Friday, August 28, 2026
Home » ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
ഒന്റാറിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.

ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.

by Editor

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒന്റാറിയോ തടാകത്തിന്റെ (Lake Ontario) പേര് ‘ലേക്ക് അമേരിക്ക‘ (Lake America) എന്ന് പുനർനാമകരണം ചെയ്യാനുള്ള ഔദ്യോഗിക ഉത്തരവിൽ ഒപ്പുവച്ചു. കാനഡയുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾക്കും വ്യാപാര യുദ്ധത്തിനും പിന്നാലെയാണ് ട്രംപ് ഈ പ്രകോപനപരമായ നടപടി സ്വീകരിച്ചത്. ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഓർഡർ 14420 പ്രകാരം ഈ പേരുമാറ്റം അമേരിക്കയിലെ ഔദ്യോഗിക ഭൂപടങ്ങൾ, രേഖകൾ, ഡാറ്റാബേസുകൾ എന്നിവയ്ക്ക് മാത്രമാണ് ബാധകമാകുന്നത്.

ഒന്റാറിയോ തടാകം അമേരിക്കയും കാനഡയും പങ്കിടുന്ന ഒന്നാണ്. ട്രംപിന് കാനഡയുടെ മേൽ അധികാരമില്ലാത്തതിനാൽ തടാകത്തിന് ‘ഒന്റാറിയോ‘ എന്ന പേര് തന്നെ തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും മറ്റ് കനേഡിയൻ നേതാക്കളും വ്യക്തമാക്കി. 400-ലധികം വർഷം പഴക്കമുള്ള ‘ഒന്റാറിയോ’ എന്ന പേര് അമേരിക്കയോ കാനഡയോ രൂപപ്പെടുന്നതിന് മുൻപേ ഉള്ളതാണെന്നും, അത് തദ്ദേശീയ റെഡ് ഇന്ത്യൻ ഭാഷയിൽ നിന്ന് വന്നതാണെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാണിച്ചു.

കാനഡ വർഷങ്ങളായി വ്യാപാരത്തിലും സൈനിക കാര്യങ്ങളിലും അമേരിക്കയെ ചൂഷണം ചെയ്യുകയാണെന്ന് ട്രംപ് ആരോപിച്ചു. കൂടാതെ, ഒന്റാറിയോ തടാകത്തിന്റെ വലിയൊരു ഭാഗവും ഏറ്റവും ആഴമേറിയ ഭാഗവും യു.എസ് അതിർത്തിക്കുള്ളിലാണെന്നും അതിനാൽ ഇതൊരു ‘അമേരിക്കൻ തടാകം’ ആണെന്നുമാണ് യു.എസ് ഭരണകൂടത്തിന്റെ വാദം.

യു.എസും കാനഡയും തമ്മിലുള്ള വ്യാപാര തർക്കം സമീപ ദിവസങ്ങളിൽ കൂടുതൽ രൂക്ഷമായിരുന്നു. കാനഡയിൽ നിന്നുള്ള വാഹനങ്ങൾക്ക് തീരുവ വർധിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതായി വാർത്താ ഏജൻസികൾ  റിപ്പോർട്ട് ചെയ്‌തിരുന്നു. കാനഡയിൽ നിന്നുള്ള കാറുകൾ, ട്രക്കുകൾ, വാഹന ഭാഗങ്ങൾ എന്നിവയ്ക്ക് നിലവിലെ തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുമെന്നാണ് ട്രംപ് പറഞ്ഞത്. 2027 ജനുവരി ഒന്നുമുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് പകരമായി കാനഡയും യു.എസ് ഉൽപ്പന്നങ്ങൾക്ക് മേൽ വലിയ നികുതി ചുമത്തി. ഈ സാമ്പത്തിക തർക്കമാണ് ട്രംപിനെ ഇത്തരമൊരു പ്രകോപനപരമായ നടപടിക്ക് പ്രേരിപ്പിച്ചത്.

ട്രംപ് തന്റെ ഭരണകാലത്ത് ഇത്തരമൊരു നീക്കം നടത്തുന്നത് ആദ്യമായല്ല. ഇതിന് മുൻപ് ‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ (Gulf of Mexico) പേര് യു.എസ് രേഖകളിൽ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്ന് അദ്ദേഹം മാറ്റിയിരുന്നു. ഒവൽ ഓഫീസിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ട്രംപ് പരിഹാസരൂപേണ പറഞ്ഞത്, “ഇപ്പോൾ നമുക്ക് ഒരു ഗൾഫും (ഗൾഫ് ഓഫ് അമേരിക്ക) ഒരു തടാകവും (ലേക്ക് അമേരിക്ക) ഉണ്ട്, ഇനി നമുക്ക് ഒരു സമുദ്രം കൂടി വേണം” എന്നാണ്. ഇത് അറ്റ്ലാന്റിക് അല്ലെങ്കിൽ പസഫിക് സമുദ്രങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

Send your news and Advertisements

You may also like

error: Content is protected !!