ഇസ്ലാമബാദ്: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് പാക്കിസ്ഥാനിൽ കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും. ഇതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാൻ ‘പെട്രോളിയം സ്മാർട്ട് ലോക്ക്ഡൗൺ’ (Petroleum Smart Lockdown) ഉൾപ്പെടെയുള്ള കർശനമായ ചെലവുചുരുക്കൽ നടപടികൾ പാക് സർക്കാർ ആരംഭിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സർക്കാർ രാജ്യമൊട്ടാകെ കർശനമായ ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിവാഹ സൽക്കാരങ്ങളിൽ ഒരു പ്രധാന വിഭവം മാത്രം വിളമ്പാനും വിപണികളും മാളുകളും നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാനും പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
വ്യാഴാഴ്ച്‌ച പുറപ്പെടുവിച്ച സർക്കാർ വിജ്‌ഞാപനത്തിലൂടെ ഇന്ധനം വെട്ടിക്കുറയ്ക്കൽ, ഉദ്യോഗസ്‌ഥരുടെ വിദേശ യാത്രാ നിരോധനം തുടങ്ങിയവയ്ക്ക് മൂന്ന് മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇക്കാലയളവിൽ മന്ത്രിമാർ അടക്കമുള്ളവർക്ക് അത്യാവശ്യമെങ്കിൽ മാത്രം ഇക്കോണമി ക്ലാസിൽ വിദേശ യാത്രയ്ക്ക് അനുമതിയുണ്ട്. വിദേശ പ്രതിനിധികൾക്കായി നടത്തുന്നവ ഒഴികെ, സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ള ഔദ്യോഗിക ഡിന്നറുകളും വിരുന്നുകളും പൂർണ്ണമായി നിരോധിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന ഇന്ധനത്തിന്റെ അളവ് മൂന്ന് മാസത്തേക്ക് 50 ശതമാനം കുറയ്‌ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
എല്ലാ വിവാഹ സൽക്കാരങ്ങളിലും ചടങ്ങുകളിലും ഒരു പ്രധാന വിഭവം മാത്രമേ വിളമ്പാൻ പാടുള്ളൂ. വലിയ ബുഫേകളും ധൂർത്തും പൂർണ്ണമായി നിരോധിച്ചു. കൂടാതെ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം പരമാവധി 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കടകളും വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും രാത്രി 9 മണിക്ക് തന്നെ അടയ്ക്കണം (ചില മുൻ നിർദ്ദേശങ്ങളിൽ 8 മണി പരിഗണിച്ചിരുന്നെങ്കിലും പുതിയ വിജ്ഞാപനത്തിൽ രാത്രി 9 മണിയാണ് നിശ്ചയിച്ചിരിക്കുന്നത്). അതേസമയം മരുന്നുകടകൾ പോലുള്ള അത്യാവശ്യ സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹ ഹാളുകൾ രാത്രി 10 മണിക്കും റെസ്റ്റോറന്റുകൾ 11 മണിക്കും അടയ്ക്കണം.
ഈ നിയമങ്ങൾ ലംഘിക്കുന്ന വിവാഹ ഹാളുടമകൾക്കും കച്ചവടക്കാർക്കും എതിരെ വൻ തുക പിഴ ഈടാക്കാനും സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്യാനും വിജ്ഞാപനത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ പാക്കിസ്ഥാനിൽ പെട്രോൾ വില ലിറ്ററിന് 390.79 രൂപയും ഹൈസ്പീഡ് ഡീസൽ ലിറ്ററിന് 424.92 രൂപയും ആണ്. മണ്ണെണ്ണ ലിറ്ററിന് 324.35 രൂപയും എൽ പി ജി കിലോഗ്രാമിന് 258.65 രൂപയുമാണ്. അന്താരാഷ്ട്ര എണ്ണവിപണിയിലെ വിലവർധനയാണ് നിരക്ക് ഉയർത്താൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടിയത്. ഇതിനിടെ, മോട്ടോർസൈക്കിളുകൾ, റിക്ഷകൾ, 800 സിസി വരെ എൻജിൻ ശേഷിയുള്ള കാറുകൾ എന്നിവയ്ക്ക് ലിറ്ററിന് 100 പാക്കിസ്ഥാൻ രൂപയുടെ ഇന്ധന ആശ്വാസ പദ്ധതി സെപ്റ്റംബർ 17 മുതൽ രാജ്യവ്യാപകമായി നടപ്പാക്കിയിട്ടുണ്ട്.

