ലഭിക്കാത്ത കേസുകളും അർജുൻ ആയങ്കിയ്ക്കെതിരെ ഉണ്ട്. ആയങ്കി മാത്രമല്ല, ഒരു ഗുണ്ടയ്ക്കും വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാകാൻ പാടില്ല. കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നവരുടെ ഒരു ലിസ്‌റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ആ ലിസ്‌റ്റ് വഴി ഓപ്പറേഷൻ പ്ലാൻ ചെയ്യുന്ന സമയത്താണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടായത്. ഇന്നലെ രാത്രി 10 മണി വരെ 55 പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ ആയങ്കിയുടെ കൂട്ടാളികളും അല്ലാത്തവരുമുണ്ട്. ഇന്ന് കൂടുതൽ പേരെ കസ്‌റ്റഡിയിലെടുക്കുമെന്നും എഡിജിപി പറഞ്ഞു. പൊലീസിനെ വെല്ലുവിളിക്കാൻ അനുവദിക്കരുതെന്ന നിലപാടാണ് ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതെന്നും പി. വിജയൻ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!