ബ്രിസ്ബെൻ: കൊറോണ ഉൾപ്പെടെ ലോകം കണ്ട മാരക വൈറസുകളേക്കാൾ ഭയാനകമായി മനുഷ്യരാശിയെയും ഭൂമിയെയും വിറപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘എ ത്രെറ്റ് ടു ലൈഫ്’ (A Threat to Life) എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പുരോഗമിക്കുന്നു. ‘ആംഫി’യുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ഡോക്യുമെന്ററി, അന്താരാഷ്ട്ര ചലച്ചിത്രമേളകളെ ലക്ഷ്യമിട്ടാണ് നിർമ്മിക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള പതിനേഴോളം പ്രമുഖർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം ഇന്ന് ഏതെങ്കിലും ഒരു രാജ്യത്തെയോ ജനവിഭാഗത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അത് എപ്പോൾ, എങ്ങനെ, ആരെയെല്ലാം ബാധിക്കുമെന്ന ഗൗരവമേറിയ ചോദ്യങ്ങൾക്കുള്ള ഉത്തരവും, ഒരു സാധാരണ പൗരന് ഇതിനെതിരെ എന്ത് ചെയ്യാൻ കഴിയുമെന്ന സന്ദേശവുമാണ് ഈ ഡോക്യുമെന്ററി പങ്കുവെക്കുന്നത്.
ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളെയും ഏറ്റവും വേഗത്തിലും കഠിനമായും ബാധിക്കുന്ന ഈ സംഭവം ഭാവിയിൽ നടക്കാൻ പോകുന്ന ഒരു ദുരന്തമല്ല; നമ്മൾ ഇപ്പോൾത്തന്നെ ഇതിന്റെ ആഘാതങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അന്തരീക്ഷ താപനില ഉയരുന്നതുവഴി ധ്രുവങ്ങളിലെ മഞ്ഞുരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. ഇത് തീരദേശങ്ങളെ വിഴുങ്ങാൻ കാരണമാകുന്നു. പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങൾ, കടുത്ത വരൾച്ച, അപ്രതീക്ഷിത പ്രളയങ്ങൾ, കാട്ടുതീ എന്നിവ ലോകമെമ്പാടും പതിവായി മാറുകയാണ്. ഇത് കൃഷിയെ നശിപ്പിക്കുകയും ഭക്ഷ്യക്ഷാമത്തിലേക്കും ശുദ്ധജല ദൗർലഭ്യത്തിലേക്കും വഴിതെളിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ ഇത് അപകടത്തിലാക്കുന്നു.
കോവിഡിനേക്കാൾ ഭീകരം
വാക്സിനില്ലാത്ത മഹാവിപത്ത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പരിസ്ഥിതി ഏജൻസികൾ മുന്നോട്ടുവെക്കുന്ന പ്രധാന നിർദ്ദേശങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജോയ് കെ. മാത്യു വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “ഈ പറയുന്ന പരിഹാരമാർഗ്ഗങ്ങൾ വായിക്കുമ്പോൾ ഒരുപക്ഷേ നമ്മിൽ പലരും ചിന്തിച്ചേക്കാം ‘ഇതൊക്കെ ഇന്ന് ആര് അനുസരിച്ചു നടക്കാൻ? ഇത്രയൊക്കെ ശ്രദ്ധിക്കാൻ ആർക്കാണ് സമയം?’. എന്തിന്, ഈ പരിസ്ഥിതിയെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ക്യാമറകളും ലൈറ്റുകളുമായി ഞങ്ങൾ യാത്ര ചെയ്യുന്നത് പോലും പെട്രോളിൽ ഓടുന്ന വാഹനങ്ങളിലാണ് എന്ന വലിയ വൈരുദ്ധ്യം ഞങ്ങൾക്ക് മുന്നിലുമുണ്ട്! പക്ഷേ, നമ്മൾ ഒന്നു ഓർക്കുക… അതിതീവ്രമായ കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ചപ്പോൾ, രക്ഷപ്പെടാൻ വേറെയൊരു വഴിയുമില്ലാതെ ലോകം മുഴുവൻ സ്വന്തം വീടുകളുടെ വാതിലുകളടച്ച് ഉള്ളിൽ ചുരുണ്ടുകൂടിയ ആ നാളുകൾ നാം മറന്നുപോയോ? ഒരു വാക്സിൻ കണ്ടുപിടിക്കുന്നതുവരെ നാം ഭയത്തോടെ അകത്തിരുന്നു. എന്നാൽ ഒരു കാര്യം നാം ഉറപ്പിച്ചു മനസ്സിലാക്കണം, ലോകത്തിൽ ഇനി വരാൻ പോകുന്ന ഏറ്റവും മാരകമായ വൈറസുകളേക്കാൾ ഭീകരമായിരിക്കും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കാൻ പോകുന്ന ദുരന്തങ്ങൾ! അതിനെ ചെറുത്തുതോൽപ്പിക്കാൻ ലോകത്തിലെ ഒരു രാജ്യവും ഇതുവരെ ഒന്നും കണ്ടുപിടിച്ചിട്ടില്ല; ഇനി കണ്ടുപിടിക്കുകയുമില്ല!
തീ പിടിച്ച് എരിയുന്ന ഒരു പ്രപഞ്ചത്തിൽ നിന്ന് ഓടിയൊളിക്കാൻ നമുക്ക് മറ്റ് ഗ്രഹങ്ങളുമില്ല. അതുകൊണ്ട്, പ്രായോഗികമായി നമുക്ക് ചെയ്യാൻ കഴിയുന്ന ചില ചെറിയ കാര്യങ്ങൾ മനസ്സിലുണ്ടാകണം. ഇതിൽ എല്ലാമൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, ഒരൊറ്റ കാര്യമെങ്കിലും സ്വന്തം ജീവിതത്തിൽ പകർത്തി പ്രവർത്തിക്കാൻ ഓരോരുത്തരും തയ്യാറായാൽ, അത് ഈ ഭൂമിയോടും വരുംതലമുറയോടും നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കും: ഊർജ്ജ ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണം വീടുകളിലും ഓഫീസുകളിലും അനാവശ്യമായി ലൈറ്റുകളും ഫാനുകളും എസികളും പ്രവർത്തിപ്പിക്കാതിരിക്കുക. സാധ്യമാകുന്നിടത്തൊക്കെ സൗരോർജ്ജം പോലുള്ള പ്രകൃതിദത്ത സ്രോതസ്സുകളിലേക്ക് മാറാൻ ശ്രമിക്കുക. യാത്രകളിൾ ചെറിയ മാറ്റങ്ങൾ വേണം.അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി സാധ്യമാകുന്ന സാഹചര്യങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളോ, സൈക്കിളുകളോ, ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക.ചുറ്റിലും അല്പം പച്ചപ്പ് വേണം, മരങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക; ഒപ്പം സ്വന്തം പറമ്പുകളിലോ ചുറ്റുപാടുകളിലോ ഓരോ മരം നട്ടുപിടിപ്പിക്കാൻ സമയം കണ്ടെത്തുക. മാലിന്യ സംസ്കരണത്തിലെ ജാഗ്രത വേണം, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക, പുനരുപയോഗിക്കുക, പുനരുൽപ്പാദിപ്പിക്കുക’എന്ന ശീലം ജീവിതത്തിന്റെ ഭാഗമാക്കുക.”
ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയാണ് ‘എ ത്രെറ്റ് ടു ലൈഫ്’. ലോക റെക്കോർഡ് നേടിയ രണ്ട് ഡോക്യുമെന്ററികളുടെ ക്യാമറാമാനായി പ്രവർത്തിച്ച ജോയ് കെ. മാത്യു തന്നെയാണ് ഈ ഡോക്യുമെന്ററിയുടെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മികച്ച സാങ്കേതിക പ്രവർത്തകരാണ് ഈ ഡോക്യുമെന്ററിക്കായി അണിനിരക്കുന്നത്. സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായി ആദം കെ.അന്തോണിയും സഞ്ജു സുകുമാരൻ സംഗീതവും, ലിൻസൺ റാഫേൽ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ജുബിൻ രാജ് (സൗണ്ട് മിക്സിങ്), സി.ആർ. സജയ് (കളറിസ്റ്റ്), ഫിലിപ്പ് ഹ്യൂബ് (പ്രൊഡക്ഷൻ കൺട്രോളർ), ക്ലെയർ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഷിബിൻ സി. ബാബു (പോസ്റ്റർ ഡിസൈൻ), നിതിൻ നന്ദകുമാർ (അനിമേഷൻ), പി.ആർ. സുമേരാൻ (പി. ആർ. ഒ.) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ‘ആംഫി’ തന്നെയാണ് ക്യാമറ & ലൈറ്റ്സ് യൂണിറ്റ് ഒരുക്കുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിനായുള്ള വലിയൊരു സന്ദേശവുമായാണ് ‘എ ത്രെറ്റ് ടു ലൈഫ്’ പ്രേക്ഷകരിലേക്ക് എത്തുവാൻ ഒരുങ്ങുന്നത്.
‘ടുമോറോ’ എന്ന ആന്തോളജി സിനിമയിലെ അഞ്ചാം ചിത്രം ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

