കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 390 കടന്നു. നേപ്പാളിലും ചൈനീസ് അതിർത്തിയായ ടിബറ്റിലുമായി ഉണ്ടായ ഈ വൻ ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. വിനോദസഞ്ചാരികളും തീർത്ഥാടകരും ഉൾപ്പെടെ 1,300-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
കൈലാസ മാനസസരോവർ യാത്രയ്ക്ക് പോയ മലയാളികൾ ഉൾപ്പെടെ ഇരുനൂറിലധികം ഇന്ത്യക്കാരെ ദുരന്തമേഖലയിൽ കാണാതായിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ദുരന്ത മേഖലയിൽ നിന്നും 33 മലയാളികൾ അടക്കം 288 ഇന്ത്യൻ പൗരന്മാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള 85 പേരെയും പശ്ചിമ ബംഗാളിൽ നിന്നുള്ള 32 പേരെയും കുറിച്ചും നിലവിൽ വിവരങ്ങളൊന്നുമില്ല. കാണാതായവരിൽ ഒരു വിഭാഗം ത്രിശൂലി -1 വൈദ്യുത പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നവരും മറ്റുള്ളവർ കൈലാസ് മാനസരോവർ തീർത്ഥാടനത്തിനെത്തിയവരുമാണ്.
ലാങ്താങ് ലിറുങ് പർവത നിരയിൽ 5200 മീറ്റർ ഉയരത്തിൽ നിന്ന് കൂറ്റൻ ഹിമപാളി ഭോട്ടേകോശിയുടെ പോഷക നദിയായ ലെൻഡെയിലേക്ക് പതിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. തുടർന്ന് നദിയിലുണ്ടായ സ്വാഭാവിക അണക്കെട്ട് പെട്ടെന്ന് തകർന്ന് സെക്കൻഡിൽ 5850 ഘനമീറ്റർ നിരക്കിൽ ചെളിയും പാറക്കല്ലുകളും നിറഞ്ഞ ജലപ്രവാഹം താഴേക്ക് കുതിച്ചെത്തുകയായിരുന്നു. ഇതോടൊപ്പം ടിബറ്റ് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലും നാശനഷ്ടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. രാസുവ, നുവാകോട്ട്, ധാഡിങ്, ഗോർഖ എന്നി ജില്ലകളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്.
വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായി തകർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിരവധി ഗ്രാമങ്ങൾ പൂർണ്ണമായി ഒലിച്ചുപോയി. പാലങ്ങളും അണക്കെട്ടുകളും തകർന്നത് രക്ഷാപ്രവർത്തനം കഠിനമാക്കുന്നു. നേപ്പാളിന്റെ ജലവൈദ്യുത ശേഷിയുടെ 12 ശതമാനത്തോളം ഉത്പാദനം തടസ്സപ്പെട്ടു. നേപ്പാൾ ഇന്റലിജൻസ്, സായുധ പോലീസ്, നേപ്പാൾ സൈന്യം എന്നിവരിൽ നിന്നായി 13,295-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രളയബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തകർന്ന റോഡുകൾ കാരണം ഉൾപ്രദേശങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ മാത്രമാണ് ഏക ആശ്രയം. ഇതുവരെ 69 വിമാന സർവീസുകളിലായി 573 പൗരന്മാരെ വ്യോമമാർഗ്ഗം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
നേപ്പാളിലും ടിബറ്റിലുമായി വിദേശ ടൂറിസ്റ്റുകളും തീർത്ഥാടകരും ഉൾപ്പെടെ 1,300-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 33 രാജ്യങ്ങളിൽ നിന്നുള്ള 596 വിദേശ പൗരന്മാർ ഇതിൽ ഉൾപ്പെടുന്നു. പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും തകർന്നു. ഇത് ബാധിച്ചതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
അതിനിടെ ചൈനയിലെ ചോച്ചൻ ഖോള, പുരേപു സാങ്പോ നദികളുടെ സംഗമ സ്ഥാനത്ത് പുതുതായി രൂപപ്പെട്ട തടാകം ഏത് നിമിഷവും തകരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ 20 ലക്ഷം ഘനമീറ്റർ വെള്ളമുള്ള ഈ തടാകത്തിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ വെള്ളമെത്തുന്നതോടെ ഇത് കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നാണ് ചൈനീസ് ജലവിഭവ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മുൻകരുതലിന്റെ ഭാഗമായി ഭോട്ടേകോശി, ത്രിശൂലി, നാരായണി നദികളുടെ തീരത്തുള്ളവർക്ക് നേപ്പാൾ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നേപ്പാളിലെ പ്രളയബാധിതരെ സഹായിക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും വലിയ തോതിലുള്ള അടിയന്തര വിദേശ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 10 മെട്രിക് ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ (താത്കാലിക ടെന്റുകൾ, കമ്പിളികൾ, മെഡിക്കൽ കിറ്റുകൾ, സോളാർ വിളക്കുകൾ എന്നിവ) ഇന്ത്യ നേപ്പാളിന് കൈമാറി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ വേഗത്തിലുള്ള ഇടപെടലിന് നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ നന്ദി അറിയിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ കാഠ്‌മണ്ഡുവിലെയും ബീജിങിലെയും അംബാസിഡർമാരെ ഉൾപ്പെടുത്തി ഉന്നതതല യോഗം ചേർന്ന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ അവലോകനം ചെയ്തു. അടിയന്തര സഹായങ്ങൾക്കായി 1234 എന്ന ടോൾ ഫ്രീ നമ്പറും 1144 എന്ന ഹോട്ട്ലൈൻ നമ്പറും നേപ്പാൾ ടൂറിസം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
അതിർത്തി മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അടിയന്തര സാമഗ്രികളും നേരിട്ടുള്ള സാമ്പത്തിക സഹായവും ചൈന ഏകോപിപ്പിച്ചു വരുന്നു. പ്രളയബാധിതർക്കായി 5 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ അടിയന്തര പാക്കേജ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. കൂടാതെ കാണാതായ സ്വന്തം പൗരന്മാരെ കണ്ടെത്താൻ പ്രത്യേക നയതന്ത്ര സംഘത്തെയും അയച്ചിട്ടുണ്ട്. അടിയന്തര ദുരിതാശ്വാസ ഫണ്ടിലേക്ക് യു എസ് 5,00,000 ഡോളർ അനുവദിക്കുകയും സാഹചര്യങ്ങൾ വിലയിരുത്താൻ ഒരു ദുരന്ത നിവാരണ ഉപദേശകനെ നേപ്പാളിലേക്ക് അയക്കുകയും ചെയ്തു. ബ്രിട്ടനും അടിയന്തര സഹായമായി 5 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.
യുഎന്നിന്റെ വിവിധ ഏജൻസികൾ നേപ്പാൾ സർക്കാരുമായി ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി യൂണിസെഫ് (UNICEF) 17.2 മില്യൺ ഡോളറിന്റെ അടിയന്തര സഹായത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരാതിരിക്കാൻ ആവശ്യമായ അടിയന്തര മരുന്നുകളും മെഡിക്കൽ ടെന്റുകളും ലോകാരോഗ്യ സംഘടന എത്തിക്കുന്നുണ്ട്.
നേപ്പാളിൽ മിന്നൽ പ്രളയം: വൻ നാശനഷ്ടം; മരണസംഖ്യ 170 ആയി, 500-റോളം പേരെ കാണാനില്ല.

