Sunday, August 9, 2026
Home » പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിൽ മോദിയെ ഫോണില്‍ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിൽ മോദിയെ ഫോണില്‍ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ്.

by Editor

ന്യൂ ഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് നിർണായക ചർച്ചകൾ നടത്തി. ഇന്ത്യ-അമേരിക്ക ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചാണ് ഇരുനേതാക്കളും സംസാരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. തുർക്കി, സൗദി അറേബ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തിലുള്ള പുതിയ പ്രാദേശിക കൂട്ടുകെട്ടുകളും ചർച്ചയായി എന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

“യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൽനിന്നും ഫോൺ കോൾ ലഭിച്ചു. ഇന്ത്യയും-യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്‌തു,” യുഎസ് വൈസ് പ്രസിഡന്റുമായുള്ള സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. സംഭാഷണത്തിനിടെ, വാൻസ്- ഉഷ ദമ്പതികൾക്ക് അടുത്തിടെ ജനിച്ച മകന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ക്കിടെയാണ് വാന്‍സ് പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടത്.

മോദിയും വാൻസും തമ്മിലുള്ള മുൻപ് പരസ്യമായി അറിയപ്പെട്ട ഫോൺ സംഭാഷണം 2025 മേയിൽ ഓപ്പറേഷൻ സിന്ദൂരിൻ്റെ പശ്ചാത്തലത്തിലായിരുന്നു. പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ വലിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി അന്ന് വാൻസ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി പിന്നീട് ലോക്‌സഭയിൽ വെളിപ്പെടുത്തിയിരുന്നു. വാൻസിൻ്റെ നിരവധി മിസ്‌ഡ് കോളുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താൻ തിരിച്ചുവിളിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രതികരണം കൂടുതൽ ശക്തമായിരിക്കുമെന്ന് അന്ന് വാൻസിനോട് വ്യക്തമാക്കിയതായും പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാരം, നിക്ഷേപം, നിർണായക സാങ്കേതികവിദ്യകൾ, ബഹിരാകാശം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, കൃത്രിമ ബുദ്ധി, സെമികണ്ടക്ടർ, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്. 2030-ടെ ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യവും ഇരുരാജ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന് പുറമെ വിപുലമായ വ്യാപാര കരാറിനായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!