ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാൻ കൊണ്ടുവന്ന ഒരു പ്രത്യേക സമ്മാനത്തെക്കുറിച്ചുള്ള രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവർ. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഇന്ത്യാ ഗേറ്റിന്റെ പൂർണ്ണമായും ചോക്കലേറ്റിൽ നിർമ്മിച്ച ഒരു മനോഹരമായ മാതൃക (sculpture) മോദിക്ക് സമ്മാനിക്കാനായിരുന്നു അദ്ദേഹം പദ്ധതിയിട്ടിരുന്നത്. ലോകപ്രശസ്തമായ ഒന്നാന്തരം ബെൽജിയൻ ചോക്കലേറ്റുകൾ കൊണ്ടാണ് ഇത് തയ്യാറാക്കിയത്.
എന്നാൽ ദീർഘദൂര യാത്രയെ അതിജീവിക്കാൻ ഈ ചോക്കലേറ്റ് ശിൽപത്തിന് കഴിഞ്ഞില്ലെന്നും ഇന്ത്യയിലേക്കുള്ള വഴിമധ്യേ അത് കേടുപാടുകൾ സംഭവിച്ച് നശിച്ചുപോയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏകദേശം ഒരു നൂറ്റാണ്ടോളമായി തകരാതെ നിലകൊള്ളുന്ന യഥാർഥ ഇന്ത്യാ ഗേറ്റിൽ നിന്ന് വ്യത്യസ്തമായി, ചോക്കലേറ്റ് നിർമിത മാതൃകയ്ക്ക് യാത്ര അതിജീവിക്കാനായില്ലെന്ന് ബാർട്ട് ഓർമിപ്പിച്ചു. നയതന്ത്ര ആവശ്യങ്ങൾക്ക് ചോക്കലേറ്റ് വളരെ അത്യുത്തമമാണെങ്കിലും നയതന്ത്ര യാത്രകൾക്ക് അത് അത്ര നല്ലതല്ലെന്ന് തങ്ങൾ മനസിലാക്കിയതായി അദ്ദേഹം തമാശരൂപേണ പറഞ്ഞു. എങ്കിലും നിരാശപ്പെടേണ്ടതില്ലെന്നും ഇതിന്റെ മറ്റൊരു മാതൃക ബെൽജിയത്തിൽ കേടുപാടുകളൊന്നുമില്ലാതെ ഭദ്രമായിരിപ്പുണ്ടെന്നും ബാർട്ട് കൂട്ടിച്ചേർത്തു. ഏതെങ്കിലും ഒരു വഴിയിലൂടെ ആ ചോക്കലേറ്റ് നിർമിത ഇന്ത്യാ ഗേറ്റ് പ്രധാനമന്ത്രി മോഡിക്ക് എത്തിച്ചുനൽകുമെന്ന ഉറപ്പോടെയാണ് താൻ മടങ്ങുന്നതെന്നും ബെൽജിയം പ്രധാനമന്ത്രി വ്യക്തമാക്കി.
കേവലം ഒരു ചോക്കലേറ്റ് സമ്മാനം എന്നതിലുപരി വലിയൊരു ചരിത്രപരമായ പ്രാധാന്യവും ഈ മാതൃകയ്ക്ക് ഉണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബെൽജിയത്തിലെ ‘ഫ്ലാൻഡേഴ്‌സ് ഫീൽഡ്‌സിൽ’ (Flanders Fields) ധീരമായി പോരാടി വീണ ഒൻപതിനായിരത്തിലധികം ഇന്ത്യൻ സൈനികരുടെ സ്മരണകൾ ഇന്ത്യാ ഗേറ്റിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഈ ചരിത്ര സ്മാരകത്തിന്റെ ഭാഗം ചോക്കലേറ്റ് മാതൃകയിലും വലിയ അക്ഷരങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ചോക്കലേറ്റ് ഉരുകിപ്പോയെങ്കിലും അതിന് പിന്നിലെ ആദരവിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഇന്ത്യയിൽ എത്തിക്കാനായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് ബെൽജിയം പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡൽഹിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ്, സമ്മാനിക്കാൻ സാധിക്കാതെ പോയ ഈ പ്രത്യേക ഗിഫ്റ്റിനെക്കുറിച്ചുള്ള രസകരമായ അനുഭവം ബാർട്ട് ഡി വെവർ പങ്കുവെച്ചത്. വ്യാപാരം പ്രതിരോധ സഹകരണം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുകയും ശക്തമാക്കുകയുമാണ് ബാർട്ടിന്റെ ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ബെൽജിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

