Monday, September 28, 2026
Home » അഡിസ് അബാബയിൽ ലക്ഷങ്ങൾ അണിനിരന്ന സ്ലീബാ പെരുന്നാൾ; മുഖ്യസന്ദേശവുമായി കാതോലിക്ക ബാവ
അഡിസ് അബാബയിൽ ലക്ഷങ്ങൾ അണിനിരന്ന സ്ലീബാ പെരുന്നാൾ; മുഖ്യസന്ദേശവുമായി കാതോലിക്ക ബാവ

അഡിസ് അബാബയിൽ ലക്ഷങ്ങൾ അണിനിരന്ന സ്ലീബാ പെരുന്നാൾ; മുഖ്യസന്ദേശവുമായി കാതോലിക്ക ബാവ

by Editor

അഡിസ് അബാബ: എത്യോപ്യയിലെ അഡിസ് അബാബ മെസ്കൽ സ്‌ക്വായറിൽ ലക്ഷക്കണക്കിന് വിശ്വാസികൾ അണിനിരന്ന ചരിത്രപ്രസിദ്ധമായ സ്ലീബാ പെരുന്നാൾ (മെസ്കൽ – കർത്താവിന്റെ കുരിശ് കണ്ടെത്തിയതിന്റെ ഓർമ്മപ്പെരുന്നാൾ) ചടങ്ങുകളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യസന്ദേശം നൽകി ആശീർവാദം നിർവ്വഹിച്ചു. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ അബൂനാ മത്ഥിയാസ് പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കാതോലിക്കാ ബാവാ ഈ ചരിത്രപരമായ ചടങ്ങിൽ പങ്കെടുത്തത്.

ഭൂമിശാസ്ത്രപരമായും സംസ്കാരം കൊണ്ടും ഭാഷകൊണ്ടും ഇന്ത്യയിലെയും എത്യോപ്യയിലെയും സഭകൾ അകലെയാണെങ്കിലും, ഒരേ അപ്പോസ്തോലിക വിശ്വാസത്തിലും കർത്താവിന്റെ കുരിശിന്റെ സാക്ഷ്യത്തിലും രണ്ട് പുരാതന ഓർത്തഡോക്സ് സഭകളും ഒന്നാണെന്ന് ബാവാ ഓർമ്മിപ്പിച്ചു. ഇരു സഭകളും തമ്മിലുള്ള ആത്മീയ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരമ്പരാഗതമായി എത്യോപ്യയിൽ നടത്തിവരുന്ന വലിയ ‘ഡെമേര’ (Demera) ബോൺഫയർ (വിറകുകൂട്ടി തീ കത്തിക്കുന്ന ചടങ്ങ്) പ്രകാശിപ്പിച്ചുകൊണ്ട് വിശ്വാസികൾ കുരിശിനോടുള്ള തങ്ങളുടെ ഭക്തി പ്രഖ്യാപിച്ചു. അഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിലും, എത്യോപ്യൻ ഓർത്തഡോക്സ് സഭാ സമൂഹത്തെ അഭിസംബോധന ചെയ്തുള്ള ചടങ്ങുകളിലും കാതോലിക്കാ ബാവാ പങ്കെടുത്തു. ഓറിയന്റൽ ഓർത്തഡോക്സ് സഭ കുടുംബത്തിലെ സഭകളാണ് ഇത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും.

എത്യോപ്യയുടെ തലസ്‌ഥാനമായ അഡിസ് അബാബയിലെ മെസ്ക്കൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ, മെത്രാപ്പൊലീത്തമാർ, വൈദികർ, സന്യസ്‌തർ എന്നിവർക്കു പുറമേ ലക്ഷക്കണക്കിനു വിശ്വാസികളും പങ്കെടുത്തു. മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് അലക്‌സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, നാഗ്‌പുർ വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോസി ജേക്കബ്, എക്യുമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ. ഗീവർഗീസ് ജോൺസൺ, സഭാ വർക്കിങ് കമ്മിറ്റി അംഗം ജേക്കബ് മാത്യു ദുബായ്, ജോജോ പി ജോൺ എന്നിവർ പങ്കെടുത്തു.

ആത്മീയ ആരാധനയ്ക്കൊപ്പം എത്യോപ്യയുടെ സാസ്ക്കാരിക തനിമയും വിളിച്ചോതുന്ന സ്ലീബാപെരുന്നാൾ ( മെസ്ക്കൽ) യുനെസ്ക്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആഘോഷമാണ്. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെത്തിയതിന്റെ ഓർമ്മയാണ് സ്ലീബാ പെരുന്നാളായി ആഘോഷിക്കുന്നത്. പെരുന്നാളിനെ തുടർന്ന് ബോലെ മെദ്ഹാനയാലേം കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിലും പരിശുദ്ധ കാതോലിക്കാ ബാവാ സംബന്ധിച്ചു. 4 ദിവസത്തെ ശ്ലൈഹിക സന്ദർശനത്തിന് പൂർത്തിയാക്കി മലങ്കരസഭാധ്യക്ഷൻ ഇന്ത്യയിലേക്ക് മടങ്ങി

Send your news and Advertisements

You may also like

error: Content is protected !!