Monday, August 31, 2026
Home » കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ
കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി പിടിയിൽ

by Editor

കാലിഫോർണിയ/തൃശൂർ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള മിൽപിറ്റാസിൽ (Milpitas) രണ്ട് മലയാളി യുവതികൾ ദാരുണമായി കൊല്ലപ്പെട്ടു. ഓഗസ്റ്റ് 28-ന് നടന്ന ഈ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ ഉറ്റസുഹൃത്തായ അനില എന്ന മലയാളി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരും പ്രതിയും ഒരേ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്.

ശനിയാഴ്ച കാലിഫോർണിയയിലെ മിൽപിറ്റാസിൽ നടന്ന നടുക്കുന്ന സംഭവത്തിൽ തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടപ്പിലാക്കിയ ഇവരുടെ സുഹൃത്തായ അനിലയെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ജന കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായും ആൻ എൻജിനീയറായും ജോലി ചെയ്യുകയായിരുന്നു.

സ്വന്തം ഫ്ളാറ്റിൽ വച്ച് ആനിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫോണിൽ വിളിച്ച് താഴേക്ക് ഇറക്കിക്കൊണ്ടുവന്ന് കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളും ബന്ധുക്കളും നൽകുന്ന പ്രാഥമിക വിവരം. മിൽപിറ്റാസ് പൊലീസ് വ്യക്തമാക്കുന്നത് അനുസരിച്ച് മിൽ ക്രീക് അപാര്ട്മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ചാണ് അഞ്ജന കൊല്ലപ്പെട്ടത്. അക്രമത്തിന് ശേഷം നിർത്താതെ ഓടിച്ചുപോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് തിരിച്ചറിഞ്ഞതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. ഉടൻ തന്നെ വിവരമറിയിക്കാൻ ആനിൻ്റെ ഭർത്താവ് ജേക്കബിനെ വിജീഷ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആനിനെ തിരികെ ഫോണിൽ കിട്ടിയില്ല. തുടർന്ന് ജേക്കബ് ഫ്ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ആനിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ എട്ട് വർഷമായി കാലിഫോർണിയയിൽ ജോലി ചെയ്‌തുവരുന്ന അഞ്ജനയ്ക്ക് വാമിക എന്നൊരു മകളുണ്ട്. ഒരേ കെട്ടിടത്തിൽ താമസിച്ചിരുന്ന മൂവരും തമ്മിൽ ഏറെക്കാലമായി അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ യു.എസ് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!