കുന്നംകുളം, തൃശ്ശൂർ: ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിൽ ഇടിച്ച് മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി സ്വദേശികളായ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (എമിൽ ഐബക്ക് – 3) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി 11.40-നാണ് അപകടം ഉണ്ടായത്.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കുന്നംകുളം ഭാഗത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ കുടുംബം. യാത്രാമധ്യേ ഫോൺ വന്നപ്പോൾ ബൈക്ക് റോഡരികിൽ നിർത്തി സംസാരിക്കുന്നതിനിടെയാണ് അതേ ദിശയിൽ അതിവേഗത്തിൽ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. മുനീറും ഭാര്യയും സംഭവസ്ഥലത്തു വെച്ചും, കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണമടഞ്ഞത്.
നിയന്ത്രണം വിട്ട കാർ ബൈക്കിനെ ഇടിച്ച ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലേക്കും ട്രാൻസ്ഫോമറിലേക്കും ഇടിച്ചുകയറുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന യുവാക്കൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ആരോപിക്കുന്നുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി വിദ്യാർഥികളടക്കം 8 പേർ മരിച്ചു.

