കൊച്ചി: യുഎഇയിൽ നിന്ന് നാടുകടത്തപ്പെട്ട മലയാളി സംഘവും വിദേശികളും ചേർന്ന് നടത്തിയിരുന്ന വൻ അന്തർ സംസ്ഥാന കൊക്കെയ്ൻ കടത്ത് ശൃംഖലയെ നാർക്കോട്ടിക്സസ് കൺട്രോൾ ബ്യൂറോ കൊച്ചി സോണൽ യൂണിറ്റ് തകർത്തു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) കൊച്ചി സോണൽ യൂണിറ്റ് നടത്തിയ ‘ഓപ്പറേഷൻ ഡൊമിനോ’ (Operation Domino) എന്ന ശക്തമായ പരിശോധനയിലൂടെയാണ് ബെംഗളൂരു-കേരള അന്തർസംസ്ഥാന കൊക്കെയ്ൻ ലഹരിമരുന്ന് ശൃംഖല തകർത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഈ ഓപ്പറേഷനിൽ വിദേശികളടക്കം ഏഴ് പേരെ NCB അറസ്റ്റ് ചെയ്തു. രാജ്യാന്തര മാർക്കറ്റിൽ ഏതാണ്ട് 16.55 ലക്ഷം രൂപ വിലമതിക്കുന്ന 33.10 ഗ്രാം കൊക്കെയ്നാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ പ്രമുഖ മലയാളി ഡിജെയും ഊട്ടിയിൽ റിസോർട്ട് നടത്തുന്നയാളുമായ സിദ്ധാർഥ് ദാമോർ, കോഴിക്കോട് സ്വദേശികളായ ഹംദാൻ അഹമ്മദും, പി. അഫ്ലഹും, പഞ്ചാബ് കപൂർത്തല സ്വദേശി ഗുർപ്രീത് സിങ്, ബെംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശിയും ലഹരി വിതരണത്തിലെ പ്രധാന കണ്ണിയുമായ അരുൺ രാജ്കുമാർ, മെഡിക്കൽ അറ്റൻഡന്റ് വിസയിലെത്തി കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ അനധികൃതമായി തങ്ങിയിരുന്ന നൈജീരിയൻ പൗര വധു ചിസോബ ഹെലൻ ആന്റണി (സോണിയ), സ്റ്റുഡന്റ് വിസയിലെത്തി രണ്ട് വർഷമായി അനധികൃതമായി കഴിഞ്ഞിരുന്ന സിംബാബ്‌വെ പൗരൻ മുഫുകാരെ വിറ്റാലിസ് തദിസ്വനാഷെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളിൽ മൂന്ന് പേർ (സിദ്ധാർഥ്, ഹംദാൻ, അഫ്ലഹ്) മുൻപ് യുഎഇയിൽ ലഹരിമരുന്ന് കേസുകളിൽ തടവുശിക്ഷ അനുഭവിച്ച ശേഷം ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരാണ്. ജയിൽവാസ കാലത്തെ പരിചയം വെച്ചാണ് ഇവർ നാട്ടിലെത്തി പുതിയ ശൃംഖല രൂപീകരിച്ചത്. ബെംഗളൂരുവിലെ വിദേശികളിൽ നിന്ന് കൊക്കെയ്ൻ ശേഖരിച്ച് ഐ.ടി ജീവനക്കാരനായ അരുൺ രാജ്കുമാർ വഴി കേരളത്തിലെ ലഹരി വിൽപ്പനക്കാർക്കും ഉപഭോക്താക്കൾക്കും എത്തിക്കുകയായിരുന്നു സംഘത്തിന്റെ രീതി. കേരളത്തിലെ പാർട്ടി സർക്യൂട്ടുകളിൽ സ്വാധീനമുള്ള ഡിജെ സിദ്ധാർഥും ഈ ശൃംഖലയിലെ പ്രധാനിയായിരുന്നു.
കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ വെച്ച് മൂന്ന് പേരെ ആദ്യഘട്ടത്തിൽ പിടികൂടിയതിനെ തുടർന്ന് നടത്തിയ തുടരന്വേഷണത്തിലാണ് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖല പൂർണ്ണമായും വലയിലായത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് NCB-യുടെ ‘മാനസ്’ ടോൾ ഫ്രീ നമ്പറായ 1933-ൽ വിളിച്ച് അറിയിക്കാവുന്നതാണ്.

