Monday, September 28, 2026
Home » അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു?
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി ബെഞ്ചമിൻ നെതന്യാഹു?

by Editor

അബുദാബി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇയിൽ രഹസ്യ സന്ദർശനം നടത്തിയതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ഇസ്രയേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ (സെപ്റ്റംബർ 27 ഞായറാഴ്ച) -യായിരുന്നു ഈ സുപ്രധാന സന്ദർശനം. അബുദാബിയിലെത്തിയ നെതന്യാഹു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.

ഒരു സ്വകാര്യ വിമാനത്തിലാണ് നെതന്യാഹു അബുദാബിയിലെത്തിയത്. അബുദാബി വിമാനത്താവളത്തിൽ വെച്ചായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. വെറും നാല് മണിക്കൂർ മാത്രമാണ് നെതന്യാഹു യുഎഇയിൽ ചെലവഴിച്ചത്. രാത്രി 7:10-ന് അവിടെനിന്ന് തിരിച്ച് രാത്രി പത്തോടെ അദ്ദേഹം ഇസ്രയേലിൽ തിരിച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. അബ്രഹാം ഉടമ്പടി (Abraham Accords) വഴി ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ഉണ്ടെങ്കിലും, ഇത്തവണത്തെ സന്ദർശനത്തെക്കുറിച്ച് നെതന്യാഹുവിന്റെ ഓഫീസോ യുഎഇ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങൾ രാഷ്ട്രത്തലവന്മാരുടെ തലത്തിലല്ല, ബന്ധപ്പെട്ട ഏജൻസികൾ വഴിയാണ് ചർച്ച ചെയ്യാറുള്ളതെന്നാണ് യുഎഇയുടെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് പത്ത് ദിവസം മുൻപ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് രഹസ്യ കൂടിക്കാഴ്ച നടന്നത്. ഹമാസിന്റെ ആക്രമണ സാധ്യതയെക്കുറിച്ച് വിവരമറിയിക്കാൻ ബിൻ സായിദ് നെതന്യാഹുവിനെ ഫോണിൽ വിളിച്ചിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരം ഇസ്രായേൽ സൈന്യത്തിനോ രഹസ്യാന്വേഷണ ഏജൻസികൾക്കോ നെതന്യാഹു കൈമാറിയില്ലെന്നും ആരോപണമുണ്ട്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തികച്ചും ദുരുദ്ദേശ്യപരമാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. അത്തരം ഫോൺ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സുരക്ഷാ സ്ഥാപനങ്ങൾ വഴിയാണ് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതെന്നും ഭരണത്തലവന്മാർ നേരിട്ട് ഇത്തരം മുന്നറിയിപ്പുകൾ നൽകാറില്ലെന്നും യു.എ.ഇ ഭരണകൂടവും വ്യക്തത വരുത്തിയിരുന്നു.

ഇസ്രയേലിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷം ഈ സുരക്ഷാവീഴ്ച വലിയ രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. ഈ വാർത്ത ഔദ്യോഗികമായി നിഷേധിക്കാൻ യുഎഇ പ്രസിഡന്റിനോട് നേരിട്ട് അഭ്യർത്ഥിക്കാനാണ് നെതന്യാഹു പ്രധാനമായും അബുദാബിയിലെത്തിയത് എന്ന് പറയപ്പെടുന്നു. ഇറാനുമായുള്ള സമീപകാല സൈനിക സംഘർഷങ്ങൾക്ക് ശേഷം പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്താനാണ് ഈ സന്ദർശനം എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ ഇസ്രയേൽ താത്കാലികമായി തങ്ങളുടെ ഐറൺ ഡോം (Iron Dome) മിസൈൽ പ്രതിരോധ സംവിധാനവും അത് പ്രവർത്തിപ്പിക്കാനുള്ള വിദഗ്ധരെയും യുഎഇക്ക് നൽകിയിരുന്നു. ഈ പ്രതിരോധ സഹകരണത്തിന്റെ തുടർച്ചയും മേഖലയിലെ പുതിയ സഖ്യ രൂപീകരണങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!