Friday, August 28, 2026
Home » ഓർമ്മയിലെ ഓണം – കരടികളി
ഓർമ്മയിലെ ഓണം - കരടികളി

ഓർമ്മയിലെ ഓണം – കരടികളി

വിജയൻ ന്യൂസ്പ്രിന്റ് നഗർ

by Editor

താനിന്നേ താനിന്നേ തന്നാനാനിനെ
താനിന്നേ താനിന്നേ തന്നാ നാ ….
താനിന്നേ താനിന്നേ തന്നാനാനിനേ
താനിന്നേ താനിന്നേ തന്നാ നാ ….

“കൊല്ലത്തു നിന്നൊരു കൊച്ചുമുതലാളി
കല്ലുകടവിലും വന്നല്ലോ……
കല്ലുകടവിലെ ദു:ഖങ്ങൾ കണ്ടിട്ട്
പെട്ടെന്നു തീർത്തൊരു, അണ്ടിയാപ്പീസ് !”

താനിന്നേ താനിന്നേ തന്നാനാനിന്നേ
താനിന്നേ താനിന്നേ തന്നാ നാ ….
താനിന്നേ താനിന്നേ തന്നാനാനിന്നേ
താനിന്നേ താനിന്നേ തന്നാ നാ ….

ഏതാണ്ട് അരനൂറ്റാണ്ടിനു മുൻപും അതിനു ശേഷവും എൻ്റെ നാട്ടിൽ ഓണത്തിന് കുട്ടികൾ “കരടികളി” എന്ന വിനോദത്തിൽ ഏർപ്പെടുമ്പോൾ അതിൽ പാടുന്ന നിരവധി പാട്ടുകളിൽ ഒന്നായിരുന്നു ഇത്…… മുകളിൽ പറഞ്ഞ “കൊച്ചുമുതലാളി” ഏവർക്കും പ്രിയപ്പെട്ട രവി മുതലാളി എന്ന കെ.രവീന്ദ്രനാഥൻ നായരും….

കൊല്ലം ജില്ലയിലെ പല ഭാഗത്തും പ്രത്യേകിച്ച് കരുനാഗപ്പള്ളി കുന്നത്തൂർ തുടങ്ങിയ താലൂക്കുകളിലും ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റമായ കായംകുളം പ്രദേശത്തുമൊക്കെയായി ഓണക്കാലത്തെ കുട്ടികളുടെ വിനോദമായിരുന്നു കരടികളി…… വീട്ടുമുറ്റങ്ങളിൽ എത്തിചേരുന്ന ഒരു കലാരുപമെന്നു പറയാം …. കരടിയും വേട്ടക്കാരനുമാണ് പ്രധാന കഥാപാത്രങ്ങൾ.

വാഴക്കരിയിലയും ഈർക്കിൽകളഞ്ഞ ഓലയുംകെട്ടിയലങ്കരിച്ച് ഭാരംകുറഞ്ഞ പാലത്തടികൊണ്ടു നിർമിച്ച കരടിത്തല മുഖത്തുറപ്പിക്കുന്ന കരടിയും. തൊപ്പിയും മരത്തിലുണ്ടാക്കിയെടുക്കുന്ന തോക്കുമായി വേട്ടക്കാരനും ഒപ്പം പാട്ടു സംഘവും …. അങ്ങനെ ഓരോവീടുകളിലെത്തുന്നതാണ് ഈ കരടികളി….

പ്രാദേശികമായ വിഷയങ്ങളും തമാശകളും, പേരുകളും ഒക്കെച്ചേർത്ത് മനോധർമ്മമനുസരിച്ച് എഴുതിയുണ്ടാക്കുന്നവയും ഒപ്പം പാരമ്പര്യമായി നിലനില്ക്കുന്നതുമായ പാട്ടുകളാണ് കരടിപ്പാട്ടുകൾ …..

പാട്ടുകൾ ഏതുതന്നെയായാലും അതിന് ക്ലിപ്തമായ ഒരു വാഴ്ത്താരിയുണ്ട് …..
അതാണ് മുകളിൽ പറഞ്ഞ

താനിന്നേ താനിന്നേ തന്നാനാനിന്നേ
താനിന്നേ താനിന്നേ തന്നാ നാ ….
താനിന്നേ താനിന്നേ തന്നാനാനിന്നേ
താനിന്നേ താനിന്നേ തന്നാ നാ ….

ഓണാഘോഷവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ പ്രതിപാദിച്ചിരുന്നുവല്ലോ…?
വിവിധ വിനോദങ്ങളിലേർപ്പെടുന്നവർ ആറു മണിയോടുകൂടി അവസാനിപ്പിച്ച് ഏവരും അവരവരുടെ വീടുകളിലേക്കു മടങ്ങുമ്പോൾ ആൺകുട്ടികൾ മറ്റൊരു കളിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയായി….
“കരടികളി” എന്ന ഓണത്തിന്റെ ഏറ്റവും പ്രധാന ഇനം ……

ഉത്രാടം മുതൽ അഞ്ചു ദിവസങ്ങളിലും വിവിധ സംഘങ്ങൾ ഉണ്ടാകും ….
കരടി, വേടൻ, ഒരു പാട്ടുകാരൻ, കൂടെ പാടാനും താളമിടാനുമായി 10 ഓളംപേർ വേറെയും..
മറ്റ് നാട്ടിൽ നടക്കുന്ന പുലികളിയുമായോ കടുവകളിയുമായോ ഇതിന് സാമ്യമില്ല ….

ഉണങ്ങിയ വാഴയില ശരീരത്ത് വെച്ച് കെട്ടി (ഇവിടെ വാഴച്ചപ്പ് എന്നാണ് പറയുക), അതിന് മുകളിൽ പച്ചോല കീറി ഈക്കിൽ കളഞ്ഞ് ഓലക്കാൽ ചെറുതായി കീറിയതും വെച്ചുകെട്ടി ശരീരം മറയ്ക്കുന്നു …. കണ്ണുമാത്രം കാണാൻ പാകത്തിൽ പാള കൊണ്ടുണ്ടാക്കിയ ” മാസ്ക്ക് ” കെട്ടുന്നു. ചുരുക്കത്തിൽ ആളെ തിരിച്ചറിയാത്തവിധമുള്ള വേഷം … ഇതാണ് കരടി …

ഇനി ഒരു കഥാപാത്രം കൂടിയുണ്ട്. വേടൻ.
വേടന് കരി കൊണ്ടൊരു മീശയുമൊക്കെ വരച്ച് കൈയ്യിലൊരു തോക്കും …
തോക്കെന്നു പറഞ്ഞാൽ ഓലമടൽ ചെത്തിമിനുക്കിയെടുക്കുന്നത് ….
സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ കരടികളി ടീം ഇറങ്ങുകയായി…. വീടുവീടാന്തരം ….
മിക്കവാറും അടുത്തടുത്ത വീട്ടിലേയും സ്വന്തക്കാരുമൊക്കെയും ഈ ടീമിലുള്ളവരിൽ മിക്കവരും …..
രാത്രി പത്തു മണി വരെ ഇതു തുടരും …. വീട്ടുകാരും കാത്തിരിക്കും …. ഒന്നും രണ്ടുമായിരിക്കില്ല.
ചിലപ്പോൾ അടുത്ത കരയിലുള്ള ടീമുകളും കാണും….

അന്നത്തെ കരടികളിയുടെ പാട്ട് ഓർമ്മയിൽ നിന്നും ഇവിടെ കുറിക്കുന്നു. പ്രാദേശിക ഭാഷയായതു കൊണ്ടും ഭാഷയ്ക്കുമാറ്റം വരുത്തുന്നത് ശരിയല്ലാത്തതു കൊണ്ടും അതേപടിയാണ് ഇവിടെ എഴുതുന്നത്. ഇതിന് ഒരു പ്രത്യേക ട്യൂണും വാഴ്ത്താരിയുമുണ്ട് :

“താനിന്നേ താനിന്നേ തന്നാ … നാനിനെ
താനിന്നേ താനിന്നേ തന്നാ നാ …
താനിന്നേ താനിന്നേ തന്നാ നാനിനെ
താനിന്നേ താനിന്നേ തന്നാ നാ …

പട്ടികടിക്കല്ലേ വീട്ടുകാരേ ഞങ്ങൾ
പട്ടാണിമാരുടെ മക്കളാണേ ….
ഓണം കളിക്കുവാൻ വന്നതാണേ
തിരുവോണം കളിക്കുവാൻ വന്നതാണേ

താനിന്നേ താനിന്നേ തന്നാ നാനിനെ

ഇരുപത്തിയാറിലെ പൊന്നോണം വന്നപ്പോൾ
ബാലന്മാർകൂടിക്കരടി കെട്ടി …..
താനിന്നേ താനിന്നേ തന്നാ നാനിനെ

കളളനാണേ ഇവൻ ദുഷ്ടനാണേ ഇവൻ ഇന്നലെ കൈവിട്ടു പോയതാണേ
മുക്കടമുക്കിന്റെ മദ്ധ്യത്തിൽക്കൊണ്ടിട്ട്
ബദ്ധപ്പെട്ടോടിപ്പിടിച്ചതാണേ….

താനിന്നേ താനിന്നേ …..

കരടിക്കു പാരം വിശപ്പു കേറി, മൃഗം ഞങ്ങളെത്തിന്നാനടുത്തിടുന്നു
വീട്ടിലെ അമ്മാവൻ നേരിട്ട് കണ്ടിട്ട്
കരടിക്കു വല്ലതും തന്നിടണേ ….

താനിന്നേ താനിന്നേ …..

ചാടിക്കളിക്കടാ വൻ കരടീ
ഓടിക്കളിക്കെടാ വൻകരടീ
ചാടിക്കളിക്കെടാ ഓടിക്കളിക്കെടാ
നാണക്കേടെന്തിനു നമ്മൾക്കിപ്പോൾ …

താനിന്നേ ….

വീട്ടിലെ അമ്മാവൻ പെട്ടി തുറക്കുന്നു
കിട്ടുമെടാ ഇപ്പം വെള്ളി രൂപ
ഉണ്ടകിട്ടും പിന്നുപ്പേരി കിട്ടും പിന്നെ
നാലണത്തുട്ടുകൾ ഏറെക്കിട്ടും …

താനിന്നേ ….

വേലിക്കെ നിന്നു *പൊലിച്ചൊരുത്തി
വേലിക്കപ്പുറം നിന്നു പൊലിച്ചൊരുത്തി
ഞാത്തിട്ട പെണ്ണു പൊലിച്ചതു കണ്ടിട്ട്
ഇവിടുത്തെ പെണ്ണും പൊലിച്ചാട്ടേ …

താനിന്നേ ….

വീട്ടിലെ അമ്മാവൻ കീശയിൽത്തപ്പുന്നു
ചില്ലറയില്ലാഞ്ഞു വിഷമിക്കുന്നു
ചില്ലറയില്ലെങ്കിൽ നോട്ടായാലും മതി
ഈ ക്കരടിക്കതും ഇഷ്ടമാണേ ….

താനിന്നേ താനിന്നേ തന്നാ നാനിനെ
താനിന്നെ താനിന്നെ തന്നാനാ…..

മാലുമേൽ വാഴുന്നൊരംബികേ ഞങ്ങടെ
മാലകറ്റീടണേ തമ്പുരാട്ടി …..

താനിന്നേ …..
മംഗളം മംഗളം വീട്ടുകാരേ
പിന്നെ മംഗളം മംഗളം നാട്ടുകാരേ
മംഗളം മംഗളം വീട്ടുകാരേ ഞങ്ങൾ
മംഗളം ചൊല്ലി നിർത്തിടട്ടേ….
ഈ വരികൾ തീരുമ്പോൾ
വേടൻ തോക്കുചൂണ്ടി വെടി വെക്കുന്നതായി കാണിക്കുന്നു…
അന്നേരം വരെ ചാടിക്കളിച്ചു കൊണ്ടിരുന്ന കരടി താഴെ വീഴുന്നു ….

* പൊലിച്ചൊരുത്തി = പൈസ കൊടുക്കുന്നതിന് പൊലിവ് എന്നും പറയുന്നു:
(ഇത് കൂടതലും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ ഓണത്തിന്റെ 5 ദിവസം നടത്തിയിരുന്ന വിനോദ പരിപാടി)

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!