വേദനയുടെ താഴ്‌വാരങ്ങളിൽ പ്രത്യാശയുടെ പ്രകാശഗോപുരമായി ലത അനൂപ് എന്ന പേര് മാറിയത് യാദൃച്ഛികമല്ല. വിധിയുടെ ക്രൂരമായ കൈയൊപ്പുകൾ പതിഞ്ഞ ആതുരമുറികളിലേക്ക്, കയ്പുനീർ കുടിച്ചു വറ്റിക്കുന്ന മനുഷ്യരുടെ ഇടയിലേക്കാണ് അവർ കടന്നുചെന്നത്. അവിടെ അവർ കണ്ടത് രോഗത്തെ മാത്രമല്ല; രോഗത്തേക്കാൾ വലിയ വേദനയായി മാറുന്ന നിസ്സഹായതയും ഭയവും ഏകാന്തതയുമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഇടനാഴികളിൽ, അർബുദമെന്ന മഹാവിപത്തിന്റെ കറുത്ത നിഴലിൽ പ്രതീക്ഷ നഷ്ടപ്പെട്ട് നിൽക്കുന്ന അനേകം മനുഷ്യർക്ക് ഇന്ന് ലത അനൂപ് കേവലമൊരു പേരല്ല. ദൈവത്തിന്റെ സാന്ത്വനം മനുഷ്യസ്പർശത്തിലൂടെ അനുഭവിച്ചറിയുന്ന ഒരു കരുതലിന്റെ മുഖമാണ് അവർ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മെഡിക്കൽ കോളേജിന്റെ അകത്തും പുറത്തുമായി, മാഞ്ഞുപോകുന്ന ജീവനുകളുടെ പ്രതീക്ഷകൾക്ക് അവർ പ്രകാശത്തിന്റെ അതിരുകൾ വരച്ചുകൊണ്ടിരിക്കുന്നു.
വേദനയുടെയും നിരാശയുടെയും നിശ്ശബ്ദ വിലാപങ്ങൾ ഉയരുന്ന ക്യാൻസർ വാർഡുകളിൽ, തണുത്തുറഞ്ഞ ചുവരുകൾക്കുപോലും പറയാനുണ്ടാകും ആയിരം കണ്ണീർക്കഥകൾ. രോഗത്തിന്റെ കാഠിന്യത്തേക്കാൾ, നിസ്സഹായതയുടെയും ഭയത്തിന്റെയും ഭാരമാണ് പലപ്പോഴും രോഗികളെയും അവരുടെ കുടുംബങ്ങളെയും തളർത്തുന്നത്. ആ മനുഷ്യരുടെ ഇടയിലേക്ക് ലത കടന്നുചെല്ലുന്നത് വലിയ വാഗ്ദാനങ്ങളുമായല്ല; ഒരു പുഞ്ചിരിയുമായി, ഒരു വാക്കുമായി, ചിലപ്പോൾ ഒന്നും പറയാതെ ഒരു കൈതാങ്ങായി…
മരുന്നുകൾക്ക് ശമിപ്പിക്കാൻ കഴിയാത്ത മനോവേദനകളെ കരുതലിന്റെയും ചേർത്തുപിടിക്കലിന്റെയും ഒറ്റമൂലി കൊണ്ടാണ് അവർ സാന്ത്വനപ്പെടുത്തുന്നത്. ഓരോ രോഗിയുടെയും കൺകോണിൽ മിന്നിമറയുന്ന ഭയത്തെ പ്രത്യാശയാക്കി മാറ്റാൻ, അവരിലൊരാളായി, അവർക്കൊരു തണലായി ആ സാന്നിധ്യം കൂടെയുണ്ട്. രോഗിയുടെ ശരീരവേദനയ്ക്കൊപ്പം, ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന കുടുംബം അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ തകർച്ചയും അവർ തിരിച്ചറിയുന്നു.
അവിടെയാണ് ‘മൈത്രി’ എന്ന സന്നദ്ധ സംഘടനയുടെയും വിവിധ പ്രദേശങ്ങളിലുള്ള ലതയുടെ സുഹൃത്തുക്കളുടേയും പ്രസക്തി കൂടുതൽ തെളിയുന്നത്.
ഇവരിലൂടെയൊക്കെ ലത പകരുന്നത് വെറുമൊരു ആശ്വാസമല്ല; ജീവിതത്തിലേക്ക് തിരികെ നടക്കാനുള്ള കരുത്താണ്. ആര് സഹായത്തിനായി വിളിച്ചാലും, മുന്നിലുള്ള മനുഷ്യന്റെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അവിടേക്ക് ഓടിയെത്തുന്ന കരുതലിന്റെ പേരാണ് ലത അനൂപ്. ഒരുനേരത്തെ അന്നത്തിനും അടിയന്തരമായ മരുന്നിനും വാഹന സൗകര്യത്തിനും തണുപ്പകറ്റുന്ന വസ്ത്രങ്ങൾക്കും മുന്നിൽ കൈനീട്ടാൻ പോലും ശേഷിയില്ലാതെ തളർന്നുപോകുന്ന അഗതികൾക്ക് അവർ സ്വന്തം അമ്മയായും സഹോദരിയായും മകളായും മാറുന്നു.
രോഗിയുടെ വേദന മാത്രം കാണുന്നിടത്ത് മൈത്രിയുടെ പ്രവർത്തനം അവസാനിക്കുന്നില്ല. ആശുപത്രി കിടക്കയ്ക്കരികിൽ ഉറക്കമില്ലാത്ത രാവുകൾ തള്ളിനീക്കുന്ന കൂട്ടിരിപ്പുകാരുടെ വിശപ്പും ക്ഷീണവും കണ്ണീരും അവർ തിരിച്ചറിയുന്നു. ഒരു രോഗിയുടെ ചികിത്സയ്ക്കൊപ്പം, ആ കുടുംബത്തിന്റെ ജീവിതം കൂടി പിടിച്ചുനിർത്തേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ്ലതയെ വേറിട്ടുനിർത്തുന്നത്.
സ്വന്തം ജീവിതത്തിലെ ഭൗതിക സന്തോഷങ്ങളെയും വ്യക്തിപരമായ നേട്ടങ്ങളെയും മാറ്റിനിർത്തി, രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും കണ്ണീരൊപ്പാൻ തന്നിലെ സർവ്വസ്വവും സമർപ്പിച്ച അപൂർവ്വ ജീവിതമാണ് ലത അനൂപിന്റേത്. പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും വെളിച്ചത്തിലേക്ക് നടന്നു കയറാൻ അവർ ഒരിക്കലും ആഗ്രഹിച്ചില്ല. ആരും കാണാതെ പോകുന്ന ഇടങ്ങളിൽ, അധികമാരും അറിയാതെ പോകുന്ന ജീവിതങ്ങളിൽ, ഒരു കൈത്താങ്ങായി മാറുകയായിരുന്നു അവരുടെ വഴി. അതാണ് ലത അനൂപിന്റെ മഹത്വം.
കാരുണ്യപ്രവർത്തനം പലപ്പോഴും വേദികളിലെ പ്രസംഗങ്ങളിലും പുരസ്കാരച്ചടങ്ങുകളിലും മാത്രം നമ്മൾ കാണാറുണ്ട്. എന്നാൽ ലത അനൂപിന്റെ സേവനം ആശുപത്രികളുടെ ഇടനാഴികളിലും രോഗികളുടെ കിടക്കയ്ക്കരികിലും വിശപ്പിന്റെ മുന്നിലും കണ്ണീരിന്റെ അരികിലുമാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അത് ഒരു പ്രവർത്തനമെന്നതിലുപരി ഒരു ജീവിതദർശനമായി മാറുന്നു.
കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രാർത്ഥനകളിൽ ആ പേര് ഇന്ന് പുണ്യമായി മുഴങ്ങുന്നുണ്ടാകാം. ഇരുൾവീണ വഴികളിൽ ഒരു നറുവെളിച്ചമായി, വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ പ്രത്യാശയുടെ നെടിയ തണലായി ലത ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നു – ശബ്ദമില്ലാതെ, അവകാശവാദങ്ങളില്ലാതെ… എന്നാൽ, ഒരു ചോദ്യം ഇവിടെ ഉയരേണ്ടതുണ്ട്. ഇത്തരം മനുഷ്യരെ സമൂഹം എത്രത്തോളം തിരിച്ചറിയുന്നുണ്ട്?
നോവിന്റെ കടലാഴങ്ങളിൽ തണലായി നിൽക്കുമ്പോഴും പ്രശസ്തിയുടെയോ അംഗീകാരങ്ങളുടെയോ മിന്നലാട്ടങ്ങൾക്ക് പിന്നാലെ പോകാത്ത അപൂർവ്വ ജന്മമാണ് ലത അനൂപ്. എന്നാൽ, ഇരുൾവീണ മനസ്സുകളിൽ പ്രത്യാശയുടെ പ്രകാശം പകരുന്ന ഇത്തരം കാരുണ്യനാളങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് സമൂഹത്തിന്റെ വലിയൊരു അപരാധമാണ്.
അർഹിക്കുന്ന ആദരവും അംഗീകാരങ്ങളും ഇനിയും ലത അനൂപിനെ തേടിയെത്തിയിട്ടില്ല എന്നത് വേദനാജനകമായ യാഥാർഥ്യമാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം, ആയിരക്കണക്കിന് അഗതികൾക്ക് ജീവിതത്തിന്റെ പ്രതീക്ഷയായി മാറിയ ഈ ജീവകാരുണ്യപ്രവർത്തക കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സമൂഹത്തിന്റെ ആകെ പിന്തുണ ആവശ്യമാണ്.
ഭരണകൂടത്തിന്റെ കരുതൽക്കരങ്ങളും പത്ര-ദൃശ്യ മാധ്യമങ്ങളുടെ ഉറച്ച ശ്രദ്ധയും ഈ കാരുണ്യവഴിയിലേക്ക് ഇനിയും നീളേണ്ടതുണ്ട്. നിശ്ശബ്ദമായി പെയ്യുന്ന ഈ സ്നേഹമഴയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനും, അർഹമായ പ്രോത്സാഹനങ്ങളും പിന്തുണയും നൽകി ചേർത്തുപിടിക്കാനും സമൂഹവും മാധ്യമങ്ങളും സർക്കാരും ഒന്നടങ്കം മുന്നോട്ടുവരണം. അത് അവർക്ക് നൽകുന്ന കേവലമൊരു ആദരവിനപ്പുറം, താങ്ങും തണലും ആവശ്യമുള്ള സാധാരണ മനുഷ്യരിലേക്ക് ഈ ജീവകാരുണ്യ പ്രവർത്തനങ്ങളെ കൂടുതൽ ആഴത്തിൽ വ്യാപിപ്പിക്കാൻ കരുത്തേകും. വഴിയിലുടനീളം നൊമ്പരം പേറുന്ന വലിയൊരു സമൂഹത്തിന് അത് പകർന്നുനൽകുന്ന ആശ്വാസം ചെറുതായിരിക്കില്ല.
വേദനയുടെ ആതുരമുറികളിൽ, പ്രതീക്ഷയുടെ ഒരു കൈത്തിരിയായി അവർ തെളിച്ച ഈ വെളിച്ചം ഒരിക്കലും അണയാതിരിക്കട്ടെ. അതിജീവനത്തിന്റെ ഈ ആതുരതീരം എന്നും പച്ചപ്പോടെ നിലനിൽക്കട്ടെ.
ലതയെന്ന കരുണയുടെ വേരുകൾ: കുടുംബവും വഴിത്തിരിവും – ആലയത്ത് കെ. ഗോപാലന്റെയും കെ. എൻ. സുമതിയുടേയും പത്തു മക്കളിൽ ഏറ്റവും ഇളയവരായി പിറന്ന ഇരട്ടകളാണ് ലതയും സുരേഷും. അഞ്ച് സഹോദരന്മാരും നാല് സഹോദരിമാരുമടങ്ങിയ ആ വലിയ കുടുംബത്തിൽ സമ്പത്തിനെക്കാൾ വിലപ്പെട്ടതായി ഉണ്ടായിരുന്നത് സ്നേഹവും പരസ്പര കരുതലുമായിരുന്നു.
ജീവകാരുണ്യത്തിന്റെ പാഠങ്ങൾ ലത മറ്റെവിടെയും പോയി പഠിച്ചതല്ല. സ്വന്തം വീട്ടിൽ നിന്നുതന്നെയാണ് അവൾ അത് കണ്ടും അനുഭവിച്ചും വളർന്നത്. അമ്മയും അഞ്ച് സഹോദരങ്ങളും സാമൂഹിക സേവനരംഗത്ത് സജീവമായി പ്രവർത്തിക്കുന്നത് ബാല്യത്തിലേ അവൾ കണ്ടിരുന്നു. മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരാനും കഴിയുന്നിടത്ത് ഒരു കൈത്താങ്ങാകാനും പഠിപ്പിച്ച ആ കുടുംബാന്തരീക്ഷം തന്നെയാണ് പിന്നീട് ലതയുടെ ജീവിതദർശനത്തിന്റെ അടിത്തറയായത്.
എന്നാൽ, ആ കരുണയെ ഒരു ജീവിതദൗത്യമായി മാറ്റിയതിനു പിന്നിൽ, കൗമാരകാലത്ത് അവളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു വലിയ നൊമ്പരമുണ്ടായിരുന്നു.
കൂടെപ്പിറപ്പായ സുരേഷിന് പതിനാറാം വയസ്സിൽ ലുക്കീമിയ (രക്താർബുദം) ബാധിച്ചപ്പോൾ ആ കുടുംബം അനുഭവിച്ച നിസ്സഹായതയും വേദനയും വാക്കുകൾക്കതീതമായിരുന്നു. ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ആ ദിവസങ്ങളിൽ ലത കണ്ട കാഴ്ചകൾ അവളുടെ മനസ്സിൽ മായാത്ത അടയാളങ്ങളായി മാറി. രോഗബാധിതരുടെ കണ്ണുകളിലെ ഭയം, ബന്ധുക്കളുടെ കണ്ണീരുകൾ, മരുന്നിനും ആഹാരത്തിനുമായി മനുഷ്യർ നടത്തുന്ന നിസ്സഹായമായ പോരാട്ടങ്ങൾ – അവയെല്ലാം ഒരു കൗമാരക്കാരിയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ തീർത്തു.
സുരേഷിന്റെ രോഗവും തുടർന്നുണ്ടായ അനുഭവങ്ങളും ലതയുടെ ജീവിതത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചു. സ്വന്തം സഹോദരന്റെ വേദനയിലൂടെ അവൾ തിരിച്ചറിഞ്ഞത്, രോഗം ശരീരത്തെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവൻ തളർത്തുന്ന അനുഭവമാണെന്ന സത്യമായിരുന്നു. അന്ന് ലതയുടെ ഉള്ളിൽ ഒരു തീരുമാനത്തിന്റെ വിത്ത് വീണു –“ഇനി ഒരാളും ആരും കാണാതെ കരയരുത്.”
ആ ഒരു നിശ്ചയമാണ് പിന്നീട് ലതയുടെ ജീവിതത്തിന്റെ വഴികാട്ടിയായി മാറിയത്. സ്വന്തം വേദനയെ മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള കരുണയാക്കി മാറ്റി, അർബുദ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാന്ത്വനവും പിന്തുണയും നൽകുന്ന ഒരു ജീവിതദൗത്യത്തിലേക്ക് ലത കടന്നു.
ഈ മഹത്തായ യാത്രയിൽ ലതയ്ക്ക് ഉറച്ച പിന്തുണയായി ഭർത്താവ് അനൂപും ഏക മകനും കുടുംബവും എന്നും കൂടെയുണ്ട്. കെൽട്രോണിൽ സർവീസ് എഞ്ചിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഐ.എസ്.ആർ.ഒ. യിൽ 22 വർഷം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചു.
ഒരു കുടുംബത്തിൽ നിന്ന് പകർന്നുകിട്ടിയ കരുണ, ഒരു സഹോദരന്റെ വേദനയിൽ നിന്ന് പിറന്ന പ്രതിജ്ഞ, അതിന് ജീവിതപങ്കാളിയുടെയും മകന്റെ കുടുംബത്തിന്റേയും മൈത്രിയുടെയും സുഹൃത്തുക്കളുടേയും പിന്തുണ – ഇവ ചേർന്നാണ് ലതയുടെ ജീവകാരുണ്യയാത്രയുടെ വേരുകൾ പടർന്നത്.
— ജോയ് കെ. മാത്യു

