ടോക്കിയോ: ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ (Centenarians) എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 1,07,677 പേർ നൂറാം വയസ്സ് പിന്നിട്ട് ജീവിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിൽ 88 ശതമാനവും സ്ത്രീകളാണ്.
ക്യോട്ടോയിൽ നിന്നുള്ള ഫുയോ കിഷിമോട്ടോ (114 വയസ്സ്) ആണ് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ. കുമാമോട്ടോയിൽ നിന്നുള്ള ഹികാരു കാറ്റോ (112 വയസ്സ്) ഏറ്റവും പ്രായം കൂടിയ പുരുഷനുമാണ്. 1963-ൽ ജപ്പാനിൽ ആദ്യമായി ഈ കണക്കെടുപ്പ് ആരംഭിക്കുമ്പോൾ നൂറ് വയസ്സ് തികഞ്ഞവർ വെറും 153 പേർ മാത്രമായിരുന്നു. എന്നാൽ 1981-ൽ ഇത് 1,000 വും, 1998-ൽ 10,000 വും കടന്ന് കുതിക്കുകയായിരുന്നു.
കൊഴുപ്പ് കുറഞ്ഞതും മത്സ്യം, പച്ചക്കറികൾ എന്നിവ അടങ്ങിയതുമായ പരമ്പരാഗത ജാപ്പനീസ് ഭക്ഷണരീതി, നടത്തം ഉൾപ്പെടെയുള്ള സജീവമായ ജീവിതശൈലി, ലോകോത്തര നിലവാരമുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങൾ എന്നിവയാണ് ജപ്പാൻകാരുടെ ഈ ദീർഘായുസ്സിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വയറ് 80 ശതമാനം നിറയുമ്പോൾ തന്നെ ഭക്ഷണം കഴിക്കുന്നത് നിർത്തുക എന്നത് ജാപ്പനീസ് രീതിയാണ്. ഇത് അമിതമായി ആഹാരം കഴിക്കുന്നത് തടയുന്നു. ഒരൊറ്റ വിഭവത്തിന് പകരം പലതരം വിഭവങ്ങൾ ചെറിയ അളവിൽ കഴിക്കുന്നതാണ് ഇവരുടെ രീതി. ഒരു പ്രധാന ഭക്ഷണത്തിൽ സാധാരണയായി ചോറ്, സൂപ്പ്, മൂന്ന് തരം സൈഡ് ഡിഷുകൾ (ഒരു പ്രധാന പ്രോട്ടീനും രണ്ട് പച്ചക്കറി വിഭവങ്ങളും) എന്നിവ അടങ്ങിയിരിക്കും. ഭക്ഷണത്തിൽ അമിതമായി മസാലകളോ എണ്ണയോ ചേർക്കാറില്ല. ചേരുവകളുടെ സ്വാഭാവിക രുചി നിലനിർത്താനാണ് അവർ താല്പര്യപ്പെടുന്നത്. അമിതമായി വറുത്തോ പൊരിച്ചോ ജാപ്പനീസ് വിഭവങ്ങൾ ഉണ്ടാക്കാറില്ല.
ജാപ്പനീസ് ഭക്ഷണത്തിൽ ഇറച്ചിയേക്കാൾ കൂടുതൽ മത്സ്യത്തിനാണ് പ്രാധാന്യം. പ്രോട്ടീൻ സമ്പുഷ്ടമായ ടോഫു (Tofu), മിസോ (Miso – സോയാബീൻ പേസ്റ്റ്), നാറ്റോ (Natto) എന്നിവ ഇവരുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും സഹായിക്കുന്ന പ്രോബയോട്ടിക്സ് അടങ്ങിയ അച്ചാറുകളും മിസോ സൂപ്പും ഇവർ ധാരാളമായി ഉപയോഗിക്കുന്നു. ഭക്ഷണത്തിന് ശേഷവും പകലുടനീളവും ഇവർ ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ജാപ്പനീസ് ഗ്രീൻ ടീ കുടിക്കുന്നു.
പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നത് സന്തോഷകരമാണെങ്കിലും, ജപ്പാൻ നേരിടുന്ന കടുത്ത ജനസംഖ്യാ ഇടിവും കുറഞ്ഞ ജനനനിരക്കും (നിലവിലെ പ്രത്യുത്പാദന നിരക്ക് 1.14) രാജ്യത്തിന് വലിയ സാമൂഹിക-സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 30 ശതമാനത്തോളം ഇപ്പോൾ 65 വയസ്സിന് മുകളിലുള്ളവരാണ്. ഇത് രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ, ആരോഗ്യ സംവിധാനങ്ങൾക്ക് വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്

