കാൻബറ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ-പസഫിക് ഭദ്രാസനം കാൻബറയ്ക്ക് സമീപം 5,500 (1.36 ഏക്കർ) ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലം ഭദ്രാസന ആസ്ഥാനത്തിനും മെത്രാസന ഭവനത്തിനുമായി സ്വന്തമാക്കി. 2024 നവംബറിൽ ഒന്നാം തീയതി ഭദ്രാസനം സ്ഥാപിതമായതിന് ശേഷം വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ സുപ്രധാന നേട്ടം കൈവരിക്കാനായത് ഭദ്രാസനത്തിലെ ഇടവകകളുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും ഉദാരമായ സഹകരണവും അകമഴിഞ്ഞ പിന്തുണയും കൊണ്ടാണ്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ പ്രാർത്ഥനകൾക്കും മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും ഭദ്രാസന കൗൺസിൽ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. 2025 നവംബറിൽ പരിശുദ്ധ ബാവാ സ്ഥലം സന്ദർശിച്ച് അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയെ ഭദ്രാസന കൗൺസിൽ പ്രത്യേകം നന്ദി അറിയിച്ചു. ശക്തമായ നേതൃത്വവും മാർഗനിർദേശവും അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളും വഴി ഈ സ്വപ്നസാക്ഷാത്കാരത്തിന് അഭിവന്ദ്യ തിരുമേനി നൽകിയ സംഭാവനകൾ ഏറെ വിലമതിക്കാനാവാത്തതാണ്.
പുതുതായി സ്വന്തമാക്കിയ സ്ഥലം ഭദ്രാസനത്തിന്റെ ആത്മീയവും ഭരണപരവുമായ കേന്ദ്രമായി വികസിപ്പിക്കാനാണ് പദ്ധതി. മെത്രാസന ഭവനം, ഭദ്രാസന ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ, റിട്രീറ്റ് സെന്റർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വരും തലമുറകൾക്കും സഭയ്ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന ഒരു കേന്ദ്രമായി ഇത് മാറും.
ഈ ഭൂമി സ്വന്തമാക്കിയത് ഒരു വസ്തു വാങ്ങിയതിലുപരി, ഏഷ്യാ-പസഫിക് മേഖലയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ദൗത്യം, ശുശ്രൂഷ, കൂട്ടായ്മ, ഭാവി വളർച്ച എന്നിവയ്ക്ക് ശക്തവും സുസ്ഥിരവുമായ അടിത്തറ പാകുന്ന ചരിത്രപരമായ ചുവടുവയ്പ്പാണ്.
ഈ മഹത്തായ നേട്ടത്തിന് സർവശക്തനായ ദൈവത്തിന് നന്ദി അർപ്പിക്കുന്നതോടൊപ്പം, ഈ ദർശനം യാഥാർഥ്യമാക്കാൻ പ്രാർത്ഥനയിലൂടെയും സാമ്പത്തികമായും വിവിധ രീതികളിലൂടെയും സഹകരിച്ച എല്ലാ ഇടവകകൾക്കും വൈദികർക്കും വിശ്വാസികൾക്കും അഭ്യുദയകാംക്ഷികൾക്കും ഭദ്രാസന കൗൺസിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

