രൺബീർ കപൂർ, സായി പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന നിതേഷ് തിവാരിയുടെ ‘രാമായണം പാർട്ട് 1’ (Ramayana: Part 1) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ ഔദ്യോഗിക ട്രെയിലർ ജൂലൈ 30-ന് പുലർച്ചെ ബ്രഹ്മമുഹൂർത്തത്തിൽ (4:15 AM) പുറത്തിറങ്ങി. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്ക്‌കാർ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജിയും യാഷിൻ്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
മനം മയക്കുന്ന ദൃശ്യ വിസ്‌മയമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിൻ്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ധർമ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമക്കായി അണിനിരക്കുന്നത്. ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിക്കുന്നത്. സീതയായി സായ് പല്ലവി എത്തുന്നു. പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ ഈ ചിത്രം നിർമിക്കുന്ന യാഷ്, രാവണനായി ചിത്രത്തിൽ എത്തുന്നു.

