മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തി. പുതിയ സമാധാന നിർദേശങ്ങളുമായി അമേരിക്കയുടെ പ്രത്യേക പ്രതിനിധികൾ മോസ്കോയിൽ എത്തിയതിന് പിന്നാലെ, കീവിലുള്ള വ്യോമാക്രമണങ്ങൾക്ക് റഷ്യ താൽകാലിക വിലക്കേർപ്പെടുത്തി. അടുത്ത മൂന്ന് ദിവസത്തേക്ക് കീവിൽ ആക്രമണം നടത്തരുതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
യു എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും മോസ്കോയിലും കീവിലും നടത്തുന്ന സമാധാന ദൗത്യത്തിന് സുരക്ഷിതമായ അന്തരീക്ഷമൊരുക്കാനാണ് ഈ നീക്കം. മോസ്കോയിലെ ചർച്ചകൾ പൂർത്തിയാക്കി ഇരുവരും ഇന്ന് (ഞായറാഴ്‌ച) കീവിലേക്ക് തിരിക്കും. അമേരിക്കൻ നയതന്ത്രജ്ഞരുടെ സുരക്ഷിതമായ സന്ദർശനം മുൻനിർത്തി തങ്ങളുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും വ്യക്തമാക്കിയിട്ടുണ്ട്.
സമാധാന ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് പുട്ടിൻ വ്യക്തമാക്കുമ്പോഴും, തങ്ങൾ പിടിച്ചെടുത്ത യുക്രെയ്ൻ പ്രദേശങ്ങൾ വിട്ടുനൽകില്ലെന്ന നിലപാടിൽ റഷ്യ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ റഷ്യയുടെ കർശന ഉപാധികൾ പൂർണ്ണമായ കീഴടങ്ങലിന് തുല്യമാണെന്നാണ് യുക്രെയ്ന്റെയും യൂറോപ്യൻ സഖ്യകക്ഷികളുടെയും നിലപാട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം ശക്തമായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി യുക്രെയ്ൻ റഷ്യൻ എണ്ണക്കമ്പനികളെയും, റഷ്യ യുക്രെയ്ന്റെ ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടത്തുന്നത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ച ഈ യുദ്ധത്തിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളാകുകയും ചെയ്തിട്ടുണ്ട്.
ബ്രിട്ടനും ഫ്രാൻസും ‘തീകൊണ്ട് കളിക്കുക’യാണെന്ന് റഷ്യ; മുന്നറിയിപ്പ്

