കാഠ്മണ്ഡു: ആഗസ്റ്റ് 26-നുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തെ (Flash Flood) തുടർന്ന് ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്ന് കാലാവസ്ഥാ സംബന്ധമായ നഷ്ടപരിഹാരം ആവശ്യപ്പെടാൻ നേപ്പാൾ. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ മുൻപന്തിയിലുള്ള രാജ്യങ്ങളായതിനാലാണ് നേപ്പാൾ ഇത്തരമൊരു ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന ചൈന, രണ്ടാം സ്ഥാനത്തുള്ള അമേരിക്ക, മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ എന്നിവർക്ക് നേപ്പാൾ പോലുള്ള ദുർബല രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ചരിത്രപരമായ ബാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പറഞ്ഞു.
നേപ്പാളിന്റെ സ്വന്തം കാർബൺ ഉദ്‌വമനം വളരെ കുറവാണെങ്കിലും, വൻ രാജ്യങ്ങളുടെ വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ തങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നാണ് നേപ്പാളിന്റെ വാദം. ഹിമാലയൻ ഹിമാനികൾ ഇല്ലാതായാൽ ദക്ഷിണേഷ്യയിലെ ഗംഗ, തൃശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലധികം ജനങ്ങളുടെ ജലസുരക്ഷ അപകടത്തിലാകും. ഇത് ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രളയ ദുരന്തത്തിന് ശേഷമുള്ള സഹായങ്ങളെ കാരുണ്യ പ്രവർത്തനമായി കാണേണ്ടതില്ലെന്നും അത് വികസിത രാജ്യങ്ങളുടെ ‘ധാർമ്മികവും നിയമപരവുമായ ബാധ്യത’ ആണെന്നും ശിശിർ ഖനാൽ പ്രതികരിച്ചു. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ നേപ്പാളിൻ്റെ പങ്ക് പൂജ്യത്തോടടുത്താണെങ്കിലും ആഗോള താപനത്തിന്റെ കനത്ത ദുരന്ത ഫലങ്ങൾ അനുഭവിക്കുന്നത് തങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഞങ്ങൾ ഉണ്ടാക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ ഏറ്റവും വലിയ വിലയാണ് ഞങ്ങൾ നൽകുന്നത്. ഹിമാനികൾ അതിവേഗം ഉരുകുന്നതും ഹിമാലയൻ മലനിരകളിലുണ്ടാകുന്ന പ്രളയങ്ങളും ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലങ്ങളാണ്. ‘സാമ്പത്തിക സഹായം’ നയതന്ത്ര ചട്ടക്കൂടിൽ നിന്ന് ‘നീതിയും നഷ്ടപരിഹാരവും’ എന്ന ശൈലിയാണ് നേപ്പാൾ മുന്നോട്ടു വെക്കുന്നത്’- ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശിശിർ ഖനാൽ പറഞ്ഞു.
അതിനിടെ നേപ്പാൾ ധനകാര്യ മന്ത്രാലയം ഔദ്യോഗിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് രാഷ്ട്രങ്ങൾക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തെ നേരിടാനുള്ള അടിയന്തര ധനസഹായത്തിനായി നേപ്പാൾ രാജ്യാന്തര കാലാവസ്ഥാ ഫണ്ടിനും അപേക്ഷ നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനായാണ് ഈ ഫണ്ട് രൂപീകരിച്ചത്. ദുരന്തത്തിന്റെ ആഘാതം നേപ്പാളിൻ്റെ സ്വന്തം അതിജീവന ശേഷിക്കും അപ്പുറമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ വലിയ ഹിമപാതത്തെയും ഹിമാനികളുടെ തകർച്ചയെയും തുടർന്നാണ് നേപ്പാളിലെ ഭോട്ടെകോശി നദിയിൽ വൻ പ്രളയമുണ്ടായത്. തണുത്തുറഞ്ഞ വെള്ളവും പാറക്കല്ലുകളും അവശിഷ്ടങ്ങളും നിറഞ്ഞ മലവെള്ളപ്പാച്ചിൽ ജനവാസ മേഖലകളെ വിഴുങ്ങുകയായിരുന്നു. മൂന്ന് ജില്ലകളിലായി നിരവധി ഗ്രാമങ്ങളാണ് ഒഴുകിപ്പോയത്. നേപ്പാളിലുണ്ടായ ഭീകരമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1,222 ആയി ഉയർന്നു. ടിബറ്റ് മേഖലയിലെ മരണങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ മരണം 1,243 കടന്നതായാണ് ഒടുവിലത്തെ ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും 4,875 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതിൽ ഇന്ത്യക്കാർ ഉൾപ്പെടെ 583 പേർ വിദേശികളാണ്. പ്രശസ്ത ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസ് പബ്ലിക് സർവീസസ് സിഇഓ ലക്ഷ്മിനാഥ് ഗോപിസെട്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന 11 പേരും കാണാതായവരിൽ ഉൾപ്പെടുന്നു. നേപ്പാൾ സൈന്യവും പോലീസും ഉൾപ്പെടെ 21,314 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. ഹെലികോപ്റ്ററുകളും കരമാർഗ്ഗവും ഉപയോഗിച്ച് ഇതുവരെ 11,993 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വീടുകൾ നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകൾ താൽക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്. കനത്ത മഴ തുടരുന്നതും മൊബൈൽ നെറ്റ്‌വർക്ക് തകരാറിലായതും പലയിടങ്ങളിലും റോഡുകളും പാലങ്ങളും ഒലിച്ചുപോയതും രക്ഷാപ്രവർത്തനത്തെയും സഹായമെത്തിക്കുന്നതിനെയും സങ്കീർണ്ണമാക്കുന്നുണ്ട്

