Saturday, September 5, 2026
Home » വിവാഹത്തിന് മുൻപുള്ള എച്ച്ഐവി പരിശോധന; സ്വാഗതാർഹമെന്ന് ദീപിക ദിനപത്രം
വിവാഹത്തിന് മുൻപുള്ള എച്ച്ഐവി പരിശോധന സ്വാഗതാർഹമെന്ന് ദീപിക ദിനപത്രം

വിവാഹത്തിന് മുൻപുള്ള എച്ച്ഐവി പരിശോധന; സ്വാഗതാർഹമെന്ന് ദീപിക ദിനപത്രം

by Editor

കൊച്ചി: വിവാഹത്തിന് മുൻപ് എച്ച്.ഐ.വി പരിശോധന നടത്തണമെന്ന മാർത്തോമാ സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസിന്റെ പ്രസ്താവനയെ പിന്തുണച്ച് ദീപിക ദിനപത്രം. വിവാഹ ജീവിതത്തിൽ പങ്കാളികളുടെ പരസ്‌പര വിശ്വസ്‌തതയ്ക്കൊപ്പം സമഗ്രമായ ആരോഗ്യ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ദീപിക ദിനപത്രം സുരക്ഷിതവും സന്തോഷകരവുമായ കുടുംബ ജീവിതത്തിനും വരുംതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനുമായി വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന പോലെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നത് സ്വാഗതാർഹമായ നിലപാടാണെന്ന് മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

മാർത്തോമാ സഭ കുടുംബ സംഗമത്തിൽ വൈദിക ട്രസ്റ്റി ഡോ. കെ. തോമസ് മുന്നോട്ടുവെച്ച നിർദേശത്തെ തുടർന്നാണ് വിഷയം ചർച്ചയാകുന്നത്. പരസ്‌പര സുതാര്യതയും ആരോഗ്യ ജാഗ്രതയും ഒരു നല്ല ദാമ്പത്യത്തിന്റെ അടിസ്ഥാനമാണ്. രോഗ വിവരങ്ങൾ സുതാര്യമായി പങ്കുവെക്കുന്നതിലൂടെ പങ്കാളിയുടെയും ഭാവി തലമുറയുടെയും മൗലികമായ ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യത പ്രധാനമാണെങ്കിലും, കുടുംബം എന്ന കൂട്ടായ്‌മയിൽ മറ്റ് വ്യക്തികളുടെയും ഭാവി തലമുറയുടെയും സുരക്ഷിതത്വത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു. ആരോഗ്യകരമായ മുൻകരുതലുകൾ ദാമ്പത്യ ബന്ധത്തിൻ്റെ കരുത്ത് കൂട്ടും. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പൊതുസമൂഹത്തിൻ്റെ നന്മയ്ക്കായി വിശാലമനസോടെ കാണേണ്ടതുണ്ടെന്നുമാണ് ഈ നിലപാടിലൂടെ വ്യക്തമാക്കുന്നത്.

 

Send your news and Advertisements

You may also like

error: Content is protected !!