Friday, August 28, 2026
Home » കണ്ണീരിൽ കുതിർന്ന താഴ്‌വരകളും മലനിരകളുടെ തേങ്ങലും: ഹിമാലയത്തിൽ ഒലിച്ചുപോയ സ്വപ്നങ്ങൾ
കണ്ണീരിൽ കുതിർന്ന താഴ്‌വരകളും മലനിരകളുടെ തേങ്ങലും: ഹിമാലയത്തിൽ ഒലിച്ചുപോയ സ്വപ്നങ്ങൾ

കണ്ണീരിൽ കുതിർന്ന താഴ്‌വരകളും മലനിരകളുടെ തേങ്ങലും: ഹിമാലയത്തിൽ ഒലിച്ചുപോയ സ്വപ്നങ്ങൾ

by Editor

മഞ്ഞുമലകളുടെ മടിത്തട്ടിൽ പ്രകൃതിയുടെ കൊട്ടാരമായി നിലകൊണ്ട നേപ്പാൾ ഇന്ന് ഒരു മഹാദുരന്തത്തിന്റെ നടുക്കത്തിലാണ്. സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മേൽ ഇരുണ്ട മേഘങ്ങൾ പോലെ, മഞ്ഞും പാറയും ഉൾപ്പെട്ട അപ്രതീക്ഷിത തകർച്ചയെ തുടർന്ന് അതിവേഗം കുതിച്ചെത്തിയ പ്രളയവും ചെളിയും അവശിഷ്ടങ്ങളും ആ ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ആ നാടിന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ചു; ആ നിമിഷം നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത നിമിഷങ്ങളിലൊന്നായി മാറി.

ഛിന്നഭിന്നമായ ഭൂപ്രകൃതിയും നിസ്സഹായാവസ്ഥയും: ടിബറ്റൻ അതിർത്തിയിൽ നിന്ന് അതിശക്തമായി കുതിച്ചെത്തിയ ഭോട്ടെ കോഷി നദി, കരകളെ വിഴുങ്ങിക്കൊണ്ട് ഒരു രാക്ഷസനെപ്പോലെ ആഞ്ഞടിച്ചു. ഒരു മുന്നറിയിപ്പിനുപോലും അവസരം നൽകാതെ, സെക്കൻഡുകൾക്കുള്ളിൽ വീടുകളും കെട്ടിടങ്ങളും പാലങ്ങളും റോഡുകളും തകർന്നുതരിപ്പണമായി.രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിലെ പല പ്രദേശങ്ങളും കണ്ണീരിൽ കുതിർന്ന അവശിഷ്ടങ്ങളായി മാറി.

വിദേശരാജ്യങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളും അക്കൂട്ടത്തിലുണ്ടായിരുന്നു. പലരുടെയും യാത്രാസ്വപ്നങ്ങൾ ആർത്തലച്ചെത്തിയ ജലപ്പരപ്പിൽ എന്നെന്നേക്കുമായി ഒടുങ്ങി. നിരവധി പേരെയാണ് ഈ ദുരന്തത്തിൽ കാണാതായിരിക്കുന്നത്. പ്രകൃതിയുടെ ക്രൂരതയ്ക്ക് മുന്നിൽ രക്ഷാപ്രവർത്തകർ പോലും മണിക്കൂറുകളോളം നിസ്സഹായരായി. ഉരുൾപൊട്ടലും തകർന്ന റോഡുകളും കാരണം പല ഉൾപ്രദേശങ്ങളിലേക്കും എത്താൻ സാധിച്ചില്ല.

അസ്ഥികൾ പോലും മരവിപ്പിക്കുന്ന തണുപ്പിലും മേൽക്കൂര പോയ വീടുകളിലും അഭയം തേടിയിരിക്കുന്ന പാവം മനുഷ്യർ. നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു ജനതയാണ് ഇന്നത്തെ നേപ്പാൾ. ടൂറിസത്തെയും കൃഷിയെയും ഉൾപ്പെടെ വിവിധ മേഖലകളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ആ മലയോര ഗ്രാമങ്ങളുടെ നട്ടെല്ല് ഒടിഞ്ഞിരിക്കുന്നു. അങ്ങനെ ഈ ദുരന്തം ആ രാജ്യത്തെ കടുത്ത സാമ്പത്തികവും ഭൗതികവുമായ തകർച്ചയിലേക്ക് തള്ളിയിട്ടിരിക്കുന്നു. എങ്കിലും, പ്രകൃതി കനിയുന്ന ആകാശത്തിനായി, കാണാതായവർക്കായുള്ള തെരച്ചിലിന്റെ നോവോടെ കാത്തിരിക്കുകയാണ് ആ ഹിമാലയൻ ഗ്രാമങ്ങൾ.

ദുരന്തവിവരമറിഞ്ഞ് നേപ്പാളിന് അടിയന്തര മാനവിക സഹായവുമായി ഇന്ത്യ ഉടൻ രംഗത്തെത്തി. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ കാര്യമല്ല; ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ പ്രകൃതിയുടെ ക്രൂരതയോ മനുഷ്യന്റെ പടപ്പുറപ്പാടോ കരിനിഴൽ വീഴ്ത്തുമ്പോൾ, കണ്ണീരിലമരുന്ന ആ മണ്ണിലേക്ക് പ്രതീക്ഷയുടെ ആദ്യ വെളിച്ചവുമായി എത്തുന്ന ഒരു കരമുണ്ട് – അതാണ് ഇന്ത്യ !

ഭൂകമ്പങ്ങൾ ഭൂമിയെ പിടിച്ചു കുലുക്കുമ്പോഴും, പ്രളയജലം സർവ്വതും ഒഴുക്കിക്കളയുമ്പോഴും, ചുഴലിക്കാറ്റുകൾ സംഹാരതാണ്ഡവമാടുമ്പോഴും, യുദ്ധക്കെടുതികൾ മനുഷ്യരെ അഭയാർത്ഥികളാക്കുമ്പോഴും, രോഗങ്ങൾ ജീവനെടുക്കാൻ വെമ്പൽ കൊള്ളുമ്പോഴും ഇന്ത്യ നോക്കിനിൽക്കാറില്ല. ആശ്വാസത്തിന്റെ മരുന്നുകളും ജീവന്റെ തുടിപ്പായ ഭക്ഷണവുമായി, ധീരരായ രക്ഷാപ്രവർത്തകരെയും കൂട്ടി ഇന്ത്യ അവിടേക്ക് സഹായഹസ്തവുമായി ഓടിയെത്തുന്നു.

“വസുധൈവ കുടുംബകം” – ഈ ഭൂമി മുഴുവൻ എന്റെ കുടുംബമാണ് എന്ന ആയിരത്താണ്ടുകളുടെ പഴക്കമുള്ള മഹത്തായ ദർശനമാണ് ഇന്ത്യയുടെ ഓരോ ചുവടിനെയും നയിക്കുന്നത്. അതിർത്തികളുടെ അതിരുകളില്ലാതെ, ജാതിയുടെയും മതത്തിന്റെയും വേർതിരിവുകളില്ലാതെ, അന്യന്റെ കണ്ണുനീരൊപ്പാൻ സ്വന്തം കൈകൾ നീട്ടുമ്പോൾ, ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു രാജ്യത്തിനപ്പുറം കാവലാളായി മാറുകയാണ്. പ്രതിസന്ധികളുടെ കറുത്ത രാത്രികളിൽ ലോകത്തിന് വെളിച്ചമേകുന്ന ഈ കാരുണ്യത്തിന്റെ പ്രവൃത്തി ഏതൊരു ഇന്ത്യക്കാരന്റെയും നെഞ്ചുയർത്തുന്ന, അഭിമാനത്തിന്റെ വലിയ ഏടാണ്. ലോകമെമ്പാടുമുള്ള മനുഷ്യർക്ക് തണലേകുന്ന ഈ കരുതൽ നമ്മുടെ രാജ്യത്തിന്റെ പവിത്രമായ പാരമ്പര്യത്തിന്റെ നേർക്കാഴ്ചയാണ്.”

ലോകത്തിന്റെ മേൽക്കൂരയെന്നറിയപ്പെടുന്ന ഹിമാലയൻ പർവ്വതനിരകളുടെ പശ്ചാത്തലത്തിൽ, പ്രകൃതിഭംഗിയും പാരമ്പര്യവും ഒരുപോലെ സംഗമിക്കുന്ന മനോഹരമായ ഒരു രാജ്യമാണ് നേപ്പാൾ. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ഭൂബന്ധിത രാജ്യം സാംസ്കാരിക സമ്പുഷ്ടത കൊണ്ടും സവിശേഷതകൾ കൊണ്ടും ലോകശ്രദ്ധ ആകർഷിക്കുന്ന ഒരു മാതൃകാ രാജ്യമാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി (സാഗർമാത) സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്. ലോകത്തിലെ പത്ത് ഉയർന്ന കൊടുമുടികളിൽ എട്ടെണ്ണവും ഈ മണ്ണിലാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ പർവ്വതാരോഹകരുടെയും സാഹസിക സഞ്ചാരികളുടെയും സ്വപ്നഭൂമിയാണ് നേപ്പാൾ. ഹിമാലയൻ സൗന്ദര്യവും പച്ചപ്പും നിറഞ്ഞ താഴ്‌വരകളും ഈ രാജ്യത്തെ ലോക ടൂറിസത്തിന്റെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നു.

ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒന്നാണ് നേപ്പാളിലെ സവിശേഷമായ മതസൗഹാർദ്ദം.
ഹിന്ദു-ബുദ്ധ സമന്വയം: നേപ്പാളിൽ ഹിന്ദുമതവും ബുദ്ധമതവും വെവ്വേറെയല്ല, പരസ്പരം ഇഴചേർന്നാണ് നിലനിൽക്കുന്നത്. കാഠ്മണ്ഡുവിലെ സ്വയംഭൂനാഥ് സ്തൂപ് പോലെയുള്ള ആരാധനാലയങ്ങൾ ഹൈന്ദവരും ബുദ്ധമതക്കാരും ഒരുപോലെ വിശുദ്ധമായി കാണുന്നു. ബുദ്ധമത സ്ഥാപകനായ ഗൗതമ ബുദ്ധൻ ജനിച്ച ലുമിനി നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്.

വ്യത്യസ്ത മതവിഭാഗങ്ങൾ നൂറ്റാണ്ടുകളായി പരസ്പരം ഇടകലർന്ന് ജീവിക്കുന്ന സവിശേഷമായ ഒരു സാംസ്കാരിക പാരമ്പര്യവും നേപ്പാളിനുണ്ട്. പരസ്പര സ്നേഹത്തിന്റെ മാതൃകാപരമായ ഒരു “സാംസ്കാരിക തോട്ടം” (Cultural Garden) കൂടിയാണ് നേപ്പാൾ.
പ്രകൃതിയുടെ മനോഹാരിതയും അഗാധമായ ആത്മീയതയും ഒരേപോലെ ഇഴചേർന്ന നേപ്പാൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ എക്കാലത്തും മാടിവിളിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയുടെ കോപത്താൽ ഇന്ന് ആ മണ്ണ് ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും, പാരമ്പര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കരുത്തുകൊണ്ട് ആ പ്രദേശം വീണ്ടും പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും.

മഞ്ഞുമലകളുടെ മടിത്തട്ടിൽ പുഞ്ചിരി തൂകിനിന്ന ആ സുന്ദര രാജ്യത്തിന് അതിന്റേതായ പ്രകൃതിസൗന്ദര്യവും ജീവന്റെ തുടിപ്പുകളും തിരികെ ലഭിക്കട്ടെ. ഈ ദുരിതങ്ങളെല്ലാം അതിജീവിച്ച്, നേപ്പാൾ പൂർവ്വാധികം ശക്തിയോടെ വീണ്ടും ഉയിർത്തെഴുന്നേൽക്കട്ടെ; ആ സ്നേഹഭൂമിക്ക് നമ്മുടെ പൂർണ്ണ പിന്തുണയേകാം.

പ്രകൃതിയുടെ മുന്നറിയിപ്പും നമ്മുടെ ഉത്തരവാദിത്തവും: പ്രകൃതിയുടെ ഈ കോപത്തിനും കണ്ണീരിനും മുന്നിൽ നമ്മൾ വീണ്ടും നിസ്സഹായരായി നിൽക്കുകയാണ്. നേപ്പാളിന്റെ മണ്ണിൽ ഭോട്ടെ കോഷി തീർത്ത ഈ ദുരന്തം കേവലം ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രം കാണാനാവില്ല; മാറിക്കൊണ്ടിരിക്കുന്ന ആഗോള കാലാവസ്ഥയുടെയും അതിനൊപ്പം വർധിച്ചുവരുന്ന പ്രകൃതിദുരന്ത സാധ്യതകളുടെയും വലിയൊരു മുന്നറിയിപ്പായി ഇതിനെ കാണേണ്ടിയിരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം ഇന്ന് നമ്മെ തേടിയെത്തുന്ന ഒരു വിദൂര ഭീഷണിയല്ല; നമ്മുടെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോൾ തിരിച്ചറിയേണ്ട കടുത്ത യാഥാർത്ഥ്യമാണ്. ദുരന്തങ്ങൾ നടന്നു കഴിഞ്ഞുള്ള പുനരധിവാസത്തേക്കാൾ എത്രയോ വലുതാണ് ദുരന്തങ്ങൾ നടക്കാതെ തടയുന്ന മുൻകരുതലുകൾ. പ്രകൃതിയുടെ ഈ തിരിച്ചടികളെ പ്രതിരോധിക്കാൻ ലോകം മുഴുവൻ ഉണർന്നു പ്രവർത്തിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു.

ഇതിനുള്ള തുടക്കം കുറിക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്നും ക്ലാസ് മുറികളിൽ നിന്നുമാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന വൻകിട പദ്ധതികൾക്ക് കടിഞ്ഞാണിടാനും, പരിസ്ഥിതി സൗഹൃദമായ വികസന മാതൃകകൾ നടപ്പാക്കാനും സർക്കാരുകളും സന്നദ്ധ സംഘടനകളും ഇനിയെങ്കിലും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ചെറിയ ക്ലാസുകൾ മുതൽ കുട്ടികളുടെ പാഠ്യപദ്ധതികളിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം നിർബന്ധമാക്കണം. മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും പ്രകൃതിയെ സ്നേഹിക്കുന്നതും പാഠപുസ്തകങ്ങളിൽ മാത്രമല്ല, ഓരോ പൗരന്റെയും ജീവിതരീതിയായി മാറണം.
ഓരോ മനുഷ്യനും ഇന്ന് ചെയ്യേണ്ട ഏറ്റവും അത്യാവശ്യമായ കർമ്മം പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്. കാരണം, പ്രകൃതി നമ്മെ ഇല്ലാതാക്കാൻ തുടങ്ങിയാൽ പിന്നെ കരയാൻ പോലും ആരും ബാക്കിയുണ്ടാകില്ല. ഈ ദുരന്തങ്ങളെല്ലാം നമുക്ക് ഒരു പാഠമാകട്ടെ; നാളത്തെ തലമുറയ്ക്കായി ഈ ഭൂമിയെ തിരിച്ചുപിടിക്കാൻ നമുക്ക് ശ്രമിക്കാം !

ജോയ് കെ.മാത്യു

Send your news and Advertisements

You may also like

error: Content is protected !!