മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ-സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ പ്രഖ്യാപനങ്ങളുമായി ബോളിവുഡ് താരങ്ങൾ. അലിയ ഭട്ടും ഭർത്താവ് രൺബീർ കപൂറും 20 സ്‌കൂളുകൾ നവീകരിക്കാൻ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചപ്പോൾ, 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകുമെന്ന് രൺവീർ സിംഗും അറിയിച്ചു.
ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (BMC) നിർദേശപ്രകാരം തിരഞ്ഞെടുക്കുന്ന 20 സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കാനുമാണ് അലിയ ഭട്ടും ഭർത്താവ് രൺബീർ കപൂറും ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അലിയ ഭട്ട് ഈ വിവരം അറിയിച്ചത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് തിരികെ നൽകുക എന്ന ആശയത്തിന് പിന്തുണയേകാനാണ് ഈ നവീകരണ പദ്ധതി ഏറ്റെടുക്കുന്നതെന്ന് താരം വ്യക്തമാക്കി.
‘സേവാ സങ്കൽപ് അഭിയാൻ’ ക്യാമ്പയിന്റെ ഭാഗമായി ബോളിവുഡ് താരം രൺവീർ സിംഗ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് പൂർണ്ണമായും ഏറ്റെടുത്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടൻ ഈ വലിയ ജീവകാരുണ്യ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ക്യാമ്പയിനിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് രൺവീർ സിംഗ് വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെടുന്ന 1,000 പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ഫണ്ടാണ് താരം നൽകുന്നത്. വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് തുല്യമായ അവസരങ്ങൾ ഒരുക്കുക എന്നതാണ് ഈ നന്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ച സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായാണ് താരങ്ങളുടെ പ്രഖ്യാപനം. പ്രധാനമന്ത്രി മോദിക്ക് ജന്മദിനാശംസകളുമായി സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, മോഹൻലാൽ, കങ്കണ റണാവത്ത്, ജാക്കി ഷ്‌റോഫ് തുടങ്ങിയ താരങ്ങളും സാമൂഹ്യമാധ്യമങ്ങളിലെത്തി. പ്രധാനമന്ത്രിയുടെ ജന്മദിനവും പൊതുജീവിതത്തിലെ 25 വർഷവും പ്രമേയമാക്കി സംഘടിപ്പിക്കുന്ന സേവാ സങ്കൽപ് അഭിയാൻ ഒരു മാസം നീണ്ടു നിൽക്കും. വിവിധ പൊതുസേവന പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്നത്.
76-ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനം വിപുലമായി ആഘോഷമാക്കാൻ ബിജെപി

