Friday, September 18, 2026
Home » ഹൂതികളെ തടയാൻ ഇറാനോട് ചൈന; ഇറാൻ ഭരണകൂടത്തെ തകർക്കുമെന്ന് ട്രംപും നെതന്യാഹുവും.
ഹൂതികളെ തടയാൻ ഇറാനോട് ചൈന; ഇറാൻ ഭരണകൂടത്തെ തകർക്കുമെന്ന് ട്രംപും നെതന്യാഹുവും.

ഹൂതികളെ തടയാൻ ഇറാനോട് ചൈന; ഇറാൻ ഭരണകൂടത്തെ തകർക്കുമെന്ന് ട്രംപും നെതന്യാഹുവും.

by Editor

റിയാദ്: ചെങ്കടലിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ ഭീഷണികൾ മുൻനിർത്തി യെമനിലെ ഹൂതി വിമതരെ നിയന്ത്രിക്കാൻ ചൈന ഔദ്യോഗികമായി ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. സൗദി അറേബ്യയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ചൈന ഈ നയതന്ത്ര നീക്കം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ഹൂതികൾക്ക് മേലുള്ള സ്വാധീനം ഉപയോഗിച്ച് അവരുടെ സൈനിക മുന്നേറ്റങ്ങളും ആക്രമണങ്ങളും ഒതുക്കാൻ ചൈനീസ് അധികൃതർ ഇറാനോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമമായ Reuters റിപ്പോർട്ട് ചെയ്തു. ചൈന സന്ദർശിച്ച ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചിയുമായി ബീജിംഗിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം മുന്നോട്ടുവെച്ചതെന്നാണ് സൂചനകൾ. ഹൂതി ആക്രമണം സൗദിയുടെ എണ്ണ കയറ്റുമതിയെയും ഷിപ്പിങ്ങിനെയും സാരമായി ബാധിച്ചിട്ടുണ്ട്. ചൈന ആശ്രയിക്കുന്ന ഊർജ്ജ പാതകളിലേക്ക് സംഘർഷം വ്യാപിക്കുന്നത് തടയണം എന്ന ആവശ്യം മുൻനിർത്തിയാണ് ചൈനീസ് ഭരണകൂടം ഇറാൻ്റെ ഇടപെടൽ തേടിയത്.

സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ചൈനീസ് ഇടപെടിലിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സൗദിയും ഇറാനും തയ്യാറായിട്ടില്ല. എന്നാൽ പ്രാദേശികമായ സ്ഥിരതയും സമാധാനവും പുലരണമെങ്കിൽ ഇറാനുമേൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾ അവസാനിക്കണമെന്നാണ് ഇറാൻ നൽകിയ മറുപടിയെന്നാണ് വിവരം. ഹൂതികൾ സ്വതന്ത്രമായാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന നിലപാടും ചർച്ചകളിൽ ഉയർന്നുവന്നിട്ടുണ്ട്.

അതെസമയം, ഇറാൻ ഭരണകൂടത്തെ പൂർണ്ണമായി തകർക്കുമെന്ന കടുത്ത പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിട്ടുണ്ട്. ഇരു നേതാക്കളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയത്തിൽ അതീവ ഗുരുതരമായ മുന്നറിയിപ്പുകളാണ് നൽകുന്നത്.

ഇറാൻ ഭരണകൂടത്തെ പൂർണ്ണമായി തകർക്കണമോ വേണ്ടയോ എന്നതിൽ താൻ ഉടൻ തന്നെ ഒരു അന്തിമ തീരുമാനമെടുക്കുമെന്ന് Axios മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. “എന്തും സംഭവിക്കാം” എന്നാണ് യുദ്ധാവസാനത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. ഇറാനെതിരെ അടുത്ത നീക്കം നടത്തുന്നതിന് മുന്നോടിയായി സൗദി അറേബ്യ, യു.എ.ഇ, ഖത്തർ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളുടെ നേതാക്കളുമായി ട്രംപ് ന്യൂയോർക്കിൽ വെച്ച് നിർണായക കൂടിക്കാഴ്ച നടത്തുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.

ഇറാന്റെയും അവരുടെ സഖ്യകക്ഷികളുടെയും ഭീഷണി പൂർണ്ണമായി അവസാനിപ്പിക്കുക എന്നതാണ് ഇസ്രായേലിന്റെ മുഖ്യ ദൗത്യമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തെ താഴെയിറക്കുക എന്നത് തന്റെ നേരിട്ടുള്ള ഉത്തരവാണെന്നും ഇസ്രായേൽ ഈ ലക്ഷ്യം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ സംസാരിക്കവെ, ഇറാനെയും അതിനൊപ്പം ഹിസ്ബുള്ളയെയും ഹമാസിനെയും പൂർണമായി നശിപ്പിക്കുമെന്ന ഭീഷണിയാണ് നെതന്യാഹു മുഴക്കിയത്.

മറുവശത്ത് സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രകോപനപരമായ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ അനധികൃതമായി കടന്നുപോകാൻ ശ്രമിച്ച ടോഗോ പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വെളിപ്പെടുത്തി. ആക്രമണത്തിൽ തീപിടിച്ച കപ്പൽ നിലവിൽ പ്രവർത്തന രഹിതമായിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലും സമാനമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ഐആർജിസി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണത്തിൽ യെമൻ പൗരൻ കൊല്ലപ്പെട്ടു; സൗദിയ്ക്ക് എഫ്-35 നൽകാൻ യു എസ്

Send your news and Advertisements

You may also like

error: Content is protected !!