ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം. എവിടെ വച്ചു കണ്ടാലും വിജയാ … എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന നല്ലമനസ്സിന്റെ ഉടമ മൂന്നരപ്പതിറ്റാണ്ട് കാലത്തെ വ്യക്തിബന്ധം. എറണാകുളം കരീത്തറ വീട്ടിൽ കെ.ആർ. മാത്യുവിന്റെയും ലുദീനയുടെയും മകനായി 1939 ഏപ്രിൽ 2-ന് ജനനം, എറണാകുളം മഹാരാജാസ് കോളേജിൽ എം.എ വിദ്യാർഥിയായിരിക്കെ, 1961 ൽ “കേരളപ്രകാശം” എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം. തുടർന്ന് ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിലേക്ക്, എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലും, യു.എൻ.ഐ വാർത്താ ഏജൻസിയും പ്രവർത്തിച്ചു.
ദീർഘകാലം മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയും, രണ്ട് പതിറ്റാണ്ടിലധികം മംഗളം വാരികയിൽ “ഇരുളും വെളിച്ചവും” എന്ന പംക്തി കൈകാര്യം ചെയ്തു. കൂടാതെ മംഗളം ദിനപത്രത്തിൽ ‘തുറന്ന മനസ്സോടെ’ എന്ന കോളവും. ലളിതമായ ഭാഷയിൽ ജനങ്ങളോട് സംവദിച്ച ഇവ ഏറെ ജനപ്രീതി നേടുകയും ചെയ്തു.
നോവലുകൾ ഉൾപ്പെടെ പത്തിൽപ്പരം കൃതികളും രചിച്ചു. കൂടാതെ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും നിരവധി ലേഖനങ്ങളും എഴുതി. മലയാളത്തിലും ഇംഗ്ലിഷിലും ഒരേസമയം നിരവധി ആനുകാലികങ്ങളിൽ “കോളമെഴുതിയ” പ്രതിഭാധനൻ !
“ഇരുളും വെളിച്ചവും” എന്ന പംക്തിയിലൂടെ ചെറുതും വലുതുമായ നിരവധി കാര്യങ്ങൾ വർഷങ്ങളോളം വളരെ ലളിതമായ ഭാഷയിൽ വായനക്കാരോട് സംവദിച്ച എഴുത്തുകാരൻ. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എന്നു പറയാനാണ് ഏവരും ആഗ്രഹിച്ചത്. ദേശീയ പത്രപ്രവർത്തക സംഘടനയായ ഐ.എഫ്.ഡബ്ളു.ജെ.യുടെ ആദ്യ മലയാളി സെക്രട്ടറി ജനറൽ കൂടിയായിരുന്നു റോയ് സർ.
കക്ഷി രാഷ്ട്രീയത്തിൻ്റെ പിൻബലത്തിൽ അതല്ലെങ്കിൽ കാലാകാലം ഭരിക്കുന്നവരുടെ “മൂടുതാങ്ങി” അവരെ സന്തോഷിപ്പിച്ച് അങ്ങനെ ഒരു നയം സ്വീകരിക്കാത്ത ചുരുക്കം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു കെ.എം റോയ്. മാദ്ധ്യമ ധാർമ്മികത ഉയർത്തിപ്പിടിച്ച, അതിന് മാത്രമായി തൻ്റെ പേനയുടെ മഷി ഉപയോഗിച്ച പത്രപ്രവർത്തനത്തിലെ വേറിട്ടമുഖം.
പ്രണാമം
(2021 സെപ്റ്റംബർ 18-ന് 82-ാം വയസ്സിൽ കൊച്ചിയിലെ കടവന്ത്രയിലുള്ള വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം)
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

