Friday, September 4, 2026
Home » സൗത്താംപ്ടണിൽ മലയാളി യുവാവിന് കുത്തേറ്റു; സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൗത്താംപ്ടണിൽ മലയാളി യുവാവിന് കുത്തേറ്റു; സംഭവവുമായി ബന്ധപ്പെട്ട് മലയാളി ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

by Editor

സൗത്താംപ്ടൺ: യു.കെയിലെ സൗത്താംപ്ടണിൽ മലയാളി യുവാവിന് കുത്തേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുപ്പത്താറുകാരനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സൗത്താംപ്‌ടണിൽ താമസക്കാരായ മലയാളി ദമ്പതികളെ ഹാംപ്ഷയർ പൊലീസ് കസ്റ്റഡിയിലെടുത്തു.

പോർട്സ്യുഡിലെ ബ്രൂക്കെയിൽ റോഡിലുള്ള ഫ്ളാറ്റിൽ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 1) രാത്രി 10 മണിക്ക് ശേഷമാണ് ഒരാള്‍ക്ക് കുത്തേറ്റുവെന്ന വിവരമറിഞ്ഞ് ഹാംപ്ഷയര്‍ പൊലീസെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പാരാമെഡിക്സ് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മുപ്പത്തിയെട്ടുകാരനായ യുവാവിനെയും ഇരുപത്തൊൻപതുകാരിയായ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കൊലപാതക ശ്രമത്തിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്‌തു നൽകിയെന്ന സംശയത്തിലാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ വാക്കേറ്റവും തുടർന്നുണ്ടായ തർക്കവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാൽ അറസ്റ്റിലായവരുടെയോ പരിക്കേറ്റയാളുടെയോ പേര് വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കൃത്യത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഫൊറൻസിക് ഉദ്യോഗസ്ഥരെത്തി തെളിവുകൾ ശേഖരിക്കുകയും ഫ്ളാറ്റിൽ പരിശോധന നടത്തുകയും ചെയ്തു. അക്രമത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ എത്രയും വേഗം ഹാംപ്ഷയർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Send your news and Advertisements

You may also like

error: Content is protected !!