ന്യൂയോർക്ക്: ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വലുപ്പം കൃത്യമായി രേഖപ്പെടുത്തുന്ന പുതിയ ലോക ഭൂപടത്തിന് ഐക്യരാഷ്ട്ര സഭ (UN) അംഗീകാരം നൽകി. ഇതിനായി 164 രാജ്യങ്ങളുടെ പിന്തുണയോടെ ‘കറക്റ്റ് ദി മാപ്പ്’ (Correct the Map) എന്ന പ്രമേയം യുഎൻ പൊതുസഭ പാസാക്കുകയായിരുന്നു. 2018 ലെ ‘ഈക്വൽ എർത്ത്‘ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ച യുഎൻ ജനറൽ അസംബ്ലി, പതിനാറാം നൂറ്റാണ്ടിലെ മെർക്കേറ്റർ മാപ്പ് ഔദ്യോഗികമായി പിൻവലിച്ചു. ഏകദേശം അഞ്ച് നൂറ്റാണ്ടുകളായി ഈ ഭൂപടമാണ് ലോകം പിന്തുടർന്നിരുന്നത്.
ഇന്ത്യയുൾപ്പടെ 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്ക മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. എസ്തോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, സെർബിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ആഫ്രിക്കൻ യൂണിയനുവേണ്ടി ടോഗോയാണ് പ്രമേയം ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചത്. മെർക്കേറ്റർ ഭൂപടം കാരണം ആഫ്രിക്കയ്ക്ക് വൈജ്ഞാനികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
നിലവിൽ നമ്മൾ ഉപയോഗിക്കുന്ന പരമ്പരാഗത മാപ്പുകളിൽ ആഫ്രിക്കൻ ഭൂഖണ്ഡം വളരെ ചെറുതായാണ് കാണിച്ചിരിക്കുന്നത്. എന്നാൽ പുതിയ ഭൂപടത്തിൽ ആഫ്രിക്കയുടെ യഥാർത്ഥ വലുപ്പം കൃത്യമായി പ്രതിഫലിക്കും. യഥാർത്ഥത്തിൽ ആഫ്രിക്കയേക്കാൾ 14 മടങ്ങ് ചെറുതായ ഗ്രീൻലാൻഡിനെ പഴയ മാപ്പിൽ ആഫ്രിക്കയുടെ അത്രയും വലിപ്പത്തിൽ തെറ്റായാണ് കാണിച്ചിരുന്നത്, ഇത് പുതിയ മാപ്പിൽ തിരുത്തിയിട്ടുണ്ട്. പഴയ ഭൂപടത്തിൽ വടക്കൻ ധ്രുവത്തോട് അടുത്തുകിടക്കുന്ന അമേരിക്ക, കാനഡ, യൂറോപ്പ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് അനാവശ്യമായ വലിയ വലിപ്പമാണ് ഉണ്ടായിരുന്നത്. പുതിയ മാപ്പിൽ ഇവയുടെ വലിപ്പം യഥാർത്ഥ അനുപാതത്തിലേക്ക് ചെറുതാകും.
ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ലാറ്റിൻ അമേരിക്ക (തെക്കേ അമേരിക്ക), തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയ്ക്ക് പഴയ മാപ്പിൽ ലഭിക്കാതിരുന്ന കൃത്യമായ വലിപ്പവും പ്രാധാന്യവും പുതിയ മാപ്പിൽ ലഭിക്കും. പുതിയ ഭൂപടത്തിൽ ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്റെ വലിപ്പവും പഴയതിനേക്കാൾ കൂടുതൽ കൃത്യതയോടെയും വലുതായും കാണപ്പെടും. പഴയ മെർക്കാറ്റർ മാപ്പ് രാജ്യങ്ങളുടെ ആകൃതി കൃത്യമായി നിലനിർത്തിയപ്പോൾ വലിപ്പം തെറ്റിച്ചു. എന്നാൽ പുതിയ ‘ഈക്വൽ എർത്ത്‘ മാപ്പ് രാജ്യങ്ങളുടെ യഥാർത്ഥ പരപ്പളവ് (Area) കൃത്യമായി നിലനിർത്തിക്കൊണ്ട് തന്നെ അവയുടെ ഗോളാകൃതിയിലുള്ള രൂപം ഭംഗിയായി ഭൂപടത്തിൽ പ്രതിഫലിപ്പിക്കുന്നു.
കടലിൽ നാവിഗേറ്റ് ചെയ്യാൻ നാവികരെ സഹായിക്കുന്നതിനായി 1569-ൽ ഫ്ളെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മെർക്കേറ്ററാണ് മെർക്കേറ്റർ ഭൂപടം അവതരിപ്പിച്ചത്. ഇതിൽ ആഫ്രിക്ക ഗ്രീൻലൻഡിന്റെ അതേ വലിപ്പമുള്ളതായിട്ടാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ഈ വൻകര ഗ്രീൻലൻഡിനേക്കാൾ 16 മടങ്ങ് വലുതാണ്. ഇതിൽ ഭൂമധ്യ രേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകും തോറും കരഭാഗങ്ങളെ വലുതാക്കിയാണ് കാണിച്ചിരിക്കുന്നത്. ഉത്തരമേഖലാ പ്രദേശങ്ങളെ യഥാർത്ഥത്തിലുള്ളതിനേക്കാൾ വളരെ വലുതായാണ് പഴയ മാപ്പിൽ കാണിച്ചിരുന്നത്. അതേസമയം ആഫ്രിക്ക ഉൾപ്പെടെ ഭൂമധ്യരേഖയോട് അടുത്തുള്ള പ്രദേശങ്ങൾ താരതമ്യേന ചെറുതായും കാണപ്പെടുന്നു.

