ന്യൂ ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) നടപ്പ് സാമ്പത്തിക വർഷത്തിൽ (2026-27) രാജ്യത്തുടനീളം 250 പുതിയ ശാഖകൾ കൂടി ആരംഭിക്കാനും 12,000 ജീവനക്കാരെ പുതുതായി നിയമിക്കാനും തീരുമാനിച്ചു. എസ്ബിഐ ചെയർമാൻ സി.എസ്. ഷെട്ടിയാണ് വാർത്താ ഏജൻസിയായ പിടിഐയോട് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് നിലവിൽ ഏറ്റവും വലിയ ശൃംഖലയുള്ള ബാങ്കായ എസ്ബിഐ, പുതിയ റെസിഡൻഷ്യൽ കോളനികളും വാണിജ്യ പ്രാധാന്യമുള്ളതുമായ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പുതിയ ശാഖകൾ തുറക്കുന്നത്. ചില ശാഖകളുടെ പുനഃക്രമീകരണം കൂടി കണക്കിലെടുക്കുമ്പോൾ നെറ്റ് അടിസ്ഥാനത്തിൽ 200 മുതൽ 250 വരെ പുതിയ ബ്രാഞ്ചുകൾ ഈ വർഷം വർദ്ധിക്കും. ക്ലറിക്കൽ, ഓഫീസർ കേഡറുകളിലായി 11,000 നും 12,000 നും ഇടയിൽ ആളുകളെ ഈ വർഷം ബാങ്ക് ജോലിക്കായി തെരഞ്ഞെടുക്കും.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) 25,633 ജീവനക്കാരെ എസ്ബിഐ പുതുതായി നിയമിച്ചിരുന്നു. കഴിഞ്ഞ വർഷം 1,500 സ്പെഷ്യലിസ്റ്റ് ഐടി ഓഫീസർമാരെ നിയമിച്ചതിനാൽ, ഇത്തവണ സാങ്കേതിക വിഭാഗത്തിൽ വലിയ രീതിയിലുള്ള പ്രത്യേക നിയമനം ഉണ്ടാകില്ല. 2026 മാർച്ച് മാസത്തെ കണക്കനുസരിച്ച് 2.45 ലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

