നീണ്ട കാലുകളും കഴുത്തുമുള്ള, കൊക്ക് കുടുംബത്തിൽ (Gruidae)പ്പെട്ട മനോഹര പക്ഷിയാണ് ക്രൗഞ്ചം. ഈർപ്പമുള്ള പ്രദേശങ്ങളിലും വയലുകളിലും സാധാരണയായി ഇണകളായാണ് ഇവയെ കാണുന്നത്. മീനുകൾ, ചെറിയ ഉഭയജീവികൾ, ഷഡ്പദങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയാണ് പ്രധാന ആഹാരം.
ക്രൗഞ്ചപ്പക്ഷിക്ക് നമ്മുടെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിൽ സവിശേഷ സ്ഥാനമുണ്ട്. വാത്മീകി മഹർഷിക്ക് രാമായണരചനയ്ക്കുള്ള കാവ്യപ്രചോദനമായത് ക്രൗഞ്ചമിഥുനങ്ങളാണെന്നാണ് ഐതിഹ്യം.
ഒരിക്കൽ പ്രണയലീലയിൽ മുഴുകിയിരുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഒരു കാട്ടാളൻ അമ്പെയ്തു വീഴ്ത്തി. ഇണയുടെ വേർപാടിൽ വേദനിച്ച മറ്റേ പക്ഷിയുടെ ദീനവിലാപം വാത്മീകിയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. ആ ദുഃഖവും രോഷവും ചേർന്നപ്പോൾ അദ്ദേഹത്തിന്റെ അധരങ്ങളിൽ നിന്ന് പൊഴിഞ്ഞുവീണു, “മാ നിഷാദ പ്രതിഷ്ഠാം ത്വംഅഗമഃ ശാശ്വതീഃ സമാഃയത് ക്രൗഞ്ചമിഥുനാദേകമ്അവധീഃ കാമമോഹിതം..”
വാത്മീകിയുടെ ഉള്ളിലുണർന്ന കരുണയും ധാർമ്മിക രോഷവുമാണ് പിന്നീട് രാമായണം എന്ന മഹാകാവ്യമായി രൂപം കൊണ്ടതെന്നാണ് വിശ്വാസം. രാമായണത്തിൽ പരാമർശിക്കുന്ന ക്രൗഞ്ചം ഇന്ത്യൻ സാരസ് ക്രെയിൻ ആണെന്ന് കരുതപ്പെടുന്നു. ഇണയോടുള്ള അതിന്റെ ആത്മബന്ധവും ദാമ്പത്യവിശ്വസ്തതയും ഈ പക്ഷിയെ സ്നേഹത്തിന്റെയും വിരഹത്തിന്റെയും പ്രതീകമാക്കി. ഒരർത്ഥത്തിൽ, വിരഹതാപത്തിൽ വിറങ്ങലിച്ചുപോയ ആ ക്രൗഞ്ചമിഥുനങ്ങൾക്കുള്ള കവിയുടെ ചിരന്തന സ്മാരകമാണ് രാമായണം.
ഒരു പക്ഷിയുടെ വിലാപം ഒരു ഋഷിയുടെ ഹൃദയത്തെ ഉലയിച്ചു…
ആ ഹൃദയവേദന വാക്കുകളായി പിറന്നു…
വാക്കുകൾ ശ്ലോകമായി…
ശ്ലോകങ്ങൾ മഹാകാവ്യമായി…
അങ്ങനെ, ഒരു ക്രൗഞ്ചത്തിന്റെ വിരഹവേദനയിൽ നിന്ന് പിറന്നതാണ് ലോകസാഹിത്യത്തിലെ അമരകാവ്യങ്ങളിലൊന്നായ രാമായണം.
രമണി അമ്മാൾ

