കേരളത്തിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനായി ബിജെപി പുതിയൊരു ടീമിനെ സജ്ജമാക്കുന്നു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പിയിൽ സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾ ആണ് വരുത്തിയിരിക്കുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപി കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ മുതിർന്ന നേതാക്കളായ എം.ടി. രമേശ്, എസ്. സുരേഷ് എന്നിവർക്കാണ് പ്രധാന ചുമതലകൾ നൽകിയിരിക്കുന്നത്. എം.ടി. രമേശിന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളും എസ്. സുരേഷിന് എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളും ഉൾപ്പെട്ട മേഖലാക്ലസ്റ്റർ ഇൻചാർജായി ചുമതല നൽകി. എം.ടി. രമേശിന് വടക്കൻ മേഖലയുടെയും എസ്. സുരേഷിന് തെക്കൻ മേഖലയുടെയും പൂർണ ചുമതലയാണ് നൽകിയിരിക്കുന്നത്. ബിജെപിയിൽ ഇത്തരമൊരു ചുമതല മാറ്റം ഇതാദ്യമായാണ്.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, അനൂപ് ആന്റണി എന്നിവർക്കും പുതിയ ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രന് ദേശീയ പ്രോഗ്രാമുകളുടെയും ഡൽഹി കോർഡിനേഷന്റെയും ചുമതലയാണ് നൽകിയിരിക്കുന്നത്. അനൂപ് ആൻ്റണിയെ സംസ്ഥാന സെല്ലുകളുടെ പ്രഭാരിയായും 2029 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ‘മിഷൻ 2029’ പ്രചാരണ വിഭാഗത്തിൻ്റെ ചുമതലക്കാരനായും നിശ്ചയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ക്യാമ്പയിൻ ചുമതലകൾ പൂർണ്ണമായും അനൂപ് ആന്റണിക്കായിരിക്കും.
മഹിളാമോർച്ച അധ്യക്ഷ നവ്യഹരിദാസ്, അനൂപ് ആന്റണി, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടിമേയർ ആശാനാഥ് തുടങ്ങിയ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനേട്ടത്തിന്റെ പ്രചാരണമായ സേവാസങ്കല്പ് അഭിയാന്റെ മുൻനിരയിലെത്തും. കേരളത്തിന് പുറമെ ദേശീയ തലത്തിലും ചെറുപ്പക്കാരായ വോട്ടർമാരെയും ആദ്യമായി വോട്ട് ചെയ്യുന്നവരെയും (Gen Z) ആകർഷിക്കാൻ ബിജെപി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ സ്മൃതി ഇറാനി, ഹർഷ് സംഘവി, ഒ.പി. ചൗധരി തുടങ്ങിയ യുവനേതാക്കളെ ഉൾപ്പെടുത്തി വിപുലമായൊരു ഡിജിറ്റൽ-രാഷ്ട്രീയ ആശയവിനിമയ ടീമിനും രൂപം നൽകിയിട്ടുണ്ട്. ജെൻസീ ടീമിനെ പാർട്ടിയുടെ ഭാഗമാക്കാൻ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല രാജീവ് ചന്ദ്രശേഖറിനാണ്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം അധ്യക്ഷനായ കേരളത്തിലും മാറ്റം.
പ്രഭാരി, സഹപ്രഭാരി എന്ന ക്രമത്തിൽ ഭാരവാഹികൾ:
ഒ.ബി.സി മോർച്ച- കെ.കെ. അനീഷ്കുമാർ, പൂന്തുറ ശ്രീകുമാർ.
എസ്.സി. മോർച്ച- കെ. സോമൻ, കെ. അജിത്.
എസ്.ടി. മോർച്ച- പി. ശ്യാംരാജ്.
ന്യൂനപക്ഷമോർച്ച, സംസ്ഥാന മീഡിയ, സോഷ്യൽമീഡിയ-ഷോൺ ജോർജ്.
കിസാൻ മോർച്ച- സി. കൃഷ്ണകുമാർ, കെ. രഞ്ജിത്.
യുവമോർച്ച- പി. സുധീർ, ഒ. നിധീഷ്,
മഹിളാമോർച്ച- ബി. ഗോപാലകൃഷ്ണൻ, ടി.പി. സിന്ധുമോൾ.
ഗവേഷണം, പരിശീലനം, വികസിതകേരളം ഹെൽപ് ഡെസ്ക്- എസ്. ജയസൂര്യൻ, ബിപിൻ സി. ബാബു.
സംസ്ഥാന സെൽ- അനൂപ് ആന്റണി, കിഷോർ ബാബു.

