ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്കയ്ക്ക് മുന്നിൽ ആറ് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഒമാനുമായി ചേർന്ന് പുതിയ കപ്പൽ പാതയൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ്, യുഎസ് തങ്ങളുടെ പെരുമാറ്റം തിരുത്തണമെന്നാവശ്യപ്പെട്ട് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഖർ സോൾഘദർ ഈ ആവശ്യങ്ങൾ പരസ്യമാക്കിയത്.
- ഇറാനെതിരെ ഒരു തരത്തിലുമുള്ള ഭീഷണികളോ രാജ്യത്തിന്റെ ദേശീയ-മതപരമായ മൂല്യങ്ങളെ അവഹേളിക്കുന്ന നടപടികളോ ഉണ്ടാകരുത്.
- ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പൂർണ്ണമായി നീക്കണം.
- ഇറാന്റെ അതിർത്തികൾക്ക് ചുറ്റുമുള്ള യുഎസിന്റെ വ്യോമ-നാവിക സൈനിക വ്യൂഹങ്ങളെ അടിയന്തരമായി പിൻവലിക്കണം.
- കഴിഞ്ഞ യുദ്ധങ്ങളിലൂടെ ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക പൂർണ്ണമായ നഷ്ടപരിഹാരം നൽകണം.
- ഇറാനും ലബനൻ, ഫലസ്തീൻ, യെമൻ, ഇറാഖ് തുടങ്ങിയ മേഖലകളിലെ ഇറാന്റെ സഖ്യകക്ഷികൾക്കും നേരെയുള്ള സൈനിക നീക്കങ്ങളും യുദ്ധവും യുഎസ് സ്ഥിരമായി അവസാനിപ്പിക്കണം.
- ഇറാനെതിരെയുള്ള നിയമവിരുദ്ധമായ സാമ്പത്തിക ഉപരോധങ്ങൾ നീക്കുകയും, വിവിധ വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ നിബന്ധനകളില്ലാതെ വിട്ടുനൽകുകയും വേണം. എന്നിവയാണ് ആവശ്യങ്ങൾ
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഒമാനുമായി ചേർന്ന് പുതിയൊരു താൽക്കാലിക പ്രോട്ടോക്കോൾ രൂപീകരിക്കുന്നതിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണ്. എന്നാൽ കപ്പൽ പാത തുറക്കണമെങ്കിൽ യുഎസ് ഈ 6 ആവശ്യങ്ങൾ അംഗീകരിച്ചേ തീരൂ എന്ന് ഇറാൻ വ്യക്തമാക്കുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചർച്ചകൾ മധ്യഘട്ടത്തിലാണെന്ന് സൂചിപ്പിച്ചെങ്കിലും, ഇറാന്റെ ഈ പുതിയ ആവശ്യങ്ങളോട് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം നിർത്താതെയും ആണവക്കരാറിൽ അന്തിമ തീരുമാനമാകാതെയും ഉപരോധങ്ങൾ നീക്കില്ലെന്നാണ് മുൻപ് യുഎസ് വ്യക്തമാക്കിയിട്ടുള്ളത്.
നിലവിലെ സംഘർഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെയുള്ള ദിവസങ്ങളിൽ ഏകദേശം 30 കപ്പലുകൾക്ക് മാത്രമാണ് ഹോർമുസ് കടന്നുപോകാനായത് എന്നാണ് റിപ്പോർട്ടുകൾ. ചെങ്കടലിൽ ഹൂതികളും ഹോർമുസിൽ ഇറാനും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞത്.
സൗദി അറേബ്യയും തുർക്കിയും പാക്കിസ്ഥാനും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവച്ചു

