ബലൂചിസ്ഥാൻ: ബലൂചിസ്ഥാനിൽ വ്യത്യസ്‌ത ഇടങ്ങളിലായി പാക്കിസ്ഥാൻ സൈന്യത്തിന് നേരെ നടന്ന രണ്ട് ആക്രമണങ്ങളിൽ 25 സൈനികരെ വധിച്ചതായി സായുധ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടു. ആക്രമണങ്ങളിൽ സൈന്യത്തിൻ്റെ മൂന്ന് വാഹനങ്ങൾ പൂർണമായി തകർത്തതായും ഇവർ പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
നാല് വാഹനങ്ങൾ അടങ്ങിയ പാക് സൈനിക വ്യൂഹത്തിന് നേരെയാണ് ബി.എൽ.എയുടെ ‘ഫത്തേ സ്ക്വാഡ്’ ആദ്യ ആക്രമണം നടത്തിയത്. മിലിട്ടറി ട്രക്ക് ഉൾപ്പെടെ രണ്ട് വാഹനങ്ങൾ തകർക്കുകയും 18 സൈനികരെ വധിക്കുകയും ചെയ്തതായി സംഘടന അവകാശപ്പെടുന്നു. സംഭവസ്ഥലത്തുനിന്ന് സൈനികരുടെ ആയുധങ്ങളും ഇവർ പിടിച്ചെടുത്തു. വാഹനവ്യൂഹത്തിൽ നിന്ന് പരിക്കേറ്റ അഞ്ച് സൈനികർ ഓടിരക്ഷപ്പെട്ടെന്നും കൊല്ലപ്പെട്ട സൈനികരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ തങ്ങൾ പിടിച്ചെടുത്തതായും സംഘടന അവകാശപ്പെടുന്നു. കത്തുന്ന സൈനിക വാഹനങ്ങളും മൃതദേഹങ്ങളും പിടിച്ചെടുത്ത ആയുധങ്ങളും ഉൾപ്പെടുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇവരുടെ ഔദ്യോഗിക മാധ്യമ ചാനലായ ഹക്കൽ വഴി ഇവർ പുറത്തുവിട്ടിട്ടുണ്ട്.
ബി.എൽ.എയുടെ പ്രത്യേക ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ് (STOS) സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം റിമോട്ട് കൺട്രോൾ വഴി പൊട്ടിത്തെറിപ്പിച്ചാണ് രണ്ടാമത്തെ ആക്രമണം നടത്തിയത്. ഈ സ്ഫോടനത്തിൽ ഒരു സൈനിക വാഹനം പൂർണ്ണമായി തകരുകയും 7 പാക് സൈനികർ കൊല്ലപ്പെടുകയും ചെയ്തു. ഇതിനുപുറമെ, മസ്തൂങ് മേഖലയിലും പാക് സൈന്യത്തിന് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പ്രതിവാര പ്രസ്‌താവനയിലൂടെ പുറത്തുവിടുമെന്ന് ബിഎൽഎ വ്യക്തമാക്കിയെങ്കിലും ആക്രമണങ്ങളെക്കുറിച്ചും ബിഎൽഎയുടെ അവകാശവാദങ്ങളെക്കുറിച്ചും പാക്കിസ്ഥാൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതേത്തുടർന്ന് പാക്കിസ്ഥാൻ സൈന്യം (ISPR) ബലൂചിസ്ഥാനിലെ മസ്തൂങ്, ക്വറ്റ, കലാത്, സിബി തുടങ്ങിയ മേഖലകളിൽ ശക്തമായ തിരച്ചിൽ നടത്തുകയും, കഴിഞ്ഞ ദിവസങ്ങളിലായി 48 തീവ്രവാദികളെ വധിച്ചതായും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ സൈന്യം തങ്ങളുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ ഔദ്യോഗിക കണക്കുകൾ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല
ബലൂചിസ്ഥാനിലും പാക്കിസ്ഥാനിലും നിലവിൽ അതീവ സങ്കീർണ്ണവും സംഘർഷഭരിതവുമായ ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്. രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക പ്രതിസന്ധി, വിഘടനവാദ ഗ്രൂപ്പുകളുടെ ശക്തമായ സായുധ ആക്രമണങ്ങൾ എന്നിവയാൽ രാജ്യം കടുത്ത വെല്ലുവിളികൾ നേരിടുന്നു. നിരോധിത സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പാക് സൈന്യത്തിന് നേരെ വലിയ രീതിയിലുള്ള മിന്നലാക്രമണങ്ങളും ആത്മഹത്യാ സ്ഫോടനങ്ങളും തുടരുകയാണ്.
വിഘടനവാദികളെ അടിച്ചമർത്താൻ പാക്കിസ്ഥാൻ സൈന്യം ‘ഓപ്പറേഷൻ ഷബാൻ’, ‘ഓപ്പറേഷൻ റദ്ദുൽ ഫിത്ന’ തുടങ്ങിയ വലിയ തോതിലുള്ള സൈനിക നീക്കങ്ങൾ ബലൂചിസ്ഥാനിൽ നടത്തുന്നുണ്ട്. ഈ തിരച്ചിലുകളിൽ നൂറുകണക്കിന് അക്രമികളെ വധിച്ചതായി സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, സൈനികർക്കും വൻതോതിൽ ജീവഹാനി സംഭവിക്കുന്നുണ്ട്.
സായുധ പോരാട്ടങ്ങൾക്കപ്പുറം, ബലൂചിസ്ഥാനിലെ സാധാരണ ജനങ്ങളും വലിയ രീതിയിൽ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുന്നുണ്ട്. പാക് സൈന്യം നടത്തുന്ന നിർബന്ധിത കാണാതാക്കലുകൾ, വ്യാജ ഏറ്റുമുട്ടലുകൾ എന്നിവയ്ക്കെതിരെ ബലൂച് യക്ജെഹ്തി കമ്മിറ്റി (BYC) പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ വൻ ജനകീയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. തങ്ങളുടെ പ്രവിശ്യയിലെ പ്രകൃതിവാതകം, സ്വർണം, ചെമ്പ് തുടങ്ങിയ വിലപിടിപ്പുള്ള വിഭവങ്ങൾ പാക് ഭരണകൂടവും ചൈനയും ചേർന്ന് ചൂഷണം ചെയ്യുകയാണെന്നും അതിന്റെ ഗുണം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നുമാണ് ബലൂച് ജനതയുടെ പ്രധാന പരാതി.
പാക്-ചൈന സാമ്പത്തിക ഇടനാഴിയുടെ (CPEC) ഭാഗമായി ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖം ഉൾപ്പെടെയുള്ള ചൈനീസ് പ്രൊജക്റ്റുകൾക്കും അവിടെ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാർക്കും നേരെ BLA നിരന്തരമായി ആക്രമണം നടത്തുന്നുണ്ട്. ബലൂചിസ്ഥാന് പുറമെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലും തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ (TTP) പോലുള്ള ഭീകര സംഘടനകൾ പാക് സൈന്യത്തിന് നേരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. സൈനിക നടപടികൾ കൊണ്ട് മാത്രം ബലൂചിസ്ഥാനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാക്കിസ്ഥാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല. സുരക്ഷാ സംവിധാനങ്ങളുടെ പരാജയവും ജനങ്ങളുടെ കടുത്ത അസംതൃപ്തിയും പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷയെ വലിയൊരു പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
റാവൽപിണ്ടിയിൽ സൈനിക വിന്യാസം; പാക്കിസ്ഥാൻ പട്ടാള ഭരണത്തിലേക്കോ?

