കൽപ്പറ്റ: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് കോടതി ജാമ്യം നിഷേധിച്ചു. വയനാട്ടിലെ വീട്ടിൽ നിന്ന് അനധികൃതമായി മദ്യശേഖരം കണ്ടെടുത്ത അബ്കാരി കേസിലാണ് സുൽത്താൻ ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ആൻ്റോ അഗസ്റ്റിൻ മാനന്തവാടി ജില്ലാ ജയിലിൽ തന്നെ തുടരും. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിൻ്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആൻ്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും കേസിൽപ്പെട്ടു കിടക്കുന്നതാണെന്നും കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആൻ്റോയുടെ വാദം. എന്നാൽ ഏറ്റവും ഒടുവിൽ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആൻ്റോയുടെ പേരിൽ തന്നെയാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പരിശോധനയിലാണ് ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വലിയ രീതിയിലുള്ള മദ്യശേഖരം കണ്ടെത്തിയത്. ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജ മദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാൽ അത് വ്യാജ മദ്യമല്ലെന്നും ഹോം മെയ്ഡ് വൈനാണെന്നും ആൻ്റോ അഗസ്റ്റിൽ കോടതിയിൽ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആൻ്റോ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ജാമ്യം നിഷേധിച്ചതോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കം എക്സൈസ് ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിലാകും അളവിൽ കവിഞ്ഞ മദ്യം കണ്ടെത്തിയതിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുക.
വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

