നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിന് പുതിയ ഭീഷണിയായി ‘ദുജുവാൻ’ (Dujuan) ചുഴലിക്കാറ്റ്. ഗെയിംസ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളുടെ താമസസൗകര്യങ്ങളെച്ചൊല്ലി വലിയ പ്രതിഷേധങ്ങളും പ്രതിസന്ധികളും നിലനിൽക്കുന്നതിനിടയിലാണ് കായിക ലോകത്തെ ആശങ്കയിലാഴ്ത്തി ഈ പ്രകൃതിദുരന്ത മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.
ജപ്പാനിലെ ഐച്ചി-നഗോയ തീരത്തേക്ക് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ കുതിച്ചെത്തുന്ന കൊടുങ്കാറ്റ്, കായിക മേളയുടെ സംഘാടനത്തെ തന്നെ അവതാളത്തിലാക്കുമെന്ന ഭീതിയിലാണ് അധികൃതർ. സുരക്ഷ മുൻനിർത്തി ആയിരക്കണക്കിന് കായിക താരങ്ങളെയും ഉദ്യോഗസ്ഥരെയും അടിയന്തരമായി ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സന്നദ്ധമാണെന്ന് ജാപ്പനീസ് അധികൃതർ വ്യക്തമാക്കി.
ഇന്ന് (ശനിയാഴ്ച) ഗെയിംസിന് ഔദ്യോഗിക തുടക്കമായി ദിവസങ്ങൾക്കകം സെപ്റ്റംബർ 21 ഓടെ ഡുജുവാൻ തീരം തൊടുമെന്നാണ് പ്രവചനം. മണിക്കൂറിൽ പരമാവധി 126 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാൻ ശേഷിയുള്ള ഈ ഉഷ്ണമേഖലാ കൊടുങ്കാറ്റ് വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയേക്കും. അടിയന്തര സാഹചര്യം ഉണ്ടായാൽ താരങ്ങളുടെ ജീവന് മുൻഗണന നൽകി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റും നഗോയ മേയറുമായ ഇചിറോ ഹിരോസാവ അറിയിച്ചു.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇത്തവണ പരമ്പരാഗത രീതിയിലുള്ള പ്രത്യേക ‘ഗെയിംസ് വില്ലേജ്’ ജപ്പാൻ നിർമിച്ചിരുന്നില്ല. പകരം കണ്ടെയ്നർ മാതൃകയിലുള്ള താൽക്കാലിക വീടുകൾ, ഹോട്ടലുകൾ, തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ‘കോസ്റ്റ സെറീന’ (Costa Serena) എന്ന ആഡംബര കപ്പൽ എന്നിവയിലാണ് താരങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. നിലവിൽ നാലായിരത്തോളം താരങ്ങളെ പാർപ്പിച്ചിരിക്കുന്ന കോസ്റ്റ സെറീന എന്ന ഇറ്റാലിയൻ ക്രൂയിസ് കപ്പൽ, കാറ്റിന്റെ ശക്തി കൂടുന്നതോടെ തുറമുഖത്ത് നിന്ന് സുരക്ഷിതമായ ഉൾക്കടലിലേക്ക് മാറ്റാനാണ് നീക്കം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നഗോയയിൽ നൂറുകണക്കിന് താരങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിരുന്നു.
ഏഷ്യൻ ഗെയിംസിനെത്തിയ കായിക സംഘത്തിന് സംഘാടകരുടെ അനാസ്ഥയും ഗുരുതര സംഘാടന പിഴവുകളും കാരണം നേരിടേണ്ടി വന്നത് വൻ ദുരന്തം. ഇടുങ്ങിയ മുറികൾ, കായികതാരങ്ങളുടെ ഉയരത്തിന് അനുസരിച്ചല്ലാത്ത ചെറിയ കട്ടിലുകൾ, മുറികൾ ലഭിക്കാനുള്ള പന്ത്രണ്ടിലധികം മണിക്കൂറുകളുടെ താമസം എന്നിവ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഇന്ത്യ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ താരങ്ങൾ ഇതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വാഹന സൗകര്യവും താമസ സൗകര്യവുമില്ലാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നതിന് പിന്നാലെ, ആൺ-പെൺ താരങ്ങൾക്ക് ഒരേ മുറി പങ്കിടേണ്ടി വന്ന സാഹചര്യമുണ്ടായതിനെ തുടർന്ന് ആതിഥേയരായ ജപ്പാന് പോലും മറ്റ് താമസസൗകര്യങ്ങൾ അന്വേഷിക്കേണ്ടി വന്നു.
ഇന്ത്യൻ ജിംനാസ്റ്റിക്സ് താരത്തിനും പുരുഷ പരിശീലകനും ഒരുമിച്ച് ഒരേ മുറി അനുവദിച്ചതും വൻ വിവാദത്തിന് വഴിവെച്ചു. ജിംനാസ്റ്റിക്സ് താരം പ്രണതി നായിക്കിനും പരിശീലകൻ അശോക് മിശ്രയ്ക്കുമാണ് ക്രൂയിസ് കപ്പലിൽ ഒരുക്കിയ താമസസ്ഥലത്ത് ഒരുമിച്ച് ഒരേ മുറി അനുവദിച്ചത്. ഇതിനെതിരെ ഇരുവരും ശക്തമായ പ്രതിഷേധം അറിയിച്ചെങ്കിലും മണിക്കൂറുകളോളം പരിഹാരമുണ്ടായില്ല. തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇടപെട്ട് പുലർച്ചെ 1:30 ഓടെയാണ് ബദൽ മുറി നൽകിയത്. എന്നാൽ പരിശീലകൻ്റെ പേരിലെ ക്ലറിക്കൽ പിശകുമൂലം ബുക്കിങ് കാണാത്തതിനെ തുടർന്ന് അക്രഡിറ്റേഷൻ പരിശോധിച്ച് നടപടികൾ പൂർത്തിയാക്കാൻ പിന്നെയും വൈകി.
മറ്റൊരു സംഭവത്തിൽ നഗോയയിലെത്തിയ 35 അംഗ ഇന്ത്യൻ ഷൂട്ടിങ് സംഘവും വൻ പ്രതിസന്ധി നേരിട്ടു. വാഹന-താമസ സൗകര്യങ്ങൾ ലഭിക്കാതെ എട്ട് മണിക്കൂറിലധികം അനിശ്ചിതത്വത്തിലായ താരങ്ങൾക്ക് ഐ.ഒ.എ ഇടപെട്ട് 400 മീറ്റർ അകലെയുള്ള രണ്ട് കെട്ടിടങ്ങളിലായി 18 മുറികളാണ് അനുവദിച്ചത്. എന്നാൽ ട്രാൻസ്പോർട്ട് വാഹനം നേരത്തെ മടങ്ങിയതിനാൽ പുലർച്ചെ ഭാരമേറിയ ഉപകരണങ്ങളുമായി താരങ്ങൾക്ക് പൊതുനിരത്തിലൂടെ നടക്കേണ്ടി വന്നു. വനിതാ താരങ്ങളെ സഹായിക്കാൻ പുരുഷ അത്ലറ്റുകൾ പലതവണ നടന്ന് സാധനങ്ങൾ എത്തിച്ചു. നിലവിൽ ലഭ്യമായ മുറികൾ പങ്കിട്ടും താൽകാലികമായി ഹോട്ടലുകളിലേക്ക് മാറിയുമാണ് താരങ്ങൾ കഴിയുന്നത്. താമസ സൗകര്യത്തിന് പുറമേ പരിശീലനത്തിനും പോഷകാഹാര ലഭ്യതയ്ക്കും ഇന്ത്യൻ അത്ലറ്റുകൾ വലിയ പ്രതിസന്ധിയാണ് ജപ്പാനിൽ നേരിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ പ്രതിസന്ധികൾക്കിടയിൽ ആണ് ഇപ്പോൾ ഡുജുവാൻ ചുഴലിക്കാറ്റ് ഭീഷണിയും. കനത്ത മഴ പെയ്താൽ താരങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് നഗോയ മേയറും ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്റുമായ ഇച്ചിറോ ഹിരോസാവ വ്യക്തമാക്കിയിട്ടുണ്ട്.

