Friday, September 18, 2026
Home » യു.എസ് താരിഫ് ഭീഷണി: 140 കോടി ജനങ്ങളാണ് വലുത്; റഷ്യൻ എണ്ണ വാങ്ങുന്നതു തുടരുമെന്ന് ഇന്ത്യ
ഇന്ത്യ യുഎസ് റഷ്യ

യു.എസ് താരിഫ് ഭീഷണി: 140 കോടി ജനങ്ങളാണ് വലുത്; റഷ്യൻ എണ്ണ വാങ്ങുന്നതു തുടരുമെന്ന് ഇന്ത്യ

by Editor

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ ഉയർന്ന തീരുവ ചുമത്താൻ ലക്ഷ്യമിട്ട് യു.എസ് ജനപ്രതിനിധി സഭ ഉപരോധ ബിൽ പാസാക്കിയ സാഹചര്യത്തിൽ ശക്തമായ നിലപാടുമായി ഇന്ത്യ. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും, രാജ്യത്തിൻ്റെ വ്യാപാര, സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഉയർന്ന തീരുവ (Tariff) ചുമത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം. യു.എസിന്റെ ഏകപക്ഷീയമായ ഈ തീരുവ നീക്കം ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെയും അന്താരാഷ്ട്ര ഊർജ്ജ വിപണിയുടെ സ്ഥിരതയെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്ത്യ വാഷിംഗ്ടണിന് വ്യക്തമായ മുന്നറിയിപ്പ് നൽകി. യുഎസിലെ നിയമനിർമാണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിലെ തുടർ സംഭവ വികാസങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യു.എസ് നടപടി ഉഭയകക്ഷി ബന്ധത്തിലും അന്താരാഷ്ട്ര ഊർജ്ജ വിപണിയിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കഴിഞ്ഞ മാസങ്ങളിൽ അമേരിക്കൻ പ്രതിനിധികളുമായി നടന്ന ചർച്ചകളിൽ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ ഇന്ത്യയിലെ വ്യാപാര, വ്യവസായ സംഘടനകളുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

2022-ലെ യുക്രെയ്ൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ, കുറഞ്ഞ നിരക്കിൽ ലഭ്യമായ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വൻതോതിൽ വാങ്ങാൻ ആരംഭിച്ചു. നിലവിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 30 മുതൽ 50 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. റഷ്യൻ എണ്ണ പെട്ടെന്ന് നിർത്തലാക്കുന്നത് രാജ്യത്തെ ഇന്ധനവില കുതിച്ചുയരാൻ കാരണമാകുമെന്നതിനാലാണ് അമേരിക്കൻ ഭീഷണിക്കുമേൽ വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്.

എന്താണ് യു.എസ് ബില്ല്?

അമേരിക്കൻ സെനറ്റ് നേരത്തെ പാസാക്കിയ ‘ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ (Lindsey O. Graham Sanctioning Russia and Iran Act of 2026) എന്ന ബില്ലിനാണ് ഇപ്പോൾ യു.എസ് പ്രതിനിധി സഭയും അംഗീകാരം നൽകിയിരിക്കുന്നത്. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയുടെ ഊർജ്ജ വരുമാനം പൂർണ്ണമായി ഇല്ലാതാക്കുകയാണ് യു.എസിന്റെ ലക്ഷ്യം.

റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, തുർക്കി, സ്ലോവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 100% വരെ അധിക നികുതി ചുമത്താൻ ഈ ബില്ലിലൂടെ അമേരിക്കൻ പ്രസിഡന്റിന് അധികാരം ലഭിക്കും. ഈ ബില്ലിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവെക്കുന്നതോടെ ഇത് നിയമമായി മാറും.

Send your news and Advertisements

You may also like

error: Content is protected !!