Saturday, September 5, 2026
Home » നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; ദുരന്തത്തിൽ നേപ്പാളിൽ മാത്രം കാണാതായവരുടെ എണ്ണം 5,083 ആയി ഉയർന്നു.
നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; ദുരന്തത്തിൽ നേപ്പാളിൽ മാത്രം കാണാതായവരുടെ എണ്ണം 5,083 ആയി ഉയർന്നു.

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; ദുരന്തത്തിൽ നേപ്പാളിൽ മാത്രം കാണാതായവരുടെ എണ്ണം 5,083 ആയി ഉയർന്നു.

by Editor

ന്യൂഡൽഹി: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഭീകരമായ മിന്നൽപ്രളയത്തിൽ കാണാതായ 275 ഇന്ത്യൻ പൗരന്മാർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ സർക്കാരുമായും ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. നേപ്പാളിൽ നിന്ന് ഇതുവരെ 166 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും രക്ഷപ്പെടുത്തിയവരുടെ പേരുകൾ മന്ത്രാലയം പതിവായി പുറത്തുവിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ നിന്ന് 1,907 ഇന്ത്യക്കാർ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നതായും ചൈനീസ് ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം ടിബറ്റൻ സ്വയംഭരണ മേഖലയിൽ ഇന്ത്യൻ യാത്രക്കാരാരും കുടുങ്ങിക്കിടക്കുന്നില്ലെന്നും ജയ്‌സ്വാൾ വ്യക്തമാക്കി.

നേപ്പാൾ സർക്കാരിൻ്റെ ആവശ്യാനുസരണം കൂടുതൽ സഹായം നൽകുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫോറൻസിക് കിറ്റുകൾ, ബെയ്‌ലി പാലങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള സാമഗ്രികൾ വരും ദിവസങ്ങളിൽ നേപ്പാളിലേക്ക് അയയ്ക്കും. കഴിഞ്ഞ ദിവസം 21 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് ഇന്ത്യൻ വിമാനങ്ങൾ കാഠ്‌മണ്ഡുവിലെത്തിയിരുന്നു. ഇതുവരെ ഏഴ് വിമാനങ്ങളിലായി ഏകദേശം 95 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലേക്ക് എത്തിച്ചതായും മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 54 ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 30 തുരങ്ക രക്ഷാപ്രവര്‍ത്തന വിദഗ്ധരും 19 ഫോറന്‍സിക് വിദഗ്ധരും അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സംഘങ്ങള്‍ നേപ്പാള്‍ അധികൃതരുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയാണ് എന്നും മന്ത്രാലയം അറിയിച്ചു.

ആഗസ്റ്റ് 26-ന് ലാംഗ്‌ടാങ് ലിറുങ് പർവതമേഖലയിലെ ഹിമാനിയുടെ (Glacier) ഭാഗികമായ തകർച്ചയെത്തുടർന്നാണ് ത്രിശൂലി നദിയിൽ അതിശക്തമായ മലവെള്ളപ്പാച്ചിലും പ്രളയവുമുണ്ടായത്. ദുരന്തത്തിൽ ഇതുവരെ 1,295-ലധികം പേർ മരണപ്പെടുകയും അയ്യായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായ ഇന്ത്യക്കാരിൽ ആറ് മലയാളികളും ഉൾപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. നേപ്പാൾ സൈന്യവും അന്താരാഷ്ട്ര രക്ഷാപ്രവർത്തകരും ചേർന്ന് ഇതുവരെ 12,000-ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രളയമുണ്ടായി ഒൻപത് ദിവസങ്ങൾക്ക് ശേഷം, ചെളി നിറഞ്ഞ ഒരു ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളെ ജീവനോടെ രക്ഷപെടുത്തി. ഇത് മറ്റ് തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകൾക്കായുള്ള തിരച്ചിലിന് വലിയ പ്രതീക്ഷ നൽകുന്നു

ദുരന്തത്തിൽ നേപ്പാളിൽ മാത്രം കാണാതായവരുടെ എണ്ണം 5,083 ആയി ഉയർന്നു. ചൈനയുടെ അധീനതയിലുള്ള ടിബറ്റ് മേഖലയിൽ ഉണ്ടായ മരണങ്ങളും കാണാതായവറെപ്പറ്റിയും വ്യക്തമായ റിപ്പോർട്ടുകൾ ചൈന പുറത്തുവിടുന്നില്ല. റോഡുകളും പാലങ്ങളും പൂർണ്ണമായി തകർന്നതിനാൽ പല ദുരന്തബാധിത പ്രദേശങ്ങളിലേക്കും ഇപ്പോഴും വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ആകാശമാർഗ്ഗവും ഡ്രോണുകൾ വഴിയുമാണ് നിലവിൽ ഭക്ഷണവും മരുന്നുകളും എത്തിക്കുന്നത്. കുട്ടികൾ ഉൾപ്പെടെ 65,000-ത്തോളം ആളുകളെ ഈ പ്രളയം നേരിട്ട് ബാധിച്ചതായി യുണിസെഫ് (UNICEF) അറിയിച്ചു.

മിന്നൽ പ്രളയം: ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ; മരണം 1200 കടന്നു.

Send your news and Advertisements

You may also like

error: Content is protected !!