കോഹാറ്റ്: പാക്കിസ്ഥാനിൽ വെള്ളിയാഴ്ച (18 സെപ്റ്റംബർ 2026) ജുമുഅ നമസ്കാരത്തിനിടെ ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള കോഹാറ്റ് ജില്ലയിലെ പോലീസ് ലൈൻസ് കോംപ്ലക്സിലുള്ള മസ്ജിദിലാണ് ഈ ദാരുണമായ ചാവേറാക്രമണം നടന്നത്.
പൊലീസ് ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്ന പള്ളിയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പള്ളിയിലേക്ക് ഇടിച്ചുകയറ്റിയാണ് ഭീകരർ ആക്രമണം നടത്തിയത്. സ്ഫോടനത്തിന് പിന്നാലെ ആയുധധാരികളായ ഭീകരരും സുരക്ഷാസേനയും തമ്മിൽ ശക്തമായ വെടിവയ്പും ഉണ്ടായി എന്നും റിപ്പോർട്ടുകൾ ഉണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ വലിയൊരു ഭാഗവും അതിന്റെ മേൽക്കൂരയും തകർന്നുവീണു. കൊല്ലപ്പെട്ട 27 പേരിൽ 15 പേർ പോലീസ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റ 103 പേരിൽ 73 പേരും പോലീസുകാരാണ്. നിരവധി പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശുപത്രി അധികൃതർ ആശങ്കപ്പെടുന്നു.
ആക്രമണത്തിൽ പങ്കെടുത്ത ഏഴ് ഭീകരരെയും സുരക്ഷാ സേന വധിച്ചതായി പോലീസ് അറിയിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അപലപിച്ചു. മരണത്തിൽ ദുഖം രേഖപ്പെടുത്തിയ അദ്ദേഹം, രക്ഷാപ്രവർത്തനം ഊർജിതമാക്കാനും അധികൃതരോട് നിർദേശിച്ചു. സ്ഫോടനത്തെ അപലപിച്ച മുഖ്യമന്ത്രി സൊഹൈൽ അഫ്രീദിയും ഗവർണർ ഫൈസൽ കരീം കുൻഡിയും പരിക്കേറ്റവർക്ക് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
ഈ ദാരുണമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാൻ താലിബാന്റെ (TTP) ഒരു വിഭാഗമായ ‘ഇത്തേഹാദുൽ മുജാഹിദീൻ’ എന്ന സംഘടനയാണെന്ന് അവർ അവകാശപ്പെട്ടു. താലിബാൻ കമാൻഡറായ ഹാഫിസ് ഗുൽ ബഹാദൂറുമായി ബന്ധമുള്ള ഗ്രൂപ്പാണിത്. തുടക്കത്തിൽ പ്രധാന ടിടിപി (Tehrik-e-Taliban Pakistan) നേതൃത്വം ആക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിരുന്നെങ്കിലും, അവരുടെ ഉപവിഭാഗം പിന്നീട് ഇത് സ്ഥിരീകരിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പാകിസ്താന്റെ അതിർത്തി പ്രദേശങ്ങളിൽ (പ്രത്യേകിച്ച് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ) അടുത്ത മാസങ്ങളിലായി സുരക്ഷാ സേനയെയും പോലീസിനെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സുരക്ഷിത താവളമൊരുക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. എന്നാൽ അഫ്ഗാൻ താലിബാൻ ഇത് നിഷേധിക്കുകയും ഇത് പാക്കിസ്ഥാന്റെ ആഭ്യന്തര പ്രശ്നം മാത്രമാണെന്ന് നിലപാട് എടുക്കുകയും ചെയ്യുന്നു.
ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാക്കിസ്ഥാൻ ലോക്ക്ഡൗണിലേക്ക്, കടുത്ത നിയന്ത്രണങ്ങൾ.

