Friday, September 4, 2026
Home » വീണ്ടും ക്ലാസ് മുറിയിലേക്ക്; മന്ത്രിമാർക്ക് ഐ ഐ എമ്മിൽ പരിശീലനം.
വീണ്ടും ക്ലാസ് മുറിയിലേക്ക്; മന്ത്രിമാർക്ക് ഐ ഐ എമ്മിൽ പരിശീലനം.

വീണ്ടും ക്ലാസ് മുറിയിലേക്ക്; മന്ത്രിമാർക്ക് ഐ ഐ എമ്മിൽ പരിശീലനം.

by Editor

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM-K) മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന ദ്വിദിന നേതൃത്വ ശില്പശാല ആരംഭിച്ചു. 2026 സെപ്റ്റംബർ 4, 5 (വെള്ളി, ശനി) തീയതികളിലാണ് ഈ പ്രത്യേക പരിശീലന പരിപാടി നടക്കുന്നത്. ഭരണരംഗത്ത് പ്രൊഫഷണലിസവും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഐ.ഐ.എമ്മിൽ ആരംഭിച്ച രണ്ട് ദിവസത്തെ ‘റീ ഇമാജിനിങ് കേരളം’ എന്ന പ്രത്യേക പരിശീലനത്തിൻ്റെ ലക്ഷ്യം.

കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകൾ, ഭാവി വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യാനും പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്താനുമുള്ള ഒരു സംവാദ വേദിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസം, സിൽവർ എക്കണോമി, കരിയർ, കാലാവസ്ഥാ വ്യതിയാനവും ദുരന്തനിവാരണവും, പൊതുജനാരോഗ്യം, വയോധിക പരിപാലനം തുടങ്ങിയ നിർണായക മേഖലകളാണ് ശില്പശാലയിൽ ചർച്ചയാകുന്നത്.

ഐ.ഐ.എം അധ്യാപകർക്ക് പുറമെ ജപ്പാനിലെ കിയോ സർവകലാശാല, കിങ്സ് കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരും സെഷനുകൾ നയിക്കുന്നുണ്ട്. കൂടാതെ ആരോഗ്യരംഗത്തെ പ്രമുഖരായ ഡോ. ദേവി ഷെട്ടി (നാരായണ ഹെൽത്ത്), ഡോ. അരവിന്ദ് ശ്രീനിവാസൻ (അരവിന്ദ് ഐ കെയർ സിസ്റ്റം) എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

ഇത് രണ്ടാം തവണയാണ് കേരളത്തിൽ മന്ത്രിസഭയ്ക്കായി ഇത്തരമൊരു പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിനുമുമ്പ് 2011-ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു സമാനമായ രീതിയിൽ കോഴിക്കോട് ഐ.ഐ.എമ്മിൽ മന്ത്രിമാർക്കായി പരിശീലനം നടന്നിരുന്നത്.

Send your news and Advertisements

You may also like

error: Content is protected !!