ചെന്നൈ: കാനഡ, അമേരിക്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്ന് പുനരുപയോഗത്തിനുള്ള പേപ്പർ എന്ന വ്യാജേന തമിഴ്‌നാട്ടിലെ തൂത്തുക്കുടി (ടുട്ടിക്കോറിൻ) തുറമുഖത്ത് എത്തിച്ച വലിയ തോതിലുള്ള നഗരമാലിന്യങ്ങൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തിരുന്നു. പുനരുപയോഗത്തിനായി ശിവകാശിയിലെ പേപ്പർ മില്ലുകൾ ഓർഡർ ചെയ്ത കണ്ടെയ്‌നറുകളിലാണ് പേപ്പറിന് പകരം വൻതോതിൽ പ്ലാസ്റ്റിക് കുപ്പികൾ, കാനുകൾ, ഉപയോഗിച്ച പ്ലാസ്റ്റിക് ബാഗുകൾ, തെരുവ് മാലിന്യങ്ങൾ എന്നിവ കണ്ടെത്തിയത്.
ഈ കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, ഇത്തരം മാലിന്യങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് “ഭാരതമാതാവിനോട് ചെയ്യുന്ന രാജ്യദ്രോഹത്തിന്” തുല്യമാണെന്ന് നിരീക്ഷിച്ചു. പിടിച്ചെടുത്ത ഈ മാലിന്യങ്ങൾ ഇന്ത്യയിൽ സംസ്കരിക്കാനോ മറ്റ് വികസ്വര രാജ്യങ്ങളിലേക്ക് അയക്കാനോ പാടില്ലെന്നും, അവ 60 ദിവസത്തിനകം അയച്ച രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചയക്കണമെന്നും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ കമ്പനികൾ പ്രതിദിനം 50,000 രൂപ വീതം പരിസ്ഥിതി നഷ്ടപരിഹാരം നൽകണം.
വികസിത രാജ്യങ്ങൾ അവരുടെ അനാവശ്യ മാലിന്യങ്ങൾ വികസ്വര രാജ്യങ്ങളിലേക്ക് തള്ളി പരിസ്ഥിതി ആഘാതം മറ്റ് രാജ്യങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന പ്രവണതയ്‌ക്കെതിരെ കോടതി ശക്തമായ മുന്നറിയിപ്പ് നൽകി. ഇന്ത്യയെ വിദേശ രാജ്യങ്ങളുടെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നത് തടയാൻ തുറമുഖങ്ങളിൽ പരിശോധന കർശനമാക്കണമെന്നും ആഭ്യന്തരമായി പേപ്പർ മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് റീസൈക്ലിങ്ങിന് ലഭ്യമാക്കാനുള്ള നയങ്ങൾ രൂപീകരിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

