കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 580 കടന്നു. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം 2,400-ലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇതിൽ ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് വിദേശ വിനോദസഞ്ചാരികളും തീർത്ഥാടകരും ഉൾപ്പെടുന്നു. നേപ്പാളിൽ മാത്രം 579 പേരുടെ മരണം സ്ഥിരീകരിച്ചു. ചൈനയുടെ ടിബറ്റ് മേഖലയിൽ 7 പേരും മരണപ്പെട്ടു. നദിയിലൂടെ ഒഴുകിപ്പോയ ചില മൃതദേഹങ്ങൾ ഇന്ത്യയിൽ നിന്നാണ് കണ്ടെടുത്തത്.
നേപ്പാളിൽ 1,924 പേരെയും ടിബറ്റിൽ 554 പേരെയും കാണാതായിട്ടുണ്ട്. നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 900-ലധികം തൊഴിലാളികളെ പുതുതായി കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഈ സംഖ്യ ഉയർന്നത്. പ്രളയത്തിൽപ്പെട്ട് 320-ലധികം ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. ടിബറ്റിലെ കൈലാസ തീർത്ഥാടനത്തിന് പോയ ഇഷാ ഫൗണ്ടേഷന്റെ 77 തീർത്ഥാടകരുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ, ടിബറ്റിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നിട്ടുണ്ട്.
മിന്നൽപ്രളയത്തിൽ കാണാതായ പ്രവാസികളിൽ നാല് ഓസ്ട്രേലിയൻ മലയാളികളും
നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ കാണാതായ പ്രവാസികളിൽ നാല് ഓസ്ട്രേലിയൻ മലയാളികളും ഉൾപ്പെട്ടതായി പുതിയ വിവരങ്ങൾ പുറത്തുവന്നു. നേപ്പാളിൽ കുടുങ്ങിയ എട്ട് മലയാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ ഓസ്ട്രേലിയൻ പൗരത്വമുള്ള നാലംഗ മലയാളി കുടുംബത്തെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. കാണാതായ ഓസ്ട്രേലിയൻ മലയാളികൾക്കായി വിദേശകാര്യ മന്ത്രാലയം വഴിയും ഓസ്ട്രേലിയൻ എംബസി വഴിയും തിരച്ചിൽ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൈലാസ മാനസരോവർ യാത്രയ്ക്കായി പോയ നൂറോളം പ്രവാസി ഇന്ത്യക്കാരെക്കുറിച്ചും നിലവിൽ വിദേശകാര്യ മന്ത്രാലയത്തിന് വിവരമൊന്നുമില്ല. അതേസമയം നേപ്പാളിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ വിവരങ്ങളായിരുന്നു നോർക്ക ഹെൽപ്പ് ലൈനിൽ ലഭിച്ചിരുന്നത്. ഇതിൽ 60 മലയാളികൾ നിലവിൽ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. പട്ടികയിൽ ഉണ്ടായിരുന്ന മറ്റ് സംസ്ഥാനക്കാരായ 14 പേരുടെ വിവരങ്ങൾ അതത് സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. ബാക്കി കാണാതായ എട്ട് മലയാളികളിൽ നാല് പേരാണ് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾ. ചൈനീസ് അതിർത്തി ഭാഗത്തുള്ള 400 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനവും പുതിയ ഭീഷണികളും
നേപ്പാളിൽ തുടർച്ചയായ മൂന്നാം ദിവസവും രക്ഷാപ്രവർത്തനം അതീവ സങ്കീർണ്ണമായി തുടരുകയാണ്. നേപ്പാൾ സൈന്യം, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവരടങ്ങുന്ന 14,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് നിലവിൽ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതുവരെ 3,742-ലധികം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഏകദേശം 40 കിലോമീറ്ററോളം റോഡുകളും 40-ലധികം തൂക്കുപാലങ്ങളും പ്രളയത്തിൽ പൂർണ്ണമായി തകർന്നു. ഇത് കാരണം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് റോഡ് മാർഗം എത്തുന്നത് അസാധ്യമായിരിക്കുകയാണ്.
റോഡുകളും പാലങ്ങളും പൂർണ്ണമായി തകർന്നതിനാൽ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് വ്യോമമാർഗ്ഗം മാത്രമാണ് ഏക ആശ്രയം. കുടുങ്ങിക്കിടക്കുന്ന വിദേശ വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും സുരക്ഷിത സ്ഥാനങ്ങളിലേക്കും കൺട്രോൾ റൂമുകളിലേക്കും മാറ്റാൻ സൈനിക ഹെലികോപ്റ്ററുകൾ നിരന്തരമായി സർവീസ് നടത്തുന്നുണ്ട്. കനത്ത പ്രളയത്തെത്തുടർന്ന് അപ്പർ ത്രിശൂലി (Trishuli) ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കനത്ത ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടന്ന 350-ലധികം തൊഴിലാളികളെയും പ്രദേശവാസികളെയും നേപ്പാൾ സൈന്യം അതിസാഹസികമായി രക്ഷപ്പെടുത്തി.
പ്രളയത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി നദി തടസ്സപ്പെടുകയും അതിർത്തിയിൽ ഒരു കൃത്രിമ തടാകം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ തടാകം തകരാൻ സാധ്യതയുള്ളതിനാൽ താഴെയുള്ള പ്രദേശങ്ങളിൽ വീണ്ടും മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവരോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയും (NDRF) പ്രത്യേക സാങ്കേതിക വിദഗ്ധരും നേപ്പാളിലേക്ക് പോകാൻ സജ്ജമായി നിൽക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള രണ്ട് പ്രത്യേക വിമാനങ്ങളിൽ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഇതിനകം തന്നെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതൽ വിമാനമാർഗം ടെൻറുകൾ, മരുന്നുകൾ, കമ്പിളികൾ, ഡീവാട്ടറിങ് പമ്പുകൾ, ജനറേറ്ററുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയടങ്ങുന്ന വൻ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.

