Saturday, September 5, 2026
Home » ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച അമേരിക്കന്‍ പൗരനും ആറ് യുക്രെയ്നിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ.

ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച അമേരിക്കന്‍ പൗരനും ആറ് യുക്രെയ്നിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ.

by Editor

ന്യൂഡല്‍ഹി: മിസോറാം അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചതിന് അറസ്റ്റിലായ അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് യുക്രെയ്നിയന്‍ പൗരന്മാര്‍ക്കും അയൽ രാജ്യമായ മ്യാൻമറിൽ യാത്രാവിമാനത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിലും ഇന്ത്യ കേന്ദ്രീകരിച്ച് പദ്ധതിയിട്ട ഭീകരപ്രവർത്തനങ്ങളിലും ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA).

കഴിഞ്ഞ മാർച്ചിൽ ഇന്ത്യ-മിസോറം അതിർത്തി വഴി അനധികൃതമായി കടക്കാൻ ശ്രമിക്കവേ പിടിയിലായ സംഘത്തിനെതിരെ ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് എൻഐഎ ഈ നിർണായക വിവരം സമർപ്പിച്ചത്. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന കേസിലെ പ്രധാന പ്രതികളായ അമേരിക്കൻ പൗരൻ മാത്യു വാൻ ഡൈക്, യുക്രെയ്ൻ സ്വദേശി കമിൻസ്‌കി വിക്ടർ എന്നിവരെ ജയിലിൽ വെച്ച് ചോദ്യം ചെയ്യാൻ പ്രത്യേക കോടതി എൻഐഎയ്ക്ക് അനുമതി നൽകി. കേസിൻ്റെ അന്വേഷണത്തിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്നും ചോദ്യം ചെയ്യൽ അന്വേഷണത്തിൻ്റെ സ്വാഭാവിക ഘട്ടമാണെന്നും കോടതി വ്യക്തമാക്കി.

ഇവർ വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തി, പ്രത്യേക അനുമതികൾ കൂടാതെ മിസോറാം അതിർത്തി വഴി മ്യാൻമറിലേക്ക് കടക്കുകയായിരുന്നു. അവിടെവച്ച് മ്യാൻമറിലെ വിമത സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിലും അസംബ്ലിംഗിലും ഇവർ പരിശീലനം നൽകിയതായി എൻഐഎ കണ്ടെത്തുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 20-ന് മ്യാൻമർ നാഷണൽ എയർലൈൻസിന്റെ സിവിലിയൻ വിമാനത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഈ സംഘത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ‘മാത്യു വാൻ ഡൈക് മോഡ്യൂൾ’ വഴിയാണ് ആക്രമണത്തിനുള്ള ഡ്രോണുകൾ അവിടെയുള്ള വിമതർക്ക് ലഭിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയിൽ നിന്ന് വീണ്ടെടുത്ത ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവ കേസിൽ നിർണായക തെളിവുകളായി മാറി. ഈ ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിലൂടെയാണ് ഇന്ത്യയിലും ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നെന്ന വിവരങ്ങൾ പുറത്തുവന്നത്. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി മ്യാൻമറിലേക്ക് വൻതോതിൽ ഡ്രോണുകൾ കടത്തിയ ഇവർ, ഇന്ത്യയിലും സമാനമായ രീതിയിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ പാട്യാല ഹൗസ് കോടതിയെ അറിയിച്ചു. ഇന്ത്യയിൽ നിരോധിച്ച ചില തീവ്രവാദ സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. പ്രതികളെ നേരിട്ട് ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടൽ.

Send your news and Advertisements

You may also like

error: Content is protected !!