Wednesday, September 2, 2026
Home » ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരുന്നു.
ഹോർമുസ്

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരുന്നു.

by Editor

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ആറുമാസത്തിലേറെയായി തുടരുന്ന ഈ യുദ്ധത്തിൽ, താല്ക്കാലിക വെടിനിർത്തലിന് ശേഷം വീണ്ടും ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളാണ് ഇരുപക്ഷത്തുനിന്നും ഉണ്ടാകുന്നത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് കനത്ത വ്യോമാക്രമണം നടത്തിയതോടെയാണ് നിലവിലെ പ്രകോപനം രൂക്ഷമായത്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് പൂർണ്ണമായി തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അതീവ ഗുരുതരമായ രണ്ട് പ്രധാന ടാങ്കർ ആക്രമണങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹോർമുസ് കടലിടുക്കിലൂടെ പുറത്തേക്ക് പോവുകയായിരുന്ന രണ്ട് വൻകിട സൗദി ക്രൂഡോയിൽ ടാങ്കറുകൾക്ക് നേരെ മിനിറ്റുകളുടെ വ്യത്യാസത്തിൽ അജ്ഞാത റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ ഉണ്ടായി. ഒമാൻ തീരത്തിനടുത്ത് വെച്ചാണ് ഇവ ആക്രമിക്കപ്പെട്ടത്. തിരിച്ചടിയായി ഇറാന്റെ 2 എണ്ണക്കപ്പലുകൾ യുഎസ് തകർത്തു. ഇറാന്റെ തീരത്ത് നിർത്തിയിട്ടിരുന്ന ഈ കപ്പലുകളുടെ എഞ്ചിൻ റൂമുകൾ യുഎസ് ഡ്രോണുകൾ തകർത്തു. ഈ യുദ്ധ ചരിത്രത്തിൽ ആദ്യമായാണ് ഇറാന്റെ എണ്ണക്കപ്പലുകളെ യുഎസ് സൈന്യം നേരിട്ട് ലക്ഷ്യമിടുന്നത്.

ഇറാന്റെ തെക്കൻ തീരങ്ങളിൽ ഇന്നും യുഎസ് ബോംബാക്രമണം നടത്തി. ഹെർമൂസ് കടലിടുക്കിൽ ഇറാൻ വീണ്ടും സമുദ്ര മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനും യുഎസ് സൈനികർക്ക് നേരെ വെടിയുതിർത്തതിനും തിരിച്ചടിയായി യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിൽ ശക്തമായ വ്യോമാക്രമണം ആണ് നടത്തിയത്. അസലൂയ (Asaluyeh), ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, സിരിക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ബോംബാക്രമണം ഉണ്ടായത്.

സിരിക് (Sirik) പ്രവിശ്യയിലെ ബന്ദർ കുഹെസ്തകിൽ യുഎസ് തൊടുത്ത ഒരു മിസൈൽ ഒരു വിവാഹ ചടങ്ങ് നടക്കുകയായിരുന്ന ജനവാസ കേന്ദ്രത്തിൽ പതിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു കുട്ടിയുൾപ്പെടെ അഞ്ചോളം സാധാരണക്കാർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിന് ഇറാൻ കടുത്ത പ്രതികാരം പ്രഖ്യാപിച്ചിട്ടുണ്ട്.

കല്യാണപ്പന്തലിലെ ആക്രമണത്തിന് ‘ശിക്ഷ’ എന്നോണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ജോർദാനിലെ പ്രിൻസ് ഹസ്സൻ എയർ ബേസിന് നേരെ കനത്ത ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. യുഎസിന്റെ അത്യാധുനിക ഡ്രോണുകൾ സൂക്ഷിച്ചിരുന്ന ഹാങ്കറുകൾ തകർത്തതായും യുഎസ് സാങ്കേതിക പ്രവർത്തകർ കൊല്ലപ്പെട്ടതായും ഇറാൻ അവകാശപ്പെട്ടു. എന്നാൽ തങ്ങളുടെ താവളങ്ങൾ തകർക്കപ്പെട്ടു എന്ന വാർത്ത യുഎസ് നിഷേധിച്ചു. ജോർദാൻ വ്യോമ പ്രതിരോധ സംവിധാനം 13 മിസൈലുകളിൽ 10 എണ്ണവും ആകാശത്തുവെച്ച് വെടിവെച്ചിട്ടതായി അറിയിച്ചു. ജോർദാന്റെ മഫ്രാക്ക്, അഖാബ മേഖലകളിൽ യുദ്ധ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

ബഹ്റൈനിലെ യുഎസ് സഖ്യസേനയുടെ ഷെയ്ഖ് ഈസ എയർ ബേസ് (Sheikh Isa Air Base) ലക്ഷ്യമാക്കി ഇറാൻ ആത്മഹത്യാ ഡ്രോണുകൾ (Suicide Drones) ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയതായി ഇറാന്റെ ഔദ്യോഗിക സൈന്യം സ്ഥിരീകരിച്ചു. അവിടുത്തെ റഡാർ സംവിധാനങ്ങളെയാണ് ഇറാൻ പ്രധാനമായും ലക്ഷ്യമിട്ടത്. യു.എ.ഇ തങ്ങളുടെ അതിർത്തിയിൽ വെച്ച് ഇറാനിയൻ ഡ്രോൺ വെടിവെച്ചിട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഈ നീക്കങ്ങളെ അറബ് പാർലമെന്റ് ശക്തമായി അപലപിച്ചു.

ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാറക് ദ്വീപിലുള്ള (Larak Island) ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ചെങ്കടലിനോട് ചേർന്നുള്ള ജോർദാനിലെ അഖാബ (Aqaba) നഗരത്തിലെയും പ്രിൻസ് ഹസ്സൻ എയർബേസിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ കനത്ത ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

ഇറാൻ ഇനിയും പ്രകോപനം തുടർന്നാൽ ഇതിലും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ്റെ സമ്പദ്‍വ്യവസ്ഥ തകരുകയാണെന്നും ഹോ‍ർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഇറാന് നേരെ പ്രയോഗിക്കാൻ ഏറ്റവും വലിയ ആക്രമണ പദ്ധതികൾ അണിയറയിൽ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്..

വീണ്ടും സംഘർഷം: ഇറാനിൽ യു എസ് ആക്രമണം; തിരിച്ചടിയായി ജോർദാനിൽ ഇറാന്റെ ആക്രമണം

Send your news and Advertisements

You may also like

error: Content is protected !!