Tuesday, September 29, 2026
Home » ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി.
ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി.

ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി.

119 സ്വർണ്ണ മെഡലുകളുമായി ചൈനയാണ് മെഡൽ വേട്ടയിൽ ഒന്നാം സ്ഥാനത്ത്

by Editor

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. അവസാന നിമിഷം വരെ ആൻസി സോജൻ ഒന്നാം സ്ഥാനത്ത് മുന്നിട്ടു നിന്നിരുന്നു. എന്നാൽ ആറാം ശ്രമത്തിൽ 6.55 മീറ്റർ ദൂരം കണ്ടെത്തിയ ചൈനയുടെ ഹ്വാങ് യിങ്‌യിങ് വെറും 2 സെന്റിമീറ്റർ വ്യത്യാസത്തിൽ ആൻസിയെ മറികടന്ന് സ്വർണം സ്വന്തമാക്കുകയായിരുന്നു.

6.53 മീറ്റർ ദൂരം കണ്ടെത്തിയ ആൻസി തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലാണ് വെള്ളി മെഡൽ നേട്ടത്തിലെത്തുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ആൻസി കാഴ്‌ചവെച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 6.49 മീറ്റർ ദൂരം താണ്ടിയ ആൻസി തുടക്കത്തിൽ തന്നെ ലീഡ് നേടി. രണ്ടാം ശ്രമം ഫൗളായെങ്കിലും മൂന്നാം ശ്രമത്തിൽ 6.46 മീറ്റർ ചാടി ഒന്നാം സ്ഥാനം നിലനിർത്തി. അഞ്ചാം ശ്രമത്തിൽ ചൈനീസ് താരം 6.49 മീറ്റർ ചാടി ആൻസിക്കൊപ്പമെത്തിയെങ്കിലും, തൊട്ടടുത്ത ശ്രമത്തിൽ 6.53 മീറ്റർ ദൂരം കണ്ടെത്തി ആൻസി സ്വർണം ഉറപ്പിച്ച മട്ടായിരുന്നു. എന്നാൽ നിർണായകമായ അവസാന ശ്രമത്തിൽ വെറും രണ്ട് സെന്റീമീറ്ററിന്റെ വ്യത്യാസത്തിൽ ചൈനീസ് താരം ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ തവണത്തെ (2023 ഹങ്ഷൗ) ഏഷ്യൻ ഗെയിംസിലും ആൻസി വെള്ളി മെഡൽ നേടിയിരുന്നു. ഇതിഹാസ താരം അഞ്ജു ബോബി ജോർജ്ജിന് ശേഷം ഏഷ്യൻ ഗെയിംസ് വനിതാ ലോങ്ജംപിൽ രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ വനിതാ താരം എന്ന ചരിത്രനേട്ടവും ഇതോടെ തൃശൂർ സ്വദേശിയായ ആൻസി സ്വന്തം പേരിൽ കുറിച്ചു.

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പുരുഷന്മാരുടെ ഹൈജമ്പിൽ 2.25 മീറ്റർ ഉയരം ചാടി സർവേഷ് കുഷാരെ വെള്ളി മെഡൽ നേടി. 56 വർഷത്തിന് ശേഷമാണ് ഹൈജമ്പിൽ ഇന്ത്യക്ക് ഒരു ഏഷ്യൻ ഗെയിംസ് മെഡൽ ലഭിക്കുന്നത്. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഗുൽവീർ സിങ് വെള്ളി മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ 20.64 മീറ്റർ ദൂരത്തോടെ താജിന്ദർപാൽ സിങ് തൂർ വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ അദ്ദേഹത്തിന്റെ തുടർച്ചയായ മൂന്നാം മെഡലാണിത്. പുരുഷന്മാരുടെ മാരത്തണിൽ പുതിയ ദേശീയ റെക്കോർഡോടെ (2:11:37) സാവൻ ബർവാൾ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചു. 1982-ന് ശേഷം ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പുതിയ ദേശീയ റെക്കോർഡ് സമയത്തോടെ (9:08.67) പാരുൽ ചൗധരി വെങ്കലം നേടി. പുരുഷന്മാരുടെ ഡെക്കാത്‌ലണിൽ 7934 പോയിന്റുകളോടെ തേജസ്വിൻ വെങ്കല ശങ്കർ മെഡൽ സ്വന്തമാക്കി. വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ വെറും 0.01 സെക്കൻഡ് വ്യത്യാസത്തിൽ ഫോട്ടോ ഫിനിഷിലൂടെ ഹരിത ഭദ്ര വെങ്കലം ഉറപ്പിച്ചു. മിക്സഡ് 4×400 മീറ്റർ റിലേയിൽ വിശാൽ ടി.കെ, പൂവമ്മ, മനു, വിത്യാ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം വെള്ളി നേടി.

മിക്സഡ് ടീം 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് സുരുചി & കമൽജീത് സഖ്യം ഇന്ത്യക്കായി സ്വർണം നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇളവേനിൽ വാളറിവൻ വെള്ളി നേടി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ സഖ്യം വെള്ളി നേടി. കൂടാതെ വ്യക്തിഗത ഇനത്തിൽ ഹിമാൻഷു ധില്ലൻ വെള്ളിയും നേടിയിരുന്നു.

വനിതാ-പുരുഷ കബഡി ടീമുകൾ ഇന്ത്യക്കായി സ്വർണ മെഡലുകൾ നിലനിർത്തി. വനിതാ ക്രിക്കറ്റ് ടീം ഫൈനലിൽ ശ്രീലങ്കയെ 148 റൺസിന് തകർത്ത് ഇന്ത്യ സ്വർണം നേടി. സ്ക്വാഷ് സിംഗിൾസ് വനിതാ, പുരുഷ വിഭാഗങ്ങളിൽ അനാഹത് സിങ് & അഭയ് സിങ് വെള്ളി മെഡലുകൾ നേടി. ഏഷ്യൻ ഗെയിംസ് സ്ക്വാഷ് സിംഗിൾസ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അനാഹത്. ഭാരദ്വഹനത്തിൽ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ ആകെ 198 കിലോഗ്രാം ഉയർത്തി മീരാഭായ് വെള്ളി മെഡൽ നേടി.

എട്ടാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 4 സ്വർണവും 16 വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ ആകെ 37 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ അക്കൗണ്ടിലാക്കിയത്. ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ ഏറ്റവും പുതിയ മെഡൽ നില പ്രകാരം ഇന്ത്യ 12-ാം സ്ഥാനത്താണ്. 119 സ്വർണ്ണ മെഡലുകളുമായി ചൈനയാണ് മെഡൽ വേട്ടയിൽ വളരെ ബഹുദൂരം മുന്നിൽ നിൽക്കുന്നത്. അത്‌ലറ്റിക്സിലും ഷൂട്ടിംഗിലും ഇനിയും നിരവധി മത്സരങ്ങൾ ബാക്കിയുള്ളതിനാൽ വരും ദിവസങ്ങളിൽ ഇന്ത്യ കൂടുതൽ സ്വർണ്ണ മെഡലുകൾ നേടി ആദ്യ പത്തിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!