കൊച്ചി: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയ്ക്കു 4 പുതിയ മെത്രാപ്പോലീത്താമാരെ മുളന്തുരുത്തിയിൽ ചേർന്ന മലങ്കര ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. ഫാ. തോമസ് പോൾ റമ്പാൻ, ഫാ. എ. എ. എൽദോസ്, ഫാ. സാംജി. ടി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ട പുതിയ മെത്രാപോലീത്താമാർ. മുളന്തുരുത്തി വെട്ടിക്കൽ ദയറയിലെ സെൻ്റ് ഗ്രിഗോറിയോസ് നഗറിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വോട്ടിങ്ങിലൂടെയാണു നിയുക്ത മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു.
സഭാ മാനേജിങ് കമ്മിറ്റി നിർദേശിച്ച 6 പേരിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. വിദേശത്തുള്ള പ്രതിനിധികൾക്കു ഓൺലൈൻ വോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. മറ്റുള്ളവർ ബാലറ്റിലൂടെ വോട്ട് ചെയ്‌തു. ആകെ 3474 പേർ വോട്ട് ചെയ്‌തു. 1168 വൈദികരും 2306 അൽമായരും വോട്ടെടുപ്പിൽ പങ്കാളിയായി. തോമസ് പോൾ റമ്പാന് വൈദികരുടെ 894 വോട്ടും അൽമായരുടെ 1892 വോട്ടും ലഭിച്ചു. ഫാ. എ.എ.എൽദോസിന് വൈദികരുടെ 811 വോട്ടും അൽമായരുടെ 1380 വോട്ടും ലഭിച്ചു. ഫാ. സാംജി ടി. ജോർജിന് വൈദികരുടെ 717 വോട്ടും അൽമായരുടെ 1507 വോട്ടും ലഭിച്ചു. ഫാ. ഷിബു വേണാട് മത്തായിക്ക് വൈദികരുടെ 703 വോട്ടും അൽമായരുടെ 1263 വോട്ടും കിട്ടി. ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.ടി. ചാക്കോ മുഖ്യ വരണാധികാരിയായി.
സമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നോട്ടീസ് കൽപ്പന വായിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, റെജി ചെറിയാൻ, അബിൻ വർക്കി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണ ചടങ്ങുകളുടെ തീയതിയും വേദിയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും.
പ. പരുമല തിരുമേനി തന്റെ സന്യാസജീവിതം കെട്ടിപ്പടുത്ത ആദ്യ പർണ്ണശാലയായ വെട്ടിക്കൽ ദയറായിലാണ് മുളന്തുരുത്തി അസോസിയേഷൻ ഇന്നലെ ഓഗസ്റ് 27-ന് നടന്നത്. പ. പരുമല തിരുമേനിയുടെ മെത്രാൻ സ്ഥാനാഭിഷേകം നടന്നതും മുളന്തുരുത്തിയുടെ മണ്ണിലാണ്. പ. സഭയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയ നിർണ്ണായകമായ മുളന്തുരുത്തി സുന്നഹദോസ് നടന്ന മണ്ണിലാണ് മുളന്തുരുത്തി അസോസിയേഷൻ ഈ തവണ നടത്തപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്.
മലങ്കര ഓർത്തഡോക്സ് സഭയിൽ മേല്‍പട്ടക്കാരെ തെരഞ്ഞെടുക്കുന്നത് സഭയുടെ പാർലമെന്റായ മലങ്കര അസോസിയേഷനാണ്. മലങ്കരസഭയിലെ നിര്‍ഭാഗ്യകരമായ ഭിന്നതയ്ക്കു മുമ്പ് ഏറ്റവും ഒടുവില്‍ മേല്‍പട്ട തെരഞ്ഞെടുപ്പ് നടന്നത് 1908 ഫെബ്രുവരി 27-നാണ്. പിന്നീട് യോജിച്ച സഭയില്‍ നടന്ന ഏക തെരഞ്ഞെടുപ്പാണ് 1965-ലേത്. സഭയുടെ ചരിത്രത്തിലാദ്യമായി മലങ്കര അസോസിയേഷനില്‍ ഒരു വോട്ടെടുപ്പ് വേണ്ടിവന്നത് 1977-ലെ മേല്‍പട്ട തെരഞ്ഞെടുപ്പിലാണ്. അതിനു ശേഷം 1982-ല്‍ ഒഴികെ എല്ലാ മേല്‍പട്ട തെരഞ്ഞെടുപ്പിലും വോട്ടെടുപ്പ് വേണ്ടിവന്നിട്ടുണ്ട്.

