Saturday, September 19, 2026
Home » നടൻ സുധീർ: ഓർമ്മ
നടൻ സുധീർ: ഓർമ്മ

നടൻ സുധീർ: ഓർമ്മ

ആർ. ഗോപാലകൃഷ്ണൻ

by Editor

ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമയിലെ മഹാനടനായ സത്യന്റെ അപ്രതീക്ഷിത അന്ത്യം. നമ്മുടെ സിനിമാരംഗം ഒന്നു പകച്ചുപോയ കാലം: എന്നാൽ, നമ്മുടെ സിനിമയിൽ പുത്തൻ പ്രവണതകളും പുതിയ മുഖങ്ങളും കടന്നുവന്ന കാലം കൂടിയാണത്.

പ്രമുഖ നടന്മാരായ പ്രംനസീറും മധുവും രംഗത്ത് സജീവമായി ഉള്ളപ്പോൾ തന്നെ, ധാരാളം പുതുമുഖ നടന്മാർ കടന്നുവന്നു: കൊടിയേറ്റം ഗോപി, രവി മേനോൻ, സുകുമാരൻ, വിൻസെന്റ്, ഡോ. മോഹൻദാസ്, രാഘവൻ, സുധീർ, സത്താർ, എം.ജി. സോമൻ, ജയൻ തുടങ്ങിയവരെല്ലാം എഴുപതുകളുടെ സംഭാവനകൾ എന്ന് പൊതുവെ പറയാം…. ഇവരിൽ ചിലർ പ്രശസ്തിയുടെ കൊടുമുകൾ കീഴടക്കിയപ്പോൾ മറ്റു പലരും പരിമതമായ ചില സിനിമകളിൽ ഒരുങ്ങിപ്പോകുകയാ അല്ലങ്കിൽ മികവിന്റെ തലത്തിൽ കീർത്തി നേടാതെ പോകുകയോ ആണുണ്ടായത്….

നിഴലാട്ടം‘ (1970) എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടൻ സുധീർ, സത്യന് ഒരു പകരക്കാരൻ എന്ന് ആദ്യകാലത്ത് സിനിമാ മാദ്ധ്യങ്ങൾ വിശേഷിപ്പിക്കപ്പെട്ടങ്കിലും ആ തലത്തിൽ എത്താൻ കഴിയാതെ തന്നെ മുഖ്യധാരയിൽ നിന്ന് തള്ളപ്പെട്ടു. നൂറിൽപരം സിനിമകളിൽ ചെറുതും വലുതമായ വേഷങ്ങൾ ചെയ്തങ്കിലും അദ്ദേഹം കൂടുതൽ ഓർക്കപ്പെടുന്നത് ആദ്യകാല സിനിമകളുടെ പേരിലാണ്.

ജില്ല ജഡ്ജിയായിരുന്ന പടിയത്ത് പി.എ. മൊഹിയുദ്ദീനിന്റെ മകനായി പടിയത്ത് അബ്ദുൾ റഹിം കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. (ജന്മവർഷം കണ്ടെത്താനായില്ല) സിനിമാ താല്പര്യം മൂലം വീട്ടുകാരുടെ ആഗ്രഹത്തിന് എതിരായി തന്നെ കലാരംഗത്ത് എത്തിയപ്പോഴാണ് ‘സുധീർ’ എന്ന പേര് സ്വീകരിച്ചത്.

മുൻ സൂചിപ്പിച്ചതു പോലെ അദ്ദേഹം ‘നിഴലാട്ടം‘ (1970) എന്ന സിനിമയിലൂടെ നടനായി; എങ്കിലും 1972-ൽ ഇറങ്ങിയ ‘ചെമ്പരത്തി‘ എന്ന പി.എൻ. മേനോൻ ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. ഇതേ ടീമിന്റെ ‘ചായ‘ത്തിൽ നായകനായി; ‘റാഗിങ്ങി‘ലും മുഖ്യ വേഷം ചെയ്തു. രണ്ടും വലിയ വിജയമായില്ല.

സത്യനെ നായകനായി സേതുമാധവന്റെ മാത്രം സംവിധാനത്തിൽ സിനിമാ ചെയ്തു പ്രശസ്തിയും വാണിജ്യവിജയവും നേടിയ മഞ്ഞിലാസിൻ്റെ ബാനറിൽ സത്യനു ശേഷം ഇറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ, ‘കലിയുഗ‘ത്തിൽ (1973), സുധീർ നായകനായി. ആ സിനിമയിൽ സത്യൻ നടിച്ചിരുന്ന കഥാപാത്രങ്ങളെപ്പോലെ പരുക്കനായ നായകനെയാണ് സുധീർ അവതരിപ്പിക്കാൻ ശ്രമിച്ചതെങ്കിലും ‘കലിയുഗ‘ത്തിന്റെ പരാജയം സുധീറിന്റെ കരിയറിലും നിഴൽ പരത്തി. സത്യന് പകരം എന്ന് അദ്ദേഹത്തെ ചില സിനിമകളിൽ അവതരിപ്പിച്ചതാണ് ദോഷമായത്.

എന്നാൽ, ആ വർഷം തന്നെ ഇറങ്ങിയ ‘സ്വപ്നം‘ എന്ന ഒരു സുധീർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ വിജയിച്ചു; അതുകൊണ്ട് സുധീറിന് പുതിയ സിനിമകൾ കിട്ടിക്കൊണ്ടിരുന്നു. ‘സ്വപ്ന‘ത്തിന്റെ സംവിധായകൻ തന്നെ ചെയ്ത,1975-ൽ വന്ന ‘സത്യത്തിന്റെ നിഴലിൽ‘ എന്ന സിനിമയിലെ അഭിനയത്തിന് സുധീറിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുകയും ചെയ്തു. എങ്കിലും പ്രധാന കഥാപാത്രങ്ങളായുള്ള വേഷങ്ങൾ സുധീറിനെ തേടി അധികം എത്തിയിരുന്നില്ല.

സുധീർ നായകനായും വില്ലനായും സഹനടനുമായി നൂറിലധികം മലയാള സിനിമകകൾ വന്നു. തീര്‍ത്ഥയാത്ര, ചെണ്ട, മനസ്സ്‌, കാലചക്രം, അച്ചാണി, പൂന്തേനരുവി, ചന്ദനച്ചോല, ചലനം, മിസ്സി, അഗ്നി പുഷ്പം, തെമ്മാടി വേലപ്പന്‍, തുലാവര്‍ഷം, സിന്ദൂരം, നിറകുടം, യത്തീം, അന്തപുരം, ബന്ധം എന്നിവയെല്ലാം സുധീറിന്റെ കുറയൊക്കെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങങ്ങളാണ്‌.

1970-ൽ തമിഴിൽ പുറത്തിറങ്ങിയ ശിവാജി ഗണേശൻ നായകനായ ‘രാമൻ എത്തിനൈ രാമനെടീ‘ എന്ന സിനിമയിലും ആസാദ് സംവിധാനം ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ (1980) എന്നീ ചിത്രങ്ങളിൽ ചെറിയ കഥാപാത്രമാണെങ്കിലും മികച്ച ഭാവാഭിനയത്തോടെ സുധീർ അഭിനയിച്ചു.

കോമഡി നല്ല രീതിയിൽ ചെയ്തിരുന്ന ഒരു നടൻ കൂടിയായിരുന്നു അദ്ദേഹം. ഹണിമൂൺ, ‘ഹലോ ഡാർലിംഗ്’, ‘ചന്ദനച്ചോല’, ‘ലൗ ലെറ്റർ’ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം.

ഇതിനു പുറമെ തമിഴ് ചിത്രങ്ങളായ ‘ഭൈരവി‘യിൽ (1978) രജനീകാന്തിനൊപ്പം ഉപനായകനായും ‘ശൊന്ന നമ്പമാ‘യിൽ നായകനായും അഭിനയിച്ചു.

ചലച്ചിത്രനടി ഖദീജയെ വിവാഹം ചെയ്തിരുന്നെങ്കിലും ആ ബന്ധം താമസിയാതെ വേർപിരിഞ്ഞു. (ഖദീജ,77-ാം വയസ്സിൽ, 2017 ജൂലൈ 26-നാണ് അബ്ബുദ ബാധിതയായി കൊച്ചിയിൽ അന്തരിച്ചത്.) തുടർന്ന് സഫിയയെ വിവാഹം കഴിച്ചു. ഇവർക്ക് ഒരു മകനാണ് ഉള്ളത്.

2004 സെപ്റ്റംബർ 17-ന്, സുധീർ അന്തരിച്ചു.

ആർ. ഗോപാലകൃഷ്ണൻ

Send your news and Advertisements

You may also like

error: Content is protected !!