ബാലകലോത്സവം, യുവജനോത്സവം, കായികമത്സരം എന്നീ പേരുകളിൽ അറിയപ്പെട്ട കലാസാഹിത്യകായിക മത്സരങ്ങളെ ഇപ്പോൾ സ്‌കൂളുകളിൽ പറയുന്നത് മേളകൾ എന്നാണ്. അതിൽ ശാസ്ത്ര – പ്രവൃത്തിപരിചയ- ഐടി മേളകളും കോലാഹലത്തോടെ കണ്ണി ചേർന്നിട്ടുണ്ട്. പാദ- അർധ വാർഷികപരീക്ഷകളുടെ ഇടയിൽ ക്ലാസ് മുറി പഠനത്തെ പരമാവധി അലങ്കോലപ്പെടുത്തിക്കൊണ്ട് നടത്തുന്ന സ്‌കൂൾ തല മത്സരങ്ങൾ – തുടർന്ന് ഓരോ സ്‌കൂളിലും ഓരോ ഇനത്തിലും മികച്ച പ്രകടനം കാഴ്ച്ച വച്ചവരുടെ സബ് ജില്ലാതല മത്സരം. അവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ജില്ലാ തലം. അവിടെ നിന്ന് വിജയിച്ചവരുടെ സംസ്ഥാനതലമാകുമ്പോഴേക്കും അധ്യയനവർഷം മുക്കാലും കഴിയാറായിട്ടുണ്ടാകും.
കാൽ നൂറ്റാണ്ട് മുമ്പ് വരെ ശാസ്ത്ര – പ്രവൃത്തി പരിചയ മേള ഒഴികെയുള്ള കലാസാഹിത്യ കായിക മത്സരങ്ങളുടെ സ്‌കൂൾ തലത്തിനായിരുന്നു വലിയ പ്രാധാന്യം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രാദേശിക കലാകാരന്മാരുടെയും പിന്തുണയിൽ സ്‌കൂളിലെ വിദ്യാർത്ഥികളിൽ പലരും എന്തിലെങ്കിലുമൊക്കെ പങ്കെടുത്തു. വല്ല വൈദഗ്ധ്യവും പ്രദർശിപ്പിച്ചവർ ഫീസൊന്നും കൊടുക്കാതെ അധ്യാപകരിൽ നിന്നും നാട്ടിലെ കലാകാരന്മാരിൽ നിന്നും നേടിയ പരിശീലനമായിരുന്നു അവർക്ക് വഴി കാട്ടിയത്, ചിലർക്ക് സ്വന്തം രക്ഷിതാക്കളിൽ നിന്നും.
എന്നാൽ, സ്‌കൂൾ തല മത്സരം വൻകിട സ്‌കൂളുകളിൽ മാത്രമാണ്. സാധാരണ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിൽ ഒരു വഴിപാട് പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. പണക്കൊഴുപ്പിൻ്റെ പരിശീലനപ്പകിട്ടുള്ള ഇനങ്ങൾക്ക് രക്ഷിതാക്കളുടെ വ്യഗ്രത കൂടും. അത് അധ്യാപകരും ഏറ്റെടുക്കും. മറ്റ് ഇനങ്ങൾക്കൊന്നും വേണ്ടത്ര തിളക്കം തോന്നാത്ത മനോഭാവമാണ് പൊതുവേ. ഫസ്റ്റും സെക്കൻ്റും ലക്ഷ്യമാക്കിയവർ കച്ചകെട്ടിയിറങ്ങും. അല്ലാത്തവർ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം എന്ന മട്ടിൽ മാറി നിൽക്കുന്നു. മുമ്പൊക്കെ കവിത ചൊല്ലാനൊക്കെ ധാരാളം കുട്ടികൾ പങ്കെടുക്കാറുണ്ട്. ഇന്ന് അതും ലളിതഗാനവുമൊക്കെ ശുഷ്കിച്ചു.
പെർഫോർമിങ്ങ് ആർട്ടുകൾക്കാണ് പ്രാധാന്യം. എന്നാൽ നൃത്തത്തിൻ്റെ ഗ്ലാമർ നാടകത്തിനില്ല. വ്യക്തിഗത ഇനത്തോളം താല്പര്യമില്ല ഗ്രൂപ്പ് ഇനങ്ങൾക്ക്. ഇനി, ഈ കച്ച കെട്ടി ഇറങ്ങിയവരുടെ കൂട്ടത്തിൽ തന്നെ പലർക്കും കലാഭിരുചിയേക്കാൾ പ്രലോഭനമാവുന്നത് ഗ്രേസ് മാർക്കാണ്. ഗ്രേസ് മാർക്ക് എടുത്തു കളഞ്ഞാൽ കലോത്സവ സീസൺ എന്ന കോഴിക്കൂട്ടിൽ കണ്ണും നട്ടിരിക്കുന്ന പരിശീലനക്കുറുക്കന്മാർ സമരത്തിനിറങ്ങും. ഗ്രേസ് മാർക്കില്ലെങ്കിൽ പരിശീലിക്കാൻ പോയിട്ട് പങ്കെടുക്കാൻ പോലും താല്പര്യമില്ലാത്ത വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളുമാണല്ലോ
കലയോ സാഹിത്യമോ കായികമോ ഒന്നുമല്ല, കുറേ പന്തൽ ക്വട്ടേഷനും നാടടച്ച് സദ്യയും വിധികർത്താക്കളുടെ പ്രതിഫലത്തിൻ്റെ കമ്മീഷനും സംഘടനാമേൽക്കോയ്മയുമൊക്കെയാണ് ഹിഡൺ അജണ്ടകൾ. വെറുതേയല്ല, സ്‌കൂൾ തലത്തിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കാൻ പോലും മത്സരാർത്ഥികൾക്ക് താല്പര്യം കുറയുന്നത്. വെറുതേ ആർക്കോ ഫസ്റ്റും സെക്കൻ്റും കിട്ടാൻ നമ്മൾ അവരുടെ പിറകേ ഓടുന്നത്? എന്നാണ് ചിന്ത.
സത്യത്തിൽ, കലയും സാഹിത്യവും ശാസ്ത്രബോധവും സാമൂഹ്യ ചിന്തയും പ്രവർത്തനോന്മുഖതയും മുഖ്യധാരയിൽ യാതൊരു സ്വാധീനവും ചെലുത്തുനതിന് യാതൊരു തെളിവും ലഭിക്കാത്ത ഇന്നത്തെ വിദ്യാഭ്യാസന്തരീക്ഷത്തിൽ ഈ മേളകളുടെ ബഹളങ്ങൾ ഇങ്ങനെ നടത്തുന്നത് തികച്ചും ഒരു പാഴ്വേലയാണ്. കായിക മേളയിൽ കുറച്ചെങ്കിലും കായികക്ഷമതയുള്ള കുട്ടികൾ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാൽ കലയുടെ കാര്യത്തിൽ കുട്ടികളുടെ കഴിവല്ല, പണവും സ്വാധീനവും ഉൾപ്പെടുന്ന അണയറയിലെ ചരടു വലികളാണ് കാര്യം നിർണ്ണയിക്കുന്നത്. ഈ മേളം കൂട്ടൽ നിർത്തി വച്ച് ശരിക്കും കലാഭിരുചിയും ശാസ്ത്രാഭിരുചിയുമുള്ള കുട്ടികൾക്കുള്ള അവസരമായി വേദികളെ മാറ്റാൻ ബോധപൂർവമുള്ള ഇടപെടലുകൾ നടക്കേണ്ടതാണ്.
പ്രകാശൻ കരിവെള്ളൂർ

