ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകർ വിശുദ്ധരല്ലെന്നും അവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും എന്നാൽ അതിൽ തെറ്റില്ലെന്നും പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. പ്രഖർ ഗുപ്‌തയുടെ പോഡ്‌കാസ്റ്റിലാണ് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിലെ നിരീക്ഷണങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ യുവ നേതാക്കൾക്ക് ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകുന്നതിൽ ഒരു തെറ്റുമില്ല. നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതികളിൽ മാറ്റം വരുത്താൻ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിലും പുതിയ പാർട്ടികൾ രൂപീകരിക്കുന്നതിലും യാതൊരു തെറ്റുമില്ലെന്നും സോനം വാങ്‌ചുക് കൂട്ടിച്ചേർത്തു.
സമരത്തിൽ പങ്കുചേരുന്ന സമയത്ത്, സ്ഥാപകരിലൊരാളായ അഭിജീത് ദിപ്‌കെ മുൻപ് ആം ആദ്‌മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടി പലരും വിമർശിച്ചിരുന്നു. എന്നാൽ മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചതിൽ തെറ്റില്ലെന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്ന് വാങ്ചുക് വ്യക്തമാക്കി. ഭാവിയിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാമെങ്കിലും സമരവേദിയെ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയുടെ അജണ്ടയ്ക്കായി ഉപയോഗിക്കരുതെന്ന് താൻ അവരോട് ആവശ്യപ്പെട്ടിരുന്നു.
സമരവേദി രാഷ്ട്രീയരഹിതവും നിഷ്പക്ഷവുമായ സമ്മർദ്ദ ശക്തിയായി നിലനിർത്തിയാൽ മാത്രമേ ജനകീയ വിഷയങ്ങളിൽ നേട്ടങ്ങൾ കൈവരിക്കാനാകൂ. രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായിട്ടല്ല, മറിച്ച് ഒരു പൊതു വിദ്യാർഥി പ്രസ്ഥാനമായിട്ടാണ് ജനങ്ങൾ ഈ സമരത്തെ കണ്ടത്. സമരത്തിൻ്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ യുവനേതാക്കൾക്ക് സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇത്തരം ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുജീവിതത്തിൽ കരിയർ ആരംഭിക്കുന്നത് നല്ലൊരു കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

