Wednesday, September 30, 2026
Home » ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം, എൽ.സി.എ മാർക്ക് വൺ എ വ്യോമസേനയുടെ ഭാഗമാകുന്നു
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം, എൽ.സി.എ മാർക്ക് വൺ എ വ്യോമസേനയുടെ ഭാഗമാകുന്നു

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം, എൽ.സി.എ മാർക്ക് വൺ എ വ്യോമസേനയുടെ ഭാഗമാകുന്നു

by Editor

ന്യൂ ഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക യുദ്ധവിമാനമായ തേജസ് എൽ.സി.എ മാർക്ക് വൺ എ (Tejas LCA Mk-1A) ഒടുവിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നു. യു.എസ് കമ്പനിയായ ജി.ഇ എയറോസ്‌പേസ് (GE Aerospace) എൻജിനുകൾ നൽകാൻ വൈകിയതുൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടന്ന്, അടുത്ത ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ആദ്യ വിമാനം വ്യോമസേനയ്ക്ക് കൈമാറുമെന്ന് വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യക്തമാക്കി.

വ്യോമസേനയ്ക്കായി ആകെ 180 തേജസ് മാർക്ക് വൺ എ വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. നിലവിൽ 27 എയർഫ്രെയിമുകൾ പൂർത്തിയായിക്കഴിഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തോടെ (FY 2026-27) ആദ്യത്തെ 10 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം വിമാനങ്ങളുടെ കൈമാറ്റം രണ്ട് ഘട്ടങ്ങളായാണ് നിശ്ചയിച്ചിരിക്കുന്നത്. 2021 -ൽ ₹48,000 കോടി രൂപയ്ക്ക് ഓർഡർ ചെയ്ത 83 വിമാനങ്ങളുടെ വിതരണം ഈ വർഷം അവസാനത്തോടെ ആരംഭിച്ച് വരും വർഷങ്ങളിൽ പൂർത്തിയാകും. വിമാനത്തിനാവശ്യമായ എഫ്.404 (GE F404) എൻജിനുകൾ നിർമ്മാതാക്കളായ എച്ച്.എ.എല്ലിന് (HAL) ലഭിക്കുകയും അവ വിമാനങ്ങളിൽ വിജയകരമായി ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2025 -ൽ ₹62,370 കോടി രൂപയ്ക്ക് ഓർഡർ ചെയ്ത 97 വിമാനങ്ങളുടെ വിതരണം 2027 സെപ്റ്റംബർ മുതൽ 2033 സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടക്കും.

മുൻ തലമുറയിലെ തേജസ് വിമാനങ്ങളേക്കാൾ 40-ലധികം സുപ്രധാന മാറ്റങ്ങളോടെയാണ് മാർക്ക് വൺ എ എത്തുന്നത്. ബിയോണ്ട് വിഷ്വൽ റേഞ്ച് (BVR) അഥവാ കണ്ണിൽ പെടാത്തത്ര ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങളാണ് ഇതിലുള്ളത്. ഇന്ത്യയുടെ സ്വന്തം അസ്ത്ര മാർക്ക്-1 (Astra Mk1) മിസൈലുകൾ ഇതിൽ ഘടിപ്പിക്കാം. ഇസ്രായേൽ നിർമ്മിത പൈത്തൺ-5 (Python-5) പോലുള്ള വിനാശകാരികളായ അന്തരീക്ഷ – അന്തരീക്ഷ മിസൈലുകൾ വഹിക്കാൻ ശേഷിയുണ്ട്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഉത്തം എഇഎസ്എ (Uttam AESA Radar) ആധുനിക റഡാർ സംവിധാനം ഒരേസമയം ഒന്നിലധികം ശത്രുലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താനും ഒളിച്ചിരിക്കുന്ന യുദ്ധവിമാനങ്ങളെപ്പോലും തിരിച്ചറിയാനും സഹായിക്കും. ശത്രുക്കളുടെ റഡാറുകളെയും മിസൈലുകളെയും വഴിതിരിച്ചുവിടാൻ ശേഷിയുള്ള അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് (Electronic Warfare Suite) ഇതിലുണ്ട്. കൂടുതൽ സമയം ദൗത്യങ്ങളിൽ ഏർപ്പെടാൻ സഹായിക്കുന്ന ഇൻ-ഫ്ളൈറ്റ് റീഫ്യുവലിംഗ് (In-flight Refueling) സംവിധാനം ഇതിലുണ്ട്. മാത്രമല്ല പൈലറ്റിന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി വിപുലമായ ഡിജിറ്റൽ ഡിസ്‌പ്ലേകളും മെച്ചപ്പെട്ട ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടറുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

കഴിഞ്ഞ വർഷം വിരമിച്ച മിഗ്-21 (MiG-21) വിമാനങ്ങൾക്ക് പകരമായാണ് ഫോർത്ത് ജനറേഷൻ (4.5 Generation) പദവിയുള്ള ഈ സുരക്ഷാ വജ്രായുധം അതിർത്തികളിൽ കാവലിനെത്തുന്നത്. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ അംഗീകൃത സ്ക്വാഡ്രൻ ശേഷി 42.5 ആയിരിക്കണം എങ്കിലും, ഇപ്പോൾ അത് വെറും 29 സ്ക്വാഡ്രനുകളായി കുറഞ്ഞിരിക്കുകയാണ്. തേജസ് മാർക്ക് വൺ എ എത്തുന്നതോടെ അതിർത്തികളിൽ വ്യോമസേനയ്ക്ക് പുതിയ മൂന്ന് സ്ക്വാഡ്രനുകൾ കൂടി രൂപീകരിക്കാൻ സാധിക്കും.

Send your news and Advertisements

You may also like

error: Content is protected !!