Thursday, August 27, 2026
Home » നേപ്പാളിൽ മിന്നൽ പ്രളയം: വൻ നാശനഷ്ടം; മരണസംഖ്യ 170 ആയി, 500-റോളം പേരെ കാണാനില്ല.
നേപ്പാളിൽ മിന്നൽ പ്രളയം: വൻ നാശനഷ്ടം; മരണസംഖ്യ 170 ആയി, 500-ലേറെ പേരെ കാണാനില്ല.

നേപ്പാളിൽ മിന്നൽ പ്രളയം: വൻ നാശനഷ്ടം; മരണസംഖ്യ 170 ആയി, 500-റോളം പേരെ കാണാനില്ല.

by Editor

കാഠ്മണ്ഡു: നേപ്പാളിൽ ടിബറ്റൻ അതിർത്തിക്ക് സമീപമുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. ബുധനാഴ്‌ച രാവിലെ ഭോട്ടെ കോശി നദിയിലുണ്ടായ പെട്ടെന്നുള്ള ജലനിരപ്പ് ഉയർച്ചയാണ് വലിയ ദുരന്തത്തിന് കാരണമായത്. ഒടിവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം മരണസംഖ്യ 170 ആയി. 105 ഇന്ത്യക്കാരും 37 പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടെ അഞ്ഞൂറോളം പേരെ കാണാതായിട്ടുണ്ട്.  ഇതിൽ 341 ഓളം പേർ വിദേശ വിനോദസഞ്ചാരികളാണ്. മലേഷ്യ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, നെതർലൻഡ്‌സ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും കാണാതായവരുടെ പട്ടികയിലുണ്ട്.

കുത്തിയൊലിച്ചെത്തിയ ചെളിവെള്ളത്തിൽ നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോവുകയും തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തി മേഖലകൾ പൂർണമായി ഒറ്റപ്പെടുകയും ചെയ്‌തു. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നു. കൂടാതെ മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രളയം ബാധിച്ച റസുവ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ അതീവ ദുർഘടമായ മലയോര മേഖലകളായതിനാൽ രക്ഷാപ്രവർത്തനം കഠിനമാണ്. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു.

ആദ്യഘട്ടത്തിൽ ഭൂചലനമാണ് പ്രളയത്തിന് കാരണമായതെന്ന് കരുതിയിരുന്നെങ്കിലും, USGS (United States Geological Survey) പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ വിവരങ്ങൾ അനുസരിച്ച് ഹിമാലയൻ ഗ്ലേസിയർ (മഞ്ഞുപാളി) തകർന്നതാണ് ദുരന്തത്തിന് കാരണം. മഞ്ഞുപാളി തകർന്നുണ്ടായ വൻ മണ്ണിടിച്ചിൽ ഭോട്ടെ കോശി നദിയിലെ ഒഴുക്ക് തടസ്സപ്പെടുത്തുകയും, തുടർന്നുണ്ടായ പ്രകൃതിദത്ത അണക്കെട്ട് പൊട്ടുകയുമായിരുന്നു. ഇതാണ് അതിശക്തമായ മലവെള്ളപ്പാച്ചിലിന് കാരണമായത്.

നേപ്പാളിൽ നിന്നുള്ള ജലമൊഴുക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയിലെ ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഉത്ഭവിക്കുന്ന കോസി, ഗണ്ഡക് നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അടിയന്തര യോഗങ്ങൾ വിളിച്ച് മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.

ഹെൽപ്പ് ഡെസ്ക്കുമായി സർക്കാർ
നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Send your news and Advertisements

You may also like

error: Content is protected !!